ഓൺലൈൻ പണമിടപാടുകൾക്ക് ഒടിപി ഒഴിവാക്കുന്നതിനു സാവകാശം വേണമെന്ന് അക്കൗണ്ട് ഉടമകളുടെ ആവശ്യം. സ്മാർട് ആപ്ലിക്കേഷൻ കാര്യക്ഷമമല്ലെന്ന് അക്കൗണ്ട് ഉടമകൾ പറയുന്നു. സ്മാർട് ആപ്പുകൾ അറ്റകുറ്റ പണികളുടെ പേരിൽ പലപ്പോഴും പ്രവർത്തനരഹിതമാകുന്നു. ജനങ്ങളുടെ അതിവേഗ ഇടപാടുകൾക്ക് ഇതു തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്. വിദേശ യാത്രകളിൽ പലപ്പോഴും സ്മാർട് ആപ്പുകൾ പണിമുടക്കുന്നത് പതിവാണ്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ പരമ്പരാഗത രീതിയിൽ ഒടിപി ഇടപാടുകളെയാണ് ജനങ്ങൾ ആശ്രയിക്കുന്നത്. സ്മാർട് ഫോൺ ഉപയോഗിക്കാൻ അറിയാത്ത ആളുകളും ബാങ്ക് ഇടപാടുകൾ നടത്തുന്നുണ്ട്. പൂർണമായും സ്മാർട് ആപ്ലിക്കേഷനിലേക്ക് മാറുമ്പോൾ അങ്ങനെയുള്ളവരെയും പരിഗണിക്കണം.
മുതിർന്ന പൗരന്മാർക്കും പലപ്പോഴും മൊബൈൽ ആപ്ലിക്കേഷനുകൾ വഴങ്ങാറില്ല. എപ്പോഴും ഫോണിൽ ഇന്റർനെറ്റ് ഉണ്ടാവില്ല. പലരും താമസ സ്ഥലത്തെയോ ജോലി സ്ഥലത്തെയോ വൈഫൈയാണ് ഇന്റർനെറ്റിനായി ആശ്രയിക്കുന്നത്. എവിടേക്കെങ്കിലും യാത്ര പോകുമ്പോൾ ഇവർ ഇന്റർനെറ്റിന്റെ പരിധിക്കു പുറത്താണ്. അങ്ങനെയുള്ളപ്പോൾ സ്മാർട് ആപ്ലിക്കേഷൻ മാത്രമായാൽ കാര്യങ്ങൾ കുഴയും. ഇത്തരം പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഒടിപി സൗകര്യം നിലനിർത്തണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.
അതേസമയം, എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഒടിപി നിർത്താനുള്ള തീരുമാനത്തിലെത്തിയതെന്നു ബാങ്കിങ് രംഗത്തെ വിദഗ്ധർ പറഞ്ഞു. ആപ്ലിക്കേഷനിലൂടെയുള്ള ഇടപാടുകൾ കൂടുതൽ സുരക്ഷിതമാണ്. അക്കൗണ്ട് ഉടമയ്ക്ക് അല്ലാതെ ആപ്ലിക്കേഷൻ മറ്റാർക്കും തുറക്കാനാകില്ല. രഹസ്യ നമ്പറുകളിൽ ഭദ്രമായ ആപ്ലിക്കേഷനുകളുടെ സുരക്ഷ മറ്റേത് രീതിയെക്കാളും മികച്ചതാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ബാങ്കുകളുടെ ആപ്ലിക്കേഷനുകളിലെ അപ്ഡേറ്റുകൾ പലപ്പോഴും അർധരാത്രിയിലാണ് നടക്കുന്നത്.
ജനങ്ങളുടെ പണമിടപാടുകളെ പലപ്പോഴും ഈ നവീകരണം ബാധിക്കാറില്ല. നേരം വെളുക്കുമ്പോൾ തന്നെ ആപ്പുകൾ പൂർവ സ്ഥിതിയിലാകും. ബാങ്കുകൾ ക്രമേണയാണ് ഒടിപി സംവിധാനം ഇല്ലാതാക്കുന്നത്. അതിനു മുൻപ് ഇടപാടുകാരുടെ അഭിപ്രായവും ബാങ്കുകൾ സ്വീകരിക്കും. ഒരു കാലത്ത് ഒടിപി ആയിരുന്നു വലിയ പ്രശ്നം. ഒടിപി സ്വീകരിക്കുന്നതു വലിയ ബുദ്ധിമുട്ടാണെന്നും ഉപയോഗിക്കാൻ പ്രയാസമാണെന്നുമാണ് പലരും പറഞ്ഞിരുന്നത്.
ഇപ്പോൾ ഒടിപിയാണ് എളുപ്പമെന്ന അഭിപ്രായത്തിലെത്തി. ഇതേ നിലയിലേക്ക് സ്മാർട് ആപ്ലിക്കേഷനുകളുടെ ഉപയോഗവും എത്തും. ഒടിപി നിർത്തുന്നതു മൂലമുള്ള ഏതു പ്രയാസങ്ങളെയും നേരിടാനുള്ള സൗകര്യം ബാങ്കുകൾ നൽകുമെന്നും ഈ രംഗത്തെ വിദഗ്ധർ പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t