ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ റോക്കോ എന്ന ഫിലിപ്പീനി യുവതിയുടേത്. സമൂഹമാധ്യമത്തിലൂടെയും സ്വന്തം നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ റേച്ചൽ ലോക സൗന്ദര്യവേദിയായ മിസ് യൂണിവേഴ്‌സ് ഫിലിപ്പീൻസിലേക്ക് നടന്നുകയറിയ കഥ ആരെയും വിസ്മയിപ്പിക്കും. 2022 ഡിസംബറിൽ ദുബായിൽ കാലുകുത്തുമ്പോൾ റേച്ചലിന്റെ മനസ്സിൽ പ്രശസ്തിയോ കിരീടമോ ആയിരുന്നില്ല. കോവിഡ്19 കാലത്ത് അച്ഛനെ നഷ്ടപ്പെട്ട ആ 24 വയസ്സുകാരിക്ക് കുടുംബത്തിന് താങ്ങാകാനുള്ള മാർഗം മാത്രമായിരുന്നു ദുബായിലെ ജീവിതം. ജീവിതത്തിൽ എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നുവെന്നും ജീവിക്കാൻ വേണ്ടി ഞാൻ കഷ്ടപ്പെടുകയായിരുന്നുവെന്നും റേച്ചൽ പറയുന്നു. ദുബായ് ജുമൈറയിലെ ഒരു റസ്റ്ററൻറിൽ ഹോസ്റ്റസായിട്ടാണ് ജോലി തുടങ്ങിയത്. അത് കഠിനമായിരുന്നു. ചൂടത്ത് ദീർഘനേരം ജോലി ചെയ്യാൻ ഞാൻ ശീലിച്ചിരുന്നില്ല. പക്ഷേ രക്ഷപ്പെടാൻ കഠിനാധ്വാനം വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു. എന്നാൽ അന്ന് ഈ യുവതി അറിഞ്ഞിരുന്നില്ല, കഠിനാധ്വാനവും ദുഃഖവും സ്വപ്നങ്ങളും നിറഞ്ഞ തന്റെ ഈ ജീവിതകഥ പിന്നീട് അവളെ വൈറൽ താരത്തിലേക്കും മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് 2025 മത്സര വേദിയിലേയ്ക്കും എത്തിക്കുമെന്ന്. ഇന്ന്, ടിക് ടോക്കിൽ മാത്രം 1.2 ദശലക്ഷത്തിലേറെ ഫോളോവേഴ്സാണ് റേച്ചലിനുള്ളത്. എന്നാൽ റേച്ചലിന്റെ ഈ വിജയം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല. ഈ ലൈക്കുകൾക്കും തിളക്കമുള്ള ഉള്ളടക്കത്തിനും പിന്നിൽ മിസ് യൂണിവേഴ്സ് ഫിലിപ്പീൻസ് 2025 മത്സരത്തിൽ സ്വന്തമായി മേക്കപ്പ് ചെയ്തൊരുങ്ങിയ ഒരു യുവതിയുണ്ട്. ഒരു സ്റ്റൈലിസ്റ്റിന്റെയോ സഹായികളുടെയോ അകമ്പടിയില്ലാതെയാണ് അവൾ ജന്മനാട്ടിലേക്ക് പറന്നത്. അവളുടെ സഹോദരന്റെ സഹായവും സ്വന്തം ഉൾക്കാഴ്ചയും ആത്മവിശ്വാസവും മാത്രമായിരുന്നു അവളുടെ കൂട്ടായി ഉണ്ടായിരുന്നത്. മനിലയിൽ നിന്ന് 140 കിലോമീറ്റർ തെക്ക് പടിഞ്ഞാറുള്ള ഓറിയന്റൽ മൈൻഡോറോ എന്ന പ്രവിശ്യയെയാണ് അവൾ പ്രതിനിധീകരിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t