ഈ വർഷം ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ യു.എ.ഇയിലെ നിക്ഷേപകർക്ക് നഷ്ടമായത് ശരാശരി മൂന്ന് ലക്ഷം ദിർഹം വീതം. ആഗോള തലത്തിൽ ക്രിപ്റ്റോ തട്ടിപ്പിന് ഇരയാകുന്നവരിൽ യു.എസിലുള്ളവരാണ് രണ്ടാം സ്ഥാനത്ത്.
ചിലി, ഇന്ത്യ, ലിത്വേനിയ, ജപ്പാൻ, ഇറാൻ, ഇസ്രായേൽ, നോർവേ, ജർമനി എന്നീ രാജ്യങ്ങളിലുള്ളവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. ബ്ലോക്ക്ചെയിൻ ഡേറ്റ പ്ലാറ്റ്ഫോമായ ചെയിൻ അനാലിസിസ് എന്ന സ്ഥാപനത്തിന്റേതാണ് കണക്കുകൾ. ലോകത്ത് ക്രിപ്റ്റോ ഇടപാട് ഏറ്റവും ഉയർന്ന നിലയിൽ നടക്കുന്ന രാജ്യമാണ് യു.എ.ഇ.
ഏതാണ്ട് 30 ശതമാനം യു.എ.ഇ നിവാസികൾക്കും ക്രിപ്റ്റോ കറൻസി ഉണ്ട്. വിയറ്റ്നാം, യു.എസ്, ഇറാൻ, ഫിലിപ്പീൻസ്, ബ്രസീൽ, സൗദി അറേബ്യ, സിംഗപ്പൂർ, യുക്രെയ്ൻ എന്നീ രാജ്യങ്ങളാണ് ക്രിപ്റ്റോ ഇടപാടിൽ യു.എ.ഇക്ക് തൊട്ടുപിന്നിലുള്ളത്. ക്രിപ്റ്റോ കറൻസി കാര്യക്ഷമമായി സൂക്ഷിക്കുന്നതിന് മികച്ച സാങ്കേതികവിദ്യകൾ ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം. ഇ.സി-കൗൺസിൽ യൂനിവേഴ്സിറ്റിയിലെ വിദഗ്ധരും പറയുന്നത് ക്രിപ്റ്റോ സുരക്ഷക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ ശരിയായ വാലറ്റ് തെരഞ്ഞെടുക്കണമെന്നാണ്. ഹാർഡ്വെയർ വാലറ്റാണ് ഏറ്റവും മികച്ചത്.
ക്രിപ്റ്റോ കറൻസികളുടെ സുരക്ഷിതമായ സൂക്ഷിപ്പിന് പേപ്പർ വാലറ്റ് മികച്ച ഓഫ് ലൈൻ പരിഹാരമാണ്. കൂടുതൽ ശക്തമായ പാസ്വേഡുകൾ നൽകുക, ഓതന്റിക്കേഷനായി രണ്ട് ഘടകങ്ങൾ ഉൾപ്പെടുത്തുക, തട്ടിപ്പിനെതിരെ ജാഗ്രത, സോഫ്റ്റ്വെയറുകൾക്ക് കൃത്യമായ അപ്ഡേറ്റ്, സ്വകാര്യ പാസ്വേഡുകളുടെ സുരക്ഷിതത്വം, വൈവിധ്യവത്കരണം, നെറ്റ്വർക്ക് സുരക്ഷിതമാക്കൽ തുടങ്ങിയ നിർദേശങ്ങളും ഇവർ മുന്നോട്ടുവെക്കുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t