Posted By christymariya Posted On

ഫേസ്ബുക്കിലും മെസഞ്ചറിലും കൗമാരക്കാര്‍ക്ക് നിയന്ത്രണം; എന്താണ് ടീൻ അക്കൗണ്ട്?

ടീൻ അക്കൗണ്ട്സ് ഫീച്ചർ ഫേസ്ബുക്കിലേക്കും മെസഞ്ചറിലേക്കും അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായാണ് ഈ നീക്കം. നേരത്തെ ഇൻസ്റ്റഗ്രാമിലും ടീൻ അക്കൗണ്ട്സ് ഫീച്ചർ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. കൂടുതൽ ശക്തമായ സ്വകാര്യതാ നിയന്ത്രണങ്ങളും, പാരന്റൽ കൺട്രോൾ ഫീച്ചറുകളും ഉൾപ്പെടുന്നതാണ് ടീൻ അക്കൗണ്ട് ഫീച്ചർ.ഓൺലൈനിൽ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനായി ‘കിഡ്സ് ഓൺലൈൻ സേഫ്റ്റി ആക്ട്’, ചിൽഡ്രൻ ആൻഡ് ടീൻ ഓൺലൈൻ പ്രൈവസി പ്രൊട്ടക്ഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ യുഎസിൽ നടക്കുന്നതിനിടെയാണ് മെറ്റയുടെ ഈ നീക്കം.

13 വയസിന് മുകളിൽ പ്രായമുള്ളവരെ ലോഗിൻ ചെയ്യാൻ അനുവദിക്കുന്ന പ്ലാറ്റ്ഫോമുകളാണ് ഫെയ്സ്ബുക്കും ടിക് ടോക്കും. കുട്ടികളുടെ ഓൺലൈൻ സുരക്ഷയുടെ കാര്യത്തിൽ നിരന്തര വിമർശനങ്ങൾ കേൾക്കുന്നവരാണ് മെറ്റ. മെറ്റയ്ക്കും ടിക്ടോക്കിനും യൂട്യൂബിനുമെതിരെ ഇതിനകം നൂറിലേറെ കേസുകൾ നിലവിലുണ്ട്.

എന്താണ് ടീൻ അക്കൗണ്ട്?

കുട്ടികളുടെ ഓൺലൈൻ ഉപയോഗം സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ ആശങ്കകൾ പരിഹരിക്കുന്നതിന് വേണ്ടിയാണ് മെറ്റ ടീൻ അക്കൗണ്ട് ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്.16 വയസിന് താഴെ പ്രായമുള്ളവരുടെ അക്കൗണ്ടുകളാണ് ടീൻ അക്കൗണ്ടുകൾ. ഇവ ഡിഫോൾട്ട് ആയി പ്രൈവറ്റ് അക്കൗണ്ടുകളായിരിക്കും. അപരിചിതരായ ആളുകൾ അക്കൗണ്ടുകൾ ഫോളോ ചെയ്യുന്നതിനും ഉള്ളടക്കങ്ങൾ കാണുന്നതിനും ഇതുവഴി നിയന്ത്രണം വരും. പുതിയതായി അക്കൗണ്ട് തുടങ്ങുന്ന 16 വയസിന് താഴെയുള്ളവരുടെ ഫേസ്ബുക്ക്, മെസഞ്ചർ അക്കൗണ്ടുകളും നേരത്തെ ഉപയോഗിക്കുന്ന അതേ പ്രായത്തിലുള്ളവരുടെ അക്കൗണ്ടുകളും ടീൻ അക്കൗണ്ടായി മാറും.

പരസ്പരം ഫോളോ ചെയ്യുന്നവരോട് മാത്രമേ ടീൻ അക്കൗണ്ട് ഉടമകൾക്ക് ചാറ്റ് ചെയ്യാനാവൂ. സെൻസിറ്റീവ് കണ്ടന്റ് നിയന്ത്രണം ശക്തമായിരിക്കും. അക്രമം, അശ്ലീലത, സൗന്ദര്യവർധക ചികിത്സകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ഉൾപ്പെടെയുള്ളവ നിയന്ത്രിക്കപ്പെടും. എക്സ്പ്ലോർ, റീൽസ് വിഭാഗങ്ങളിലും ഈ നിയന്ത്രണം കാണാം.

ഒരോ ദിവസവും ഒരു മണിക്കൂർ ഉപയോഗത്തിന് ശേഷം ആപ്പ് ഉപയോഗം നിർത്താനുള്ള നോട്ടിഫിക്കേഷൻ പ്രദർശിപ്പിക്കും. രാത്രി പത്ത് മണിക്കും രാവിലെ ഏഴ് മണിക്കും ഇടയിൽ സ്ലീപ്പ് മോഡ് ആക്ടിവേറ്റാവും. ഇത് രാത്രിയിലെ നോട്ടിഫിക്കേഷനുകളും മെസേജുകളും നിശബ്ദമാക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *