
അമ്മമാരെ ശ്രദ്ധിക്കുക; ഈ 6 ആരോഗ്യ പരിശോധനകൾ തീർച്ചയായും ചെയ്യണം; അപകടം ഒഴിവാക്കാം
നമ്മുടെ അമ്മമാർ പലപ്പോഴും വീട്ടിലുള്ള മറ്റുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനിടയിൽ സ്വന്തം കാര്യം ചെയ്യാൻ മറന്നുപോകുന്നവരാണ്. കുടുംബത്തിന്റെ സുസ്ഥിരതയ്ക്കും അവരുടെ ആരോഗ്യത്തിനും സ്വാസ്ഥ്യത്തിനും പതിവായി ആരോഗ്യ പരിശോധനകൾ നടത്തേണ്ടത് ആവശ്യമാണ്. രോഗങ്ങൾ നേരത്തെ കണ്ടെത്താനും രോഗം വരാതെ തടയാനും ഈ പരിശോധനകൾ സഹായിക്കും. അതുകൊണ്ട് തന്നെപ്രായമോ നിലവിലുള്ള ആരോഗ്യ സ്ഥിതിയോ നോക്കാതെ തന്നെ സ്ത്രീകൾ തീർച്ചയായും ചില ആരോഗ്യ പരിശോധനകൾ നടത്തണം. അവ ഏതൊക്ക എന്ന് അറിയാം
- പാപ്സ്മിയർ, എച്ച് പി വി ടെസ്റ്റ്
രോഗ നിർണയം നേരത്തെ ആയാൽ പൂർണമായും തടയാൻ സാധിക്കുന്ന കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ. പാപ്സ്മിയർ ടെസ്റ്റ് 21 വയസ്സിൽ ചെയ്തു തുടങ്ങാം. സ്ത്രീകൾ ഓരോ മൂന്നു വർഷം കൂടുമ്പോഴും ഈ ടെസ്റ്റ് ചെയ്യണം. 30 വയസ്സു കഴിഞ്ഞാൽ ഇതോടൊപ്പം എച്ച്പിവി ടെസ്റ്റ് കൂടി ചെയ്യാം. കുട്ടികൾ ഉള്ള അമ്മമാർക്ക് സെർവിക്കൽ കാൻസർ വരാൻ ഉള്ള സാധ്യത കൂടുതലാണ്. - എസ്ടിഡി ടെസ്റ്റ്
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ (STD) പലപ്പോഴും ലക്ഷണങ്ങൾ ഒന്നും പ്രകടമാക്കില്ല. ഇവ പങ്കാളിയിലേക്കോ ഗർഭിണി ആണെങ്കിൽ പിറക്കാനിരിക്കുന്ന കുഞ്ഞിലേക്കോ പകരാം. സെക്ഷ്വലി ആക്റ്റീവ് ആകുന്ന സമയം മുതൽ ലൈംഗികാരോഗ്യ പരിശോധനകൾ നടത്താം. - സ്തനാർബുദ നിർണയം
സ്തനാർബുദം നേരത്തെ കണ്ടെത്താൻ മാമോഗ്രാം പരിശോധന സഹായിക്കും. രോഗ സാധ്യത അനുസരിച്ച് 40 വയസ്സിനും 50 വയസ്സിനും ഇടയിൽ പരിശോധന ആരംഭിക്കാം. ക്ലിനിക്കൽ സ്തന പരിശോധനയും മാസം തോറുമുള്ള സ്വയം പരിശോധനയും പതിവായുള്ള ആരോഗ്യ പരിശോധനയിൽ ഉൾപ്പെടും. - പ്രമേഹ പരിശോധന
സ്ത്രീകൾ പ്രമേഹ പരിശോധന 35 വയസ്സിൽ തുടങ്ങണം. പ്രമേഹത്തിന്റെ അപകട സാധ്യതകൾ ഒന്നുമില്ലെങ്കിൽ ഓരോ മൂന്നു വർഷം കൂടുമ്പോഴും പരിശോധന നടത്തണം. പൊണ്ണത്തടി, പ്രമേഹത്തിന്റെ കുടുംബ ചരിത്രം, ഉയർന്ന രക്തസമ്മർദം, കുടുംബത്തിൽ ആർക്കെങ്കിലും ഹൃദ്രോഗം ഇവ ഉണ്ടെങ്കിൽ ഉടനെ അല്ലെങ്കിൽ ഇടയ്ക്കിടെ പ്രമേഹ പരിശോധന നടത്തണം. - ബോൺ ഡെൻസിറ്റി സ്കാൻ
സ്ത്രീകൾക്ക് പ്രായമാകുമ്പോൾ പ്രത്യേകിച്ച് ആർത്തവ വിരാമത്തിനു ശേഷം ഓസ്റ്റീയോ പോറോസിസ് വരാൻ സാധ്യത കൂടുതലാണ്. ശരീരഭാരം കുറവാണെങ്കിലോ കുടുംബത്തിൽ ആർക്കെങ്കിലും ഓസ്റ്റീയോ പൊറോസിസ് വന്നിട്ടുണ്ടെങ്കിലോ 50 വയസ്സിൽ കൂടുതൽ ഉള്ള അമ്മമാർ എല്ലുകളുടെ ധാതു സാന്ദ്രത അഥവാ ബോൺ ഡെൻസിറ്റി സ്കാൻ ചെയ്യേണ്ടതാണ്. എല്ലുകളുടെ ആരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കാനും എല്ലുകൾക്ക് പൊട്ടൽ ഉണ്ടാകുന്നത് ഒഴിവാക്കാനും ഇത് സഹായിക്കും. - ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ
ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദവും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമാക്കണമെന്നില്ല. പതിവായി പരിശോധനകൾ നടത്തുന്നത് ഹൃദ്രോഗം ഒഴിവാക്കാൻ സഹായിക്കും. സ്ത്രീകളിൽ മരണ നിരക്കിന് പ്രധാന കാരണങ്ങളിൽ ഒന്ന് ഹൃദ്രോഗമാണ്. 35 വയസ്സിൽ കൂടുതലുള്ള അമ്മമാർ, പ്രത്യേകിച്ച് ഹൃദ്രോഗത്തിന്റെ കുടുംബ ചരിത്രം ഉള്ളവർ വർഷം തോറും പ്രമേഹം, കൊളസ്ട്രോൾ പരിശോധനകൾ നടത്തേണ്ടതാണ്. പതിവായ ആരോഗ്യ പരിശോധനകളുടെ പ്രാധാന്യം തിരിച്ചറിയുന്നത് ഒരു തരത്തിൽ സെൽഫ് ലവ് ആണ്. ഒപ്പം ശാക്തീകരണവും. സ്ത്രീകൾ ഈ ആരോഗ്യ പരിശോധനകൾ നടത്തുന്നത് നേരത്തെ രോഗം കണ്ടെത്താനും മെച്ചപ്പെട്ട ചികിത്സ തേടി രോഗമുക്തി നേടാനും സഹായിക്കും.
Comments (0)