അടിപൊളി മാറ്റം! ഇൻസ്റ്റഗ്രാമിൽ ഇനി മെസ്സേജുകളും പിൻ ചെയ്ത് വെക്കാം, കൂടാതെ ഗ്രൂപ്പ് ചാറ്റിന് ക്യുആർ കോഡും

ഇൻസ്റ്റഗ്രാമിൽ പുതിയ മാറ്റങ്ങൾ. സൗഹൃദ സംഭാഷണങ്ങളും ഗ്രൂപ്പ് ചാറ്റുകളും കൂടുതൽ വ്യത്യസ്ത അനുഭവത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോടും മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് വിവർത്തനം ചെയ്യാനും മ്യൂസിക് സ്റ്റിക്കറുകൾ അയക്കാനും കഴിയുന്ന നിരവധി ഫീച്ചറുകളാണ് പുറത്തിറക്കിയത്. മറ്റുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഇൻസ്റ്റഗ്രാമിനെ വ്യത്യസ്തമാക്കുന്നത് അതിന്റെ വീഡിയോ കണ്ടൻറുകൾ തന്നെയാണ്. ഇൻസ്റ്റഗ്രാമിലൂടെ ഒരു മിനുട്ട് മാത്രമുള്ള കണ്ടൻറുകൾ പങ്കുവെച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായവർ വരെ ഏറെയാണ്. കൂടാതെ സിനിമാ സെലിബ്രിറ്റിക്കൾ, കായിക താരങ്ങൾ തുടങ്ങിയവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് ഇൻസ്റ്റഗ്രാം. എന്നാൽ ഇൻസ്റ്റഗ്രാം പുറത്തിറക്കിയ പുതിയ ഫീച്ചറുകളാണ് ഇപ്പോൾ ചർച്ചാ വിഷയം. മൊത്തത്തിൽ മാറ്റം വരുത്തിയിട്ടില്ലെങ്കിലും ഡിഎം (ഡയറക്ട് മെസ്സേജ്) അതായത് മെസ്സേജ് സെക്ഷനിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്.

ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ സുഹൃത്തുക്കൾ അയക്കുന്ന റീലുകളും മെസ്സേജുകളും പിൻ ചെയ്ത് വെക്കാൻ കഴിയുന്ന ഫീച്ചറാണ് ഏറ്റവും ശ്രദ്ധേയം. മെറ്റയുടെ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പിൽ ഈ ഫീച്ചർ നേരത്തെ തന്നെ ലഭ്യമായിരുന്നു. എന്നാൽ ഇനി മുതൽ ഇൻസ്റ്റഗ്രാമിലും ഈ ഉപകാരപ്രദമായ ഫീച്ചർ ലഭ്യമാവും. ഏത് മെസ്സേജ് ആണോ പിൻ ചെയ്ത് വെക്കേണ്ടത്, അത് ഹോൾഡ് ചെയ്താൽ പിൻ എന്ന ഒപ്ഷൻ വരികയും പിൻ ചെയ്ത് വെക്കാൻ കഴിയുകയും ചെയ്യും. അതുപോലെ പുതുതായി വന്ന മറ്റൊരു ശ്രദ്ധേയമായ ഫീച്ചറാണ് മെസ്സേജുകൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ കഴിയുന്ന ട്രാൻസിലേഷൻ ഒപ്ഷൻ. മറ്റു ആപ്പുകളുടെ സഹായമില്ലാതെ തന്നെ ഇൻസ്റ്റഗ്രാമിലെ മെസ്സേജ് വിൻഡോയിൽ നിന്നുകൊണ്ട് തന്നെ മെസ്സേജുകൾ ട്രാൻസിലേറ്റ് ചെയ്യാം. ഏത് മെസ്സേജ് ആണോ ട്രാൻസിലേറ്റ് ചെയ്യേണ്ടത് അത് ഹോൾഡ് ചെയ്ത് പിടിച്ചാൽ ട്രാൻസിലേഷൻ ഒപ്ഷൻ ലഭിക്കും. ഇതര ഭാഷകൾ സംസാരിക്കുന്നവരോട് എളുപ്പത്തിൽ ആശയവിനിമയം നടത്താൻ ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ഗ്രൂപ്പ് ചാറ്റുകൾക്ക് ക്യുആർ കോഡ് കൊണ്ടുവന്നതാണ് മറ്റൊരു ഫീച്ചർ. ഗ്രൂപ്പ് ചാറ്റിൽ ആരെങ്കിലും ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ ഗ്രൂപ്പ് തുറന്ന് മുകളിലെ ഗ്രൂപ്പ് നെയിമിൽ ടാപ് ചെയ്യുക. അവിടെ invite link എന്ന ഒപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്താൽ ക്യുആർ കോഡ് ഒപ്ഷനും ലഭിക്കും. ഇത് സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ അയക്കാൻ കഴിയും. ഈ ക്യുആർ കോഡ് ഉപയോഗിച്ച് അവർക്ക് ഗ്രൂപ്പ് ചാറ്റിൽ പ്രവേശിക്കാനും കഴിയും. ഏറ്റവും രസകരമായ ഫീച്ചറാണ് മ്യൂസിക് സ്റ്റിക്കർ. ഇൻസ്റ്റഗ്രാം മെസ്സേജ് ഒപ്ഷനിൽ നിന്ന് പുറത്തുപോകാതെ സുഹൃത്തുക്കൾക്ക് മ്യൂസിക് അയക്കാൻ ഈ ഫീച്ചർ സഹായിക്കുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *