നോമ്പ് എളുപ്പമാകും? യുഎഇയിൽ റമദാൻ ഫെബ്രുവരി 19ന് ആരംഭിക്കാൻ സാധ്യത, നോമ്പ് സമയം കുറയും?

യുഎഇയിൽ ഇത്തവണത്തെ റമദാൻ മാസത്തിൽ നോമ്പുകാർക്ക് ആശ്വാസം പകരുന്ന ശൈത്യകാല കാലാവസ്ഥയുണ്ടാകുമെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു. ശൈത്യകാലത്തിന്റെ അവസാന ഘട്ടവും വസന്തകാലത്തിന്റെ തുടക്കവും ഉൾക്കൊള്ളുന്ന സമയത്താണ് ഈ വർഷത്തെ റമദാൻ കാലം വരുന്നതെന്ന് ഗ്രൂപ്പ് ഓപ്പറേഷൻസ് മാനേജർ ഖദീജ ഹസൻ അഹമ്മദ് വ്യക്തമാക്കി. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 18-ന് ചന്ദ്രപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ ഫെബ്രുവരി 19 ബുധനാഴ്ച റമദാൻ ഒന്നായിരിക്കുമെന്നും അവർ അറിയിച്ചു. ഔഖാഫ് കലണ്ടറിലും ഫെബ്രുവരി 19-നെയാണ് റമദാൻ ഒന്നായി രേഖപ്പെടുത്തിയിട്ടുള്ളത്.

മാർച്ച് 19-ന് ശവ്വാൽ ചന്ദ്രനെ കാണാൻ സാധ്യതയുള്ളതിനാൽ, മാർച്ച് 20 വെള്ളിയാഴ്ച ഈദുൽ ഫിത്തർ (ചെറിയ പെരുന്നാൾ) വരാനാണ് സാധ്യത. ഇതനുസരിച്ച് ഇത്തവണത്തെ റമദാൻ 29 ദിവസമായിരിക്കും നീണ്ടുനിൽക്കുക. റമദാൻ കാലയളവിൽ പകൽ സമയങ്ങളിൽ താപനില 20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രികാലങ്ങളിൽ തണുപ്പും സുഖകരവുമായ കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് വിലയിരുത്തൽ. മുൻവർഷത്തേക്കാൾ നോമ്പ് സമയം ഏകദേശം 30 മിനിറ്റോളം കുറയാനും സാധ്യതയുണ്ടെന്ന് ദുബായ് അസ്ട്രോണമി ഗ്രൂപ്പ് അറിയിച്ചു. അതേസമയം, ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച മുതൽ മാർച്ച് 22 ഞായറാഴ്ച വരെ യുഎഇയിൽ പൊതു അവധി ലഭിക്കാനാണ് സാധ്യത. ശനി, ഞായർ ദിവസങ്ങളിൽ വാരാന്ത്യ അവധി ലഭിക്കുന്നവർക്ക് ഇത് തുടർച്ചയായ മൂന്ന് ദിവസത്തെ അവധിയായിരിക്കുമെന്നും അധികൃതർ അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

സിനിമാ സ്റ്റൈൽ കവർച്ച: യുഎഇയിൽ ഓഫിസ് ജീവനക്കാരനെ കെട്ടിയിട്ട് ലക്ഷങ്ങൾ കവർന്നു; മൂന്ന് പേർ പിടിയിൽ

ദെയ്‌റയിലെ ഒരു ട്രേഡിങ് കമ്പനി ഓഫീസിൽ അതിക്രമിച്ചു കയറി മൂന്ന് ലക്ഷം ദിർഹം (ഏകദേശം 68 ലക്ഷം ഇന്ത്യൻ രൂപ) കവർന്ന കേസിൽ അഞ്ചംഗ കിഴക്കൻ യൂറോപ്യൻ സംഘത്തെ ദുബായ് പബ്ലിക് പ്രോസിക്യൂഷൻ വിചാരണ ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പേർ രാജ്യം വിട്ടതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വാണിജ്യ ടവറിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ സിനിമാ ശൈലിയിൽ നടന്ന കവർച്ചയിൽ, തുർക്കി സ്വദേശിയായ ജീവനക്കാരൻ ഓഫിസിൽ ഒറ്റയ്ക്കായിരുന്ന സമയത്താണ് സംഘം എത്തിയത്. വാതിലിൽ മുട്ടി വിളിച്ച് അകത്തുകയറിയ പ്രതികൾ ജീവനക്കാരനെ ബലമായി കീഴ്പ്പെടുത്തിയ ശേഷം, സേഫിൽ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷം ദിർഹം കൈക്കലാക്കി സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.

കെട്ടിടത്തിനകത്തെയും പരിസരങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികളുടെ ഓരോ നീക്കങ്ങളും ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിരുന്നതായി പൊലീസ് അറിയിച്ചു. പിടിയിലായ മൂന്ന് പ്രതികളിൽ നിന്ന് കവർച്ച ചെയ്ത മുഴുവൻ തുകയും പൊലീസ് വീണ്ടെടുത്തിട്ടുണ്ട്. ഈ തുക പ്രോസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ കവർച്ച, മോഷണ മുതലായ കുറ്റങ്ങൾ ചുമത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. ഒളിവിലുള്ള മറ്റ് രണ്ട് പ്രതികൾക്കായി രാജ്യാന്തര തലത്തിൽ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. കൃത്യമായ ആസൂത്രണത്തിലൂടെയായിരുന്നു കവർച്ച നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായതായും പൊലീസ് വ്യക്തമാക്കി. ഇതിനിടെ, പ്രവാസികളും ബിസിനസ് സ്ഥാപനങ്ങളും സുരക്ഷാ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് നിർദേശം നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!

ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.

ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *