യുഎഇയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും കണ്ടന്റ് ക്രിയേറ്റർമാരും ഈ മാസം 31നകം നിർബന്ധമായും പെർമിറ്റ് നേടണമെന്ന് യുഎഇ മീഡിയ കൗൺസിൽ അറിയിച്ചു. ഇൻസ്റ്റഗ്രാം, ടിക്‌ടോക്, യുട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾ വഴി ഉൽപന്നങ്ങളോ സേവനങ്ങളോ പ്രമോട്ട് ചെയ്യുന്ന സ്വദേശികൾക്കും വിദേശികൾക്കും സന്ദർശകർക്കും ഈ നിയമം ബാധകമാണ്. പണം വാങ്ങിയുള്ള പരസ്യങ്ങൾക്കും, പണത്തിന് പകരം സമ്മാനങ്ങളോ സൗജന്യ സേവനങ്ങളോ സ്വീകരിച്ചുകൊണ്ടുള്ള പ്രമോഷനുകൾക്കും പെർമിറ്റ് അനിവാര്യമാണ്. എന്നാൽ, സ്വന്തം ഉൽപന്നങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രമോട്ട് ചെയ്യുകയാണെങ്കിൽ പ്രത്യേക അനുമതി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ലൈസൻസും അഡ്വടൈസർ പെർമിറ്റും വേണം
യുഎഇയിൽ നിയമപരമായി പ്രവർത്തിക്കാൻ ഇൻഫ്ലുവൻസർമാർക്ക് രണ്ട് പ്രധാന രേഖകളാണ് ആവശ്യമായത്—ട്രേഡ്/ഫ്രീലാൻസ് ലൈസൻസ്, അഡ്വടൈസർ പെർമിറ്റ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്‌മെന്റ് വഴിയോ വിവിധ ഫ്രീ സോണുകൾ വഴിയോ ബിസിനസ് ലൈസൻസ് നേടണം. പരസ്യം ചെയ്യുന്നതിനുള്ള പ്രത്യേക അനുമതിയാണ് യുഎഇ മീഡിയ കൗൺസിലിൽ നിന്ന് ലഭിക്കുന്ന അഡ്വടൈസർ പെർമിറ്റ്.
യുഎഇ താമസവീസക്കാർക്ക് മൂന്ന് വർഷം സൗജന്യം
യുഎഇ താമസവീസയുള്ള വ്യക്തികൾക്ക് ആദ്യ മൂന്ന് വർഷത്തേക്ക് അഡ്വടൈസർ പെർമിറ്റ് സൗജന്യമായിരിക്കും. വിസിറ്റ് വീസയിലുള്ള ഇൻഫ്ലുവൻസർമാർ യുഎഇയിലെ അംഗീകൃത ഏജൻസികൾ മുഖേന പെർമിറ്റ് എടുക്കണം. ഇതിന് മൂന്ന് മാസത്തെ കാലാവധിയാണുള്ളത്. സ്ഥാപനങ്ങളുടെ പേരിൽ അപേക്ഷിക്കുന്നവരിൽ നിന്ന് 5,000 ദിർഹം ഫീസ് ഈടാക്കും.
പിഴ 10,000 മുതൽ 10 ലക്ഷം ദിർഹം വരെ
സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ പെർമിറ്റ് നമ്പർ വ്യക്തമായി പ്രദർശിപ്പിക്കണം. യുഎഇയുടെ സാംസ്കാരികവും ധാർമികവുമായ മൂല്യങ്ങൾ ലംഘിക്കുന്ന ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കാൻ പാടില്ല. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഫെബ്രുവരി 1 മുതൽ 10,000 ദിർഹം മുതൽ പിഴ ചുമത്തും. ഗുരുതരമായ നിയമലംഘനങ്ങൾക്ക് 10 ലക്ഷം ദിർഹം വരെ പിഴ ഈടാക്കുമെന്നും യുഎഇ മീഡിയ കൗൺസിൽ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ‘ജോലി മാറ്റ’ സീസൺ; പുതിയ അവസരങ്ങൾ തേടി പ്രവാസികൾ, പ്രൊഫഷണലുകൾക്കിടയിൽ വൻ മാറ്റത്തിന് സാധ്യത!
ദുബായ്: പുതുവർഷത്തിൽ യുഎഇയിലെ തൊഴിൽ വിപണി വലിയൊരു അഴിച്ചുപണിക്ക് സാക്ഷ്യം വഹിക്കാനൊരുങ്ങുന്നു. പ്രമുഖ പ്രൊഫഷണൽ നെറ്റ്‍വർക്കിംഗ് പ്ലാറ്റ്‌ഫോമായ ലിങ്ക്ഡ്ഇൻ (LinkedIn) നടത്തിയ ഏറ്റവും പുതിയ സർവേ പ്രകാരം, യുഎഇയിൽ ജോലി ചെയ്യുന്ന 72 ശതമാനം ആളുകളും ഈ വർഷം നിലവിലെ ജോലി മാറി പുതിയ അവസരങ്ങൾ കണ്ടെത്താൻ ആഗ്രഹിക്കുന്നവരാണ്. അതായത് ഓരോ പത്ത് ജീവനക്കാരിലും ഏഴ് പേരും പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവിലെ ജോലിയിൽ 74 ശതമാനം പേരും സന്തുഷ്ടരാണെന്ന് മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും, പുതിയ തൊഴിലവസരങ്ങളുടെ ആധിക്യമാണ് ആളുകളെ ജോലി മാറാൻ പ്രേരിപ്പിക്കുന്നത്. പുതിയ മേഖലകളിലേക്ക് ചേക്കേറുന്നത് കൂടുതൽ വെല്ലുവിളികൾ ഉയർത്തുമെന്ന് ഭൂരിഭാഗം പേരും കരുതുന്നുണ്ടെങ്കിലും, മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും യുഎഇയിലെ അനുകൂലമായ തൊഴിൽ സാഹചര്യങ്ങളും ഈ മാറ്റത്തിന് ധൈര്യം നൽകുന്നു.
ജീവനക്കാർ കൂട്ടത്തോടെ ജോലി മാറാൻ ശ്രമിക്കുമ്പോൾ, വൈദഗ്ധ്യമുള്ള പുതിയ ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് യുഎഇയിലെ തൊഴിലുടമകൾ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് ദശലക്ഷത്തോളം ആളുകൾ പുതുതായി യുഎഇയിലേക്ക് എത്തിയത് തൊഴിൽ വിപണിയിൽ വലിയ മത്സരം സൃഷ്ടിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തസ്തികകളിലേക്കാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഡിജിറ്റൽ മാർക്കറ്റിംഗ്, ഡാറ്റ അനലിറ്റിക്‌സ് തുടങ്ങിയ നൂതന മേഖലകളിൽ വലിയ തോതിലുള്ള തൊഴിലവസരങ്ങളാണ് യുഎഇയിൽ വരാനിരിക്കുന്നത്. അതിനാൽ തന്നെ കൃത്യമായ തൊഴിൽ നൈപുണ്യമുള്ളവർക്ക് ജോലി കണ്ടെത്തുക എന്നത് എളുപ്പമാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ശരിയായ തൊഴിൽ വേഗത്തിൽ കണ്ടെത്താനുള്ള സൗകര്യങ്ങളും ഇപ്പോൾ സജീവമാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
തീകൊണ്ടുള്ള കളി വേണ്ട; സോഷ്യൽ മീഡിയയിലെ ഫയർ ചലഞ്ചിനെതിരെ മുന്നറിയിപ്പ്
ഇൻസ്റ്റാഗ്രാം, ടിക് ടോക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെയും കൗമാരക്കാരുടെയും ഇടയിൽ വൈറലാകുന്ന “ബോണ്ടഡ് ബൈ ഫയർ” (Bonded by Fire) എന്ന ട്രെൻഡ് ഗുരുതരമായ അപകടസാധ്യതകൾ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ–സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. തീ ഉപയോഗിച്ച് ചെറിയ ‘കളികൾ’ നടത്തുന്നതും അത് കൈമാറുന്നതുമാണ് ഈ ട്രെൻഡിന്റെ ഉള്ളടക്കം. ഇത് നിരുപദ്രവകരമായ വിനോദമെന്ന രീതിയിലാണ് വീഡിയോകൾ അവതരിപ്പിക്കുന്നത്. എന്നാൽ, നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇത് ജീവൻ പോലും അപകടത്തിലാക്കുന്ന സാഹചര്യങ്ങളിലേക്ക് മാറാനിടയുണ്ടെന്ന് വിദഗ്ധർ പറയുന്നു. കുട്ടികൾക്ക് മുതിർന്നവരേക്കാൾ നേർത്ത ചർമ്മമാണുള്ളത്. അതിനാൽ ചെറിയൊരു തീസ്പർശം പോലും ആഴമുള്ള പൊള്ളലുകളിലേക്ക് നയിക്കാമെന്ന് അസ്റ്റർ ക്ലിനിക്കിലെ പീഡിയാട്രിക്‌സ് സ്പെഷ്യലിസ്റ്റ് ഡോ. സമിത് അൽവ വ്യക്തമാക്കി. തീ മുടിയിലേക്കോ വസ്ത്രങ്ങളിലേക്കോ പടരാൻ അധിക സമയം വേണ്ടതില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തീയുമായി ബന്ധപ്പെട്ട് ‘സുരക്ഷിതമായ കളി’ എന്നൊന്നില്ലെന്ന് നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ (NFPA) വൈസ് പ്രസിഡന്റ് ലോറെയ്ൻ കാർലി പറഞ്ഞു. ഇത്തരം ട്രെൻഡുകൾ കുട്ടികളിൽ അപകടകരമായ പെരുമാറ്റങ്ങളെ സാധാരണ സംഭവമായി അംഗീകരിക്കാൻ ഇടയാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ‘ഫയർ ചലഞ്ച്’ പോലുള്ള പ്രവണതകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരണങ്ങൾക്കും ഗുരുതര പരിക്കുകൾക്കും കാരണമായിട്ടുണ്ട്. ഇത്തരത്തിലുള്ള ഓൺലൈൻ ട്രെൻഡുകളെക്കുറിച്ച് കുട്ടികളുമായി തുറന്ന സംഭാഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു. സോഷ്യൽ മീഡിയയിൽ കാണുന്ന കാര്യങ്ങൾ അനുകരിക്കുന്നതിന് മുമ്പ് മുതിർന്നവരോട് ചോദിക്കുന്ന ശീലം കുട്ടികളിൽ വളർത്തണമെന്നും അവർ ഓർമ്മിപ്പിച്ചു. കുട്ടികൾക്ക് ലൈറ്ററുകൾ, തീപ്പെട്ടികൾ തുടങ്ങിയവ ലഭിക്കാതിരിക്കാനും മെഴുകുതിരികളിൽ നിന്നും അടുപ്പുകളിൽ നിന്നും അകറ്റി നിർത്താനും രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply