സൗജന്യ വിദേശയാത്രയും ‘സമ്മാനപ്പൊതി’യും; ഗൾഫിലെ ലഹരിക്കടത്ത് കെണിയിൽ കുടുങ്ങി മലയാളി യുവാക്കളും

സൗജന്യ വിദേശയാത്രയും വലിയ തുകയും വാഗ്ദാനം ചെയ്ത് മലയാളി യുവാക്കളെ ലഹരിക്കടത്ത് മാഫിയകൾ കുടുക്കുന്നതായി റിപ്പോർട്ട്. നിർധനരായ യുവാക്കളെ ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ നടത്തുന്ന ഇത്തരം ‘മോഹന യാത്രകൾ’ പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ കടുത്ത ജയിൽ ശിക്ഷകളിലേക്കാണ് എത്തുന്നതെന്ന് സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. വിനോദയാത്രയ്ക്ക് പണമില്ലാത്ത യുവാക്കളെ സമീപിച്ച് വിസ, വിമാന ടിക്കറ്റ്, ഭക്ഷണം, താമസം എന്നിവ സൗജന്യമായി ഒരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയാണ് മാഫിയകളുടെ രീതി. യാത്രയ്ക്കിടെ മരുന്നോ ഭക്ഷണമോ എന്ന വ്യാജേന ഒരു പൊതി കൈമാറി, വിമാനത്താവളത്തിന് പുറത്ത് ഒരാൾക്ക് എത്തിച്ചുനൽകാൻ ആവശ്യപ്പെടും. എന്നാൽ ഈ പൊതികളിൽ ലക്ഷങ്ങൾ വിലവരുന്ന മാരക ലഹരിമരുന്നുകളാണ് ഒളിപ്പിച്ചിട്ടുണ്ടാകുന്നത്.

അറിഞ്ഞുകൊണ്ട് ലഹരി കടത്തുന്നവർക്കൊപ്പം തന്നെ, ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ നൽകാനുള്ള സാധനങ്ങളാണെന്ന് വിശ്വസിച്ച് ചതിയിൽപ്പെടുന്നവരും കുടുങ്ങുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ ഇമിഗ്രേഷൻ വിഭാഗങ്ങൾക്ക് അത്യാധുനിക പരിശോധനാ സംവിധാനങ്ങളും പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരുമുള്ളതിനാൽ, പെരുമാറ്റത്തിലെ ചെറിയ മാറ്റം പോലും സംശയത്തിന് ഇടയാക്കുകയും ബാഗുകൾ കർശന പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്യുന്നു. ഗൾഫ് രാജ്യങ്ങളിൽ ലഹരിക്കടത്തിന് കടുത്ത പിഴയും ദീർഘകാല തടവുശിക്ഷയുമാണ് ലഭിക്കുക. സൗദി അറേബ്യ, കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ വധശിക്ഷ വരെ ലഭിക്കാവുന്ന ഗുരുതര കുറ്റമായാണ് ഇത് കണക്കാക്കുന്നത്. വീട്ടുകാരോട് പറയാതെ ഫീൽഡ് ട്രിപ്പെന്നോ മറ്റോ പറഞ്ഞ് യാത്ര തിരിക്കുന്ന 18 മുതൽ 25 വരെ പ്രായമുള്ള യുവാക്കളാണ് കൂടുതലും പിടിയിലാകുന്നത്. ജയിലിലാകുന്നതോടെ പുറംലോകവുമായുള്ള ബന്ധം മുറിയുകയും, ആഴ്ചകൾക്കുശേഷമാണ് മാതാപിതാക്കൾ വിവരം അറിയുന്നതെന്നും റിപ്പോർട്ടിലുണ്ട്.

ലഹരിക്കടത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് നാടുകടത്തപ്പെടുന്നവർക്ക് പിന്നീട് ഒരിക്കലും ഗൾഫ് രാജ്യങ്ങളിൽ പ്രവേശിക്കാൻ കഴിയില്ല. അപരിചിതരോ സുഹൃത്തുക്കളോ നൽകുന്ന പൊതികൾ ഒരു കാരണവശാലും പരിശോധിക്കാതെ വിദേശത്തേക്ക് കൊണ്ടുപോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ശക്തമായി മുന്നറിയിപ്പ് നൽകുന്നു. യുഎഇ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ൽ മാത്രം ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 13,513 പേരെ പിടികൂടി. 2020ൽ ഇത് 6,973 ആയിരുന്നു. നാലു വർഷത്തിനിടയിൽ ഇരട്ടിയിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. നൂതന സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച് പരിശോധന ശക്തമാക്കിയതോടെയാണ് പിടിക്കപ്പെടുന്നവരുടെ എണ്ണം വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഇൻസ്റ്റാഗ്രാം പാസ്‌വേഡ് മാറ്റാൻ മെയിൽ വന്നോ? ജാഗ്രത വേണം; വിശദീകരണവുമായി മെറ്റ

ദുബായ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് വ്യാപകമായി ലഭിച്ചുകൊണ്ടിരിക്കുന്ന ‘പാസ്‌വേഡ് റീസെറ്റ്’ (Password Reset) ഇമെയിലുകൾക്ക് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി കമ്പനി. ദശലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങൾ മോഷ്ടിക്കപ്പെട്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇൻസ്റ്റാഗ്രാം ഔദ്യോഗിക വിശദീകരണവുമായി രംഗത്തെത്തിയത്.

സംഭവിച്ചത് എന്ത്? ഏകദേശം 1.75 കോടി ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുടെ വിവരങ്ങൾ സൈബർ കുറ്റവാളികൾ ചോർത്തിയതായി പ്രമുഖ സൈബർ സെക്യൂരിറ്റി കമ്പനിയായ ‘മാൽവെയർബൈറ്റ്‌സ്’ (Malwarebytes) റിപ്പോർട്ട് ചെയ്തിരുന്നു. ഉപയോക്താക്കളുടെ പേര്, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് തുടങ്ങിയ വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിന് പിന്നാലെയാണ് പലർക്കും പാസ്‌വേഡ് മാറ്റാൻ ആവശ്യപ്പെട്ടുള്ള ഇമെയിലുകൾ അപ്രതീക്ഷിതമായി ലഭിച്ചുതുടങ്ങിയത്.

ഭയപ്പെടേണ്ടതില്ലെന്ന് ഇൻസ്റ്റാഗ്രാം എന്നാൽ തങ്ങളുടെ സെർവറുകളിൽ സുരക്ഷാ വീഴ്ചകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്ന് ഇൻസ്റ്റാഗ്രാം വ്യക്തമാക്കി. ഒരു പുറമെ നിന്നുള്ള ഏജൻസിക്ക് ചില ഉപയോക്താക്കൾക്ക് പാസ്‌വേഡ് റീസെറ്റ് ലിങ്കുകൾ അയക്കാൻ സാധിക്കുന്ന ഒരു സാങ്കേതിക പിശക് (Bug) ഉണ്ടായിരുന്നുവെന്നും അത് ഇപ്പോൾ പരിഹരിച്ചതായും കമ്പനി അറിയിച്ചു. അനാവശ്യമായി ലഭിക്കുന്ന ഇത്തരം ഇമെയിലുകൾ അവഗണിക്കാൻ ഉപയോക്താക്കൾക്ക് നിർദ്ദേശം നൽകി.

വ്യാജ മെയിലുകളെ എങ്ങനെ തിരിച്ചറിയാം? ഇൻസ്റ്റാഗ്രാമിൽ നിന്നുള്ള ഔദ്യോഗിക ഇമെയിലുകൾ @mail.instagram.com എന്ന വിലാസത്തിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ. അപരിചിതമായ വിലാസങ്ങളിൽ നിന്ന് ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറ്റാച്ച്‌മെന്റുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുത്. അക്കൗണ്ട് കൂടുതൽ സുരക്ഷിതമാക്കാൻ ‘ടു-ഫാക്ടർ ഓതന്റിക്കേഷൻ’ (Two-factor authentication) സംവിധാനം ആക്റ്റിവേറ്റ് ചെയ്യണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

നിങ്ങളുടെ അടുക്കളയിലും ഈ വില്ലൻ ഉണ്ടോ? ഭക്ഷണത്തിൽ കലർന്നാൽ ഗുരുതര ഭീഷണി

ലോകമെമ്പാടുമുള്ള അടുക്കളകളിൽ വ്യാപകമായി ഉപയോഗിക്കുന്ന അലുമിനിയം ഫോയിൽ ആരോഗ്യത്തിന് അപകടകരമാകാമെന്ന മുന്നറിയിപ്പുമായി മെഡിക്കൽ ഗവേഷണങ്ങൾ. ഭക്ഷണം പൊതിയാനും ചൂടാക്കാനും സൂക്ഷിക്കാനുമെല്ലാം അലുമിനിയം ഫോയിൽ സാധാരണയായി ഉപയോഗിക്കാറുണ്ടെങ്കിലും, അമിതമായ ഉപയോഗവും ഉയർന്ന ചൂടിൽ ഫോയിൽ ഉപയോഗിക്കുന്നതും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അലുമിനിയം ഫോയിൽ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുമ്പോഴോ ചൂടുള്ള ഭക്ഷണം അതിൽ പൊതിയുമ്പോഴോ ചെറിയ അളവിൽ അലുമിനിയം തരികൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരം കുറഞ്ഞ അളവിലുള്ള അലുമിനിയത്തെ പുറത്താക്കാൻ കഴിവുള്ളതായിരുന്നാലും, ദീർഘകാല സമ്പർക്കം വൃക്കകളുടെ പ്രവർത്തനതടസം, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, നാഡീവ്യൂഹത്തെ ബാധിക്കുന്ന അസുഖങ്ങൾ, ശരീരത്തിലെ മൊത്തത്തിലുള്ള വിഷാംശ വർധനവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചൂടുള്ളതോ പുളിയുള്ളതോ ഉപ്പുള്ളതോ ആയ ഭക്ഷണങ്ങൾ അലുമിനിയവുമായി സമ്പർക്കത്തിൽ വരുമ്പോൾ രാസപ്രവർത്തനം വേഗത്തിലാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. തക്കാളി, തക്കാളി ചേർത്ത വിഭവങ്ങൾ, നാരങ്ങ, വിനാഗിരി അടങ്ങിയ ഭക്ഷണങ്ങൾ, അച്ചാറുകൾ, അമിതമായി ഉപ്പ് ചേർത്ത വിഭവങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ആരോഗ്യപരമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി അലുമിനിയം ഫോയിൽ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിക്കുന്നു. പുളിയുള്ളതും ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ അലുമിനിയം ഫോയിലിൽ പാകം ചെയ്യുകയോ സൂക്ഷിക്കുകയോ ചെയ്യരുതെന്നും ഗ്ലാസ്, സെറാമിക്, സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ പകരമായി ഉപയോഗിക്കണമെന്നും അവർ പറയുന്നു. ബേക്കിംഗ് ചെയ്യുമ്പോൾ ഭക്ഷണത്തിനും അലുമിനിയം ഫോയിലിനും ഇടയിൽ ബേക്കിംഗ് പേപ്പർ ഉപയോഗിക്കുന്നതും സുരക്ഷിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന അലുമിനിയം പാത്രങ്ങൾ വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. അലുമിനിയം ഫോയിൽ പൂർണമായി ഒഴിവാക്കണമെന്നല്ല, മറിച്ച് ബുദ്ധിപൂർവവും സുരക്ഷിതവുമായ ഉപയോഗമാണ് ആവശ്യമായതെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. ചെറിയ ശീലമാറ്റങ്ങൾ ദീർഘകാല ആരോഗ്യത്തിൽ വലിയ ഗുണഫലങ്ങൾ നൽകുമെന്നും അവർ കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *