നിങ്ങളറിഞ്ഞോ? 2026-ൽ യുഎഇയിൽ നടപ്പാകുന്ന നിർണായക നിയമമാറ്റങ്ങൾ – പ്രവാസികൾക്ക് നിർബന്ധമായി അറിയണം

2026-ലേക്ക് കടന്ന യുഎഇയിൽ താമസക്കാർക്കും വിദ്യാർഥികൾക്കും സംരംഭകർക്കുമെല്ലാം ബാധകമായ നിരവധി നിയമപരിഷ്കാരങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പ്രാബല്യത്തിൽ വരികയാണ്. ഈ വർഷം നടപ്പാക്കിയതും ഉടൻ നടപ്പിലാക്കാനിരിക്കുന്നതുമായ പ്രധാന മാറ്റങ്ങൾ അധികൃതർ പ്രഖ്യാപിച്ചു.
രാജ്യത്തെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ പ്രാർത്ഥനയും ഖുതുബയും ഇനി ഉച്ചയ്ക്ക് 12.45-ന് ആയിരിക്കും. ജനുവരി 2 മുതൽ ഇത് പ്രാബല്യത്തിൽ വന്നു. ഇതിന് അനുബന്ധമായി, വിദ്യാർഥികൾക്ക് പ്രാർത്ഥനയ്ക്ക് എത്താൻ സൗകര്യമൊരുക്കുന്നതിനായി വെള്ളിയാഴ്ചകളിൽ സ്കൂളുകൾ ഉച്ചയ്ക്ക് 11.30-ഓടെ അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. സ്വകാര്യ സ്കൂളുകളിൽ ഈ ക്രമീകരണം ജനുവരി 9 മുതൽ നടപ്പിലാക്കും.

ഗതാഗത രംഗത്ത് വലിയ മാറ്റങ്ങളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി യാത്രാ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും, അബുദാബി–ദുബൈ യാത്രാ സമയം 57 മിനിറ്റായി കുറയുമെന്നും അധികൃതർ അറിയിച്ചു. ദുബായിൽ ഇലക്ട്രിക് എയർ ടാക്സികളും ഈ വർഷം സേവനം ആരംഭിക്കും. നഗരത്തിനുള്ളിലെ യാത്രകൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും നടത്താനാണ് പദ്ധതി.
യുഎഇ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിൽ ഒരൊറ്റ വിസ ഉപയോഗിച്ച് യാത്ര ചെയ്യാൻ അനുവദിക്കുന്ന സംവിധാനം 2026-ൽ തന്നെ ലോഞ്ച് ചെയ്യും. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി, ജനുവരി 1 മുതൽ ചില സിംഗിൾ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും വിതരണത്തിനും രാജ്യവ്യാപക നിരോധനവും നിലവിൽ വന്നു. ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഓൺലൈൻ ബാങ്കിംഗ് ഇടപാടുകളിൽ എസ്‌എംഎസ് അടിസ്ഥാനത്തിലുള്ള ഒടിപിക്ക് പകരം കൂടുതൽ സുരക്ഷിതമായ ആപ്പ് അധിഷ്ഠിത സംവിധാനങ്ങൾ ബാങ്കുകൾ നടപ്പാക്കിത്തുടങ്ങി. ബിസിനസ് രംഗത്ത് നികുതി നടപടികൾ ലളിതമാക്കുന്ന പുതിയ പരിഷ്കാരങ്ങളും ജനുവരി 1 മുതൽ പ്രാബല്യത്തിൽ പ്രവേശിച്ചു. ഇതോടൊപ്പം, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ 2026-നെ ‘കുടുംബ വർഷമായി’ പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യ രംഗത്ത് പ്രവർത്തിക്കുന്ന ഇൻഫ്ലുവൻസർമാരും പരസ്യദാതാക്കളും ജനുവരി 31-നകം ഔദ്യോഗിക ‘അഡ്വെർടൈസർ പെർമിറ്റ്’ നേടണമെന്നും അധികൃതർ നിർദേശിച്ചു. 2026-ൽ നടപ്പാകുന്ന ഈ മാറ്റങ്ങൾ രാജ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, സാങ്കേതിക പുരോഗതിക്ക് കൂടുതൽ വേഗം നൽകുമെന്ന വിലയിരുത്തലിലാണ് അധികൃതർ.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി

ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.

രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *