പുതുവത്സരത്തിന് മുന്നോടിയായി ലണ്ടനിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം സാങ്കേതിക പ്രശ്നത്തെ തുടർന്ന് ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ തന്നെ അടിയന്തരമായി തിരിച്ചിറക്കി. ഏകദേശം 500 യാത്രക്കാരുമായി പറന്ന EK002 വിമാനത്തിലാണ് തകരാർ കണ്ടെത്തിയത്. ഡിസംബർ 31ന് ഉച്ചയ്ക്ക് 1.40ഓടെയാണ് വിമാനം ഹീത്രൂവിൽ നിന്ന് ദുബൈ ലക്ഷ്യമാക്കി പറന്നുയർന്നത്. എന്നാൽ പറക്കൽ ആരംഭിച്ച ഉടൻ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയും, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനം തിരികെ ഇറക്കാൻ തീരുമാനിക്കുകയുമായിരുന്നു. ലാൻഡിംഗിന് അനുവദനീയമായതിലധികം ഇന്ധനം വിമാനത്തിലുണ്ടായിരുന്നതിനാൽ ഭാരം കുറയ്ക്കുന്നതിനായി ഏകദേശം ഒരു മണിക്കൂറോളം വിമാനം ലണ്ടന്റെ ആകാശത്ത് വട്ടമിട്ട് പറന്നു.
ഫ്ലൈറ്റ് റഡാർ വിവരങ്ങൾ പ്രകാരം, ഏകദേശം 10,000 അടി ഉയരത്തിൽ വട്ടമിട്ട് പറന്ന വിമാനം വൈകുന്നേരം 4.28ഓടെയാണ് ഹീത്രൂവിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്. വിമാനം ഇറങ്ങുന്ന സമയത്ത് അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എമർജൻസി വാഹനങ്ങൾ വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തേക്കിറക്കിയതായി അധികൃതർ അറിയിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര തുടരുന്നതിനുള്ള ക്രമീകരണങ്ങൾ എമിറേറ്റ്സ് ഒരുക്കിയിട്ടുണ്ട്. ഉണ്ടായ അസൗകര്യത്തിൽ എയർലൈൻ യാത്രക്കാരോട് ക്ഷമാപണം അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് എമിറേറ്റ്സ് എപ്പോഴും മുൻഗണന നൽകുന്നതെന്ന് വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഒരു നിമിഷം ശ്രദ്ധിക്കൂ! യുഎഇയിലെ പള്ളികളിൽ നാളെ മുതൽ പ്രാർഥനാ സമയം മാറ്റി
ദുബായ്: പുതുവർഷ പിറവിയോടെ യുഎഇയിലെ ആരാധനാക്രമങ്ങളിൽ ചരിത്രപരമായ മാറ്റം വരുന്നു. രാജ്യത്തെ മുഴുവൻ എമിറേറ്റുകളിലുമുള്ള പള്ളികളിൽ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരവും പ്രസംഗവും (ഖുതുബ) ഇനി മുതൽ ഉച്ചയ്ക്ക് 12.45-ന് ഒരേ സമയത്ത് നടക്കും. പുതുവർഷത്തിലെ ആദ്യ വെള്ളിയാഴ്ചയായ നാളെ മുതലാണ് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ് (ഔഖാഫ്) പ്രഖ്യാപിച്ച ഈ ഏകീകൃത സമയക്രമം പ്രാബല്യത്തിൽ വരുന്നത്.
രാജ്യമുടനീളം ആരാധനാക്രമങ്ങൾ ഒരുമിപ്പിക്കുകയും വിശ്വാസികൾക്ക് ഒരേസമയം കൃത്യമായ മതപരമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. മുൻപ് ഓരോ എമിറേറ്റിലും ചെറിയ സമയവ്യത്യാസങ്ങൾ നിലനിന്നിരുന്ന സ്ഥാനത്താണ് ഇനി മുതൽ ഉച്ചയ്ക്ക് കൃത്യം 12.45-ന് പ്രാർത്ഥനകൾ ആരംഭിക്കുക. ഖുതുബ പൂർണ്ണമായും കേൾക്കാൻ വിശ്വാസികൾ നേരത്തെ തന്നെ പള്ളികളിൽ എത്തണമെന്ന് ഔഖാഫ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply