യുഎഇയിലെ പള്ളികളിൽ നടത്തപ്പെടുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്റെ സമയക്രമം 2026 ജനുവരിയോടെ പുതുക്കുമെന്ന് ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെൻ്റ്സ്, സകാത്ത് ജനറൽ അതോറിറ്റി (അൗഖാഫ്) അറിയിച്ചു. ജനുവരി 2, 2026 വെള്ളിയാഴ്ച മുതൽ പുതിയ സമയം പ്രാബല്യത്തിൽ വരും. ഇതനുസരിച്ച് എല്ലാ പള്ളികളിലും വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ഉച്ചയ്ക്ക് 12.45ന് ആരംഭിക്കും. നിലവിലെ 1.15ന് പകരം അരമണിക്കൂർ മുൻപാണ് പുതുക്കിയ ക്രമീകരണം. ഈ മാറ്റം സംബന്ധിച്ച് പുറത്തിറക്കിയ അറിയിപ്പിൽ, ജനുവരി രണ്ടുമുതൽ (അടുത്ത വെള്ളിയാഴ്ചയല്ല) നിശ്ചയിച്ച സമയം പാലിച്ച് ജുമുഅ നമസ്കാരത്തിൽ പങ്കെടുക്കണമെന്ന് അൗഖാഫ് വിശ്വാസികളോട് അഭ്യർഥിച്ചു. കൃത്യസമയത്ത് നമസ്കാരം നിർവഹിക്കുന്നത് പ്രതിഫലവും അനുഗ്രഹവും ഉറപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
യുഎഇയിലെ വാരാന്ത്യ അവധി സംവിധാനത്തിൽ വരുത്തിയ മാറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് 2022ൽ വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയം ഏകീകൃതമായി ഉച്ചയ്ക്ക് 1.15 ആയി നിശ്ചയിച്ചത്. അതേസമയം, വാരാന്ത്യം വെള്ളി–ശനി സംവിധാനം മുതൽ ശനി–ഞായർ സംവിധാനത്തിലേക്ക് മാറ്റിയതോടെ, പൊതുമേഖലാ ജീവനക്കാർക്ക് വെള്ളിയാഴ്ച ഉച്ചവരെ ജോലി ചെയ്ത് ജുമുഅയിൽ പങ്കെടുക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. ചില സ്വകാര്യ സ്ഥാപനങ്ങൾ വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം സംവിധാനവും നടപ്പാക്കിയിരുന്നു. ഇതേ സമയം, കഴിഞ്ഞ വേനൽക്കാലത്ത് കടുത്ത ചൂട് കണക്കിലെടുത്ത്, വെള്ളിയാഴ്ച ഖുതുബയും നമസ്കാരവും ദൈർഘ്യം കുറയ്ക്കണമെന്നും 10 മിനിറ്റിനുള്ളിൽ പൂർത്തിയാക്കണമെന്നും ഇമാമുമാർക്ക് അധികൃതർ നിർദേശം നൽകിയിരുന്നു. മുസ്ലിം മതവിശ്വാസികൾക്ക് വെള്ളിയാഴ്ച ആഴ്ചയിലെ ഏറ്റവും വിശുദ്ധ ദിനമായാണ് കണക്കാക്കപ്പെടുന്നത്. ഈ ദിവസം പള്ളികളിൽ നടക്കുന്ന പ്രത്യേക കൂട്ടപ്രാർത്ഥനയാണ് ജുമുഅ നമസ്കാരം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
രക്ഷകനായി മലയാളി മെഡിക്കൽ വിദ്യാർഥി; വിമാനത്തിൽ വെച്ച് ജീവൻ രക്ഷിച്ചു: ‘ഹീറോ ഓഫ് ഉസ്ബെകിസ്താൻ’ ബഹുമതി
വിമാനയാത്രയ്ക്കിടെ ഉസ്ബെക്കിസ്ഥാന സ്വദേശിനിയായ യുവതിയുടെ ജീവൻ രക്ഷിച്ച മലയാളി മെഡിക്കൽ വിദ്യാർഥിക്ക് ഉസ്ബെക്കിസ്ഥാനിൽ നിന്ന് പ്രത്യേക അംഗീകാരം. തിരൂർ പുറത്തൂർ സ്വദേശിയായ അനീസ് മുഹമ്മദിന് ‘ഹീറോ ഓഫ് ഉസ്ബെകിസ്ഥാൻ’ എന്ന ബഹുമതി നൽകി രാജ്യം ആദരിച്ചു. താഷ്‌കെൻ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ അവസാന വർഷ വിദ്യാർഥിയാണ് അനീസ്.
ഉസ്ബെക്കിസ്ഥാനിലെ അർധസർക്കാർ സ്ഥാപനമായ ‘യുക്കാലിഷ് മൂവ്‌മെൻ്റ്’ സംഘടിപ്പിച്ച ചടങ്ങിലാണ് ബഹുമതി വിതരണം ചെയ്തത്. നാല് മാസം മുൻപ് താഷ്‌കെൻ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് സംഭവമുണ്ടായത്. യാത്രയ്ക്കിടയിൽ ഒരു ഉസ്ബെക് വനിതക്ക് ഗുരുതര ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വിമാനത്തിലെ അടിയന്തര സഹായത്തിനായുള്ള പ്രഖ്യാപനം കേട്ട് അനീസ് ഉടൻ ഇടപെടുകയായിരുന്നു.
ഹൃദ്രോഗബാധിതയായിരുന്ന യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സ വിമാനത്തിനുള്ളിൽ തന്നെ നൽകാൻ അനീസിന് സാധിച്ചു. വേഗതയോടെയും കൃത്യതയോടെയും നടത്തിയ മെഡിക്കൽ ഇടപെടലാണ് സ്ത്രീയുടെ ജീവൻ രക്ഷിക്കാൻ വഴിവെച്ചത്. ഡൽഹിയിലേക്ക് ഫെല്ലോഷിപ്പിനായി യാത്ര ചെയ്യുന്നതിനിടെയായിരുന്നു അനീസ് അപകടകരമായ സാഹചര്യത്തിൽ സഹായത്തിനെത്തിയത്.
യുഎഇയിൽ പ്രവാസിയായ തിരൂർ പുറത്തൂർ ശാന്തിനഗർ പാടശ്ശേരി ഹുസൈൻ–റഹ്മത്ത് ദമ്പതികളുടെ മകനാണ് അനീസ് മുഹമ്മദ്. അദ്ദേഹത്തിന്റെ സമയോചിത ഇടപെടലിനും മനുഷ്യസ്നേഹത്തിനുമാണ് ഉസ്ബെക്കിസ്ഥാൻ പ്രത്യേക അംഗീകാരം നൽകിയത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
വാഹന നിരോധനം മുതൽ നിരക്ക് വർധനവ് വരെ: യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 10 ട്രാഫിക് നിയമങ്ങൾ
പുതുവർഷമായ 2026 കടന്നുവരുമ്പോൾ യുഎഇ നിവാസികൾക്ക് അവരുടെ ദിനസഞ്ചാരങ്ങളെ സ്വാധീനിക്കുന്ന നിരവധി ഗതാഗത നിയമഭേദഗതികളോടെയാണ് വർഷാരംഭം. 2025-ന്റെ ആദ്യകാലത്ത് സാലിക് ടോൾ നിരക്കുകളിലുണ്ടായ മാറ്റങ്ങൾ, പാർക്കിങ് ചാർജുകളുടെ വർധന, കൂടാതെ ഗതാഗതക്കുരുക്ക് എന്നിവ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്‌ടിച്ചിരുന്നുവെങ്കിലും, വർഷത്തിന്റെ രണ്ടാം പകുതിയിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ പുതുവർഷത്തിൽ ആശ്വാസമാകുമെന്ന പ്രതീക്ഷയാണ് അധികൃതർ ഉയർത്തുന്നത്. ഈ മാറ്റങ്ങൾ തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലൂടെ സഞ്ചരിക്കുന്നവരിൽ മാത്രം ഒതുങ്ങുന്നതല്ല. പള്ളികളോട് ചേർന്നുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആരാധകർക്കു മുൻഗണന നൽകുന്ന പുതിയ സൈൻബോർഡുകൾ സ്ഥാപിച്ചു. അബുദാബിയിൽ, 15 വയസ്സിന് താഴെയുള്ള കുട്ടികളെ മുതിർന്നവരുടെ അകമ്പടിയില്ലാതെ ബസിലോ സ്വകാര്യ വാഹനങ്ങളിലോ സ്കൂളിൽ നിന്ന് കൊണ്ടുപോകുകയോ വിടുകയോ ചെയ്യുന്നത് നിരോധിച്ചു. ദുബായിൽ, ഇലക്ട്രിക് ബൈക്കുകളുടെ ഉപയോഗം വർധിച്ചതിനെ തുടർന്നാണ് നഗരത്തിന്റെ വിവിധ തന്ത്രപ്രധാന മേഖലകളിൽ ബാറ്ററി സ്വാപ്പിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്.
രാജ്യത്ത് വർധിച്ചുവരുന്ന ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി വൻ അടിസ്ഥാന സൗകര്യ പദ്ധതികളും നടപ്പിലാക്കുകയാണ്. 120 കിലോമീറ്റർ നീളവും 12 ലേനുകളുമുള്ള നാലാമത്തെ ഫെഡറൽ ഹൈവേയുടെ നിർമാണമാണ് അതിൽ പ്രധാനപ്പെട്ടത്. നിലവിലുള്ള മൂന്ന് ഹൈവേകൾ കൂടി വീതികൂട്ടുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്. കൂടാതെ, അടുത്ത രണ്ട് വർഷത്തിനുള്ളിൽ ദുബായിലെ ബുർ ദുബായ്, ദെയ്റ, ഡൗൺടൗൺ, അൽ റിഗ്ഗ എന്നിവ ഉൾപ്പെടുന്ന തിരക്കേറിയ വാണിജ്യ മേഖലകളിൽ അഞ്ച് മൾട്ടി-സ്റ്റോറി കാർ പാർക്കിംഗ് കെട്ടിടങ്ങൾ നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്.
പുതുവർഷത്തിൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങളിൽ ഒന്നാണ് അബുദാബിയിൽ ദർബ് (Darb) ടോൾ ഈടാക്കുന്ന സമയക്രമത്തിലെ പരിഷ്കാരം. സെപ്റ്റംബർ 1 മുതൽ തിങ്കൾ മുതൽ ശനി വരെ ഉച്ചകഴിഞ്ഞ് 3 മുതൽ 7 വരെ ടോൾ ഈടാക്കും; ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും സൗജന്യം തുടരും. ഒക്ടോബർ 27 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ സാഹചര്യങ്ങൾ അനുസരിച്ച് വേഗപരിധി സ്വയം ക്രമീകരിക്കുന്ന വേരിയബിൾ സ്പീഡ് ലിമിറ്റ് സംവിധാനവും നിലവിൽ വന്നു.
ഈ വർഷം നവംബർ 1 മുതൽ ദുബായിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡെലിവറി റൈഡർമാർക്ക് ഹൈ-സ്പീഡ് ലേനുകൾ ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തി. അതേ തീയതി മുതൽ ശാർജയിൽ മോട്ടോർ ബൈക്കുകൾക്കും ഭാരവാഹക വാഹനങ്ങൾക്കും ബസുകൾക്കും പ്രത്യേക ലേനുകൾ അനുവദിച്ചു. അജ്മാനിൽ ടാക്സികളിലും ലിമോസിനുകളിലും റോഡ് പരിധിയനുസരിച്ച് വേഗത സ്വയം നിയന്ത്രിക്കുന്ന സ്മാർട്ട് സ്പീഡ് ലിമിറ്ററുകൾ രാജ്യത്ത് ആദ്യമായി നടപ്പാക്കി.
ഡിസംബർ 1 മുതൽ അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡ് (E11), അൽ റാഹ ബീച്ച് റോഡ് (E10) എന്നീ വഴികളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തി അവയെ മറ്റു റോഡുകളിലേക്ക് തിരിച്ചുവിടും. നവംബർ മാസത്തിൽ ദുബായിലെ ഇത്തിഹാദ് റോഡ്, എയർപോർട്ട് ടണൽ, E311, E611 തുടങ്ങിയ സ്ഥലങ്ങളിൽ ‘നോ പാസിംഗ്’ ലേനുകളും ഓവർഹെഡ് കാമറകളും സ്ഥാപിച്ചു. അതേസമയം, സ്മാർട്ട് ആപ്പുകൾ മുഖേന ബുക്ക് ചെയ്യുന്ന ടാക്സികളുടെ കുറഞ്ഞ നിരക്ക് Dh12ൽ നിന്ന് Dh13 ആയി ഉയർത്തി.
ഒക്ടോബർ മുതൽ പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ തന്നെ കുടിശികയായ പിഴകളുള്ള വാഹനങ്ങളെ കണ്ടെത്തി നടപടി സ്വീകരിക്കാൻ ദുബായ് പോലീസിന് അധികാരം നൽകി. കൂടാതെ, ഓഗസ്റ്റുമുതൽ ദുബായിൽ പള്ളികൾക്ക് ചുറ്റുമുള്ള പാർക്കിങ് സ്ഥലങ്ങളിൽ ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും പണമടച്ച് പാർക്ക് ചെയ്യേണ്ട സംവിധാനം നടപ്പാക്കി. പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് അനുവദിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply