ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു! ‘സൂപ്പർമാൻ’ ദേവേഷ് മിസ്ത്രിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി പ്രവാസലോകം

ദുബായ്:യുഎഇയുടെ ഡിജിറ്റൽ ഡിസൈൻ രംഗത്തെ അതികായനും, റെഡ് ബ്ലൂ ബ്ലർ ഐഡിയാസ് (RBBi) എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനുമായ ഇന്ത്യൻ പ്രവാസി വ്യവസായി ദേവേഷ് മിസ്ത്രി (ദേവ്) ദുബായിൽ അന്തരിച്ചു. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിൽ പ്രവാസി സമൂഹവും യുഎഇയിലെ ഡിജിറ്റൽ ലോകവും ഞെട്ടിയിരിക്കുകയാണ്.

യുഎഇയിലെ യൂസർ എക്സ്പീരിയൻസ് (UX), യൂസർ ഇന്റർഫേസ് (UI) മേഖലകൾക്ക് പുതിയ ദിശാബോധം നൽകുന്നതിൽ ദേവേഷ് മിസ്ത്രി നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും അർപ്പണബോധവും കാരണം കമ്പനിയിൽ സഹപ്രവർത്തകർ അദ്ദേഹത്തെ ‘സൂപ്പർമാൻ’ എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്.

2011-ൽ അമോൽ കദമിനൊപ്പം ചേർന്ന് സ്ഥാപിച്ച RBBi, യുഎഇയിലെ മുൻനിര UX, UI ഏജൻസികളിൽ ഒന്നായി വളർന്നു. മൈക്രോസോഫ്റ്റ്, ഐബിഎം, എമിറേറ്റ്സ് എൻബിഡി, മാസ്റ്റർകാർഡ് ഉൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളുമായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തൊഴിൽപരമായ നേട്ടങ്ങൾക്കപ്പുറം, യൂണിവേഴ്സിറ്റി ഓഫ് ദുബായിൽ ഡിജിറ്റൽ സ്ട്രാറ്റജി പ്രോഗ്രാമുകളുടെ ലെക്ചറർ, മെന്റർ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേവേഷിന്റെ മരണം യുഎഇയിലെ ഇന്ത്യൻ സമൂഹത്തിനും ഡിജിറ്റൽ സംരംഭകർക്കും തീരാനഷ്ടമാണ്. മരണകാരണം കമ്പനി പുറത്തുവിട്ടിട്ടില്ല.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; താപനില കുറയും, റെഡ് അലേർട്ട്

യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *