യുഎഇയിലെ പ്രമുഖ ബാങ്കായ എമിറേറ്റ്‌സ് എൻബിഡി നവംബർ 1, 2025 മുതൽ എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി. (One-Time Password) ഒഴിവാക്കി, ബാങ്കിന്റെ ENBD X മൊബൈൽ ആപ്പിലൂടെ മാത്രം ഇടപാടുകൾ സ്ഥിരീകരിക്കുന്ന സംവിധാനത്തിലേക്ക് മാറുന്നു. ആദ്യ ഘട്ടത്തിൽ അക്കൗണ്ട് ട്രാൻസ്ഫറുകളും ചെറിയ മൂല്യമുള്ള അലർട്ടുകളും (100 ദിർഹം വരെ) ആപ്പ് മുഖേന സ്ഥിരീകരണം ആവശ്യമായിരിക്കും. തുടർ ഘട്ടങ്ങളിൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ അലർട്ടുകളും ഇതേ രീതിയിൽ നടപ്പാക്കുമെന്ന് ബാങ്ക് അറിയിച്ചു. യുഎഇ സെൻട്രൽ ബാങ്കിന്റെ നിർദേശ പ്രകാരമാണ് ഈ മാറ്റം വരുന്നത്. 2026 മാർച്ച് മാസത്തിനകം രാജ്യത്തെ എല്ലാ ബാങ്കുകളും എസ്.എം.എസ്/ഇമെയിൽ ഒ.ടി.പി. പൂർണമായും ഒഴിവാക്കണമെന്ന് സെൻട്രൽ ബാങ്ക് നിർദേശിച്ചിരിക്കുകയാണ്.
എസ്.എം.എസ്/ഇമെയിൽ വഴി ലഭിക്കുന്ന ഒ.ടി.പി.കളാണ് അടുത്തകാലത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾക്ക് വഴിവച്ചത്. സിം-സ്വാപ്പ്, എസ്.എം.എസ് ഇൻറർസെപ്ഷൻ, സോഷ്യൽ എഞ്ചിനീയറിംഗ് തുടങ്ങിയ ആക്രമണങ്ങളിലൂടെ നിരവധി ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ അപകടത്തിലായിട്ടുണ്ട്.
എന്നാൽ ആപ്പ് അടിസ്ഥാനത്തിലുള്ള വെരിഫിക്കേഷൻ (പുഷ് നോട്ടിഫിക്കേഷൻ, ബയോമെട്രിക്‌സ്, സോഫ്റ്റ് ടോക്കൺ തുടങ്ങിയവ) ഇത്തരം അപകടങ്ങൾ കുറയ്ക്കുന്നു. ഉപഭോക്താവിന്റെ സ്വന്തം മൊബൈൽ ആപ്പിലൂടെയാണ് സ്ഥിരീകരണം നടക്കുന്നത്, പലപ്പോഴും വിരലടയാളം, മുഖം തിരിച്ചറിയൽ തുടങ്ങിയ അധിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുന്നത്. യുഎഇയിലെ മുഴുവൻ ബാങ്കുകളിലും അടുത്ത മാസം മുതൽ ഘട്ടംഘട്ടമായി ആപ്പ്-വെരിഫിക്കേഷനിലേക്കുള്ള മാറ്റം നടപ്പാക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
യുഎഇയിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്തുവിട്ടു, യൂസഫലി ഒന്നാമത്
ദുബായ് ആസ്ഥാനമായ പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാൻസ് വേൾഡ് പുറത്തിറക്കിയ ‘ടോപ് 100 എക്‌സ്പാറ്റ് ലീഡേഴ്‌സ്’ പട്ടികയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ഒന്നാം സ്ഥാനം. യുഎഇയെ ഒരു ഗ്ലോബൽ പവർ ഹൗസാക്കി മാറ്റിയ പ്രമുഖ നേതാക്കളെ ഉൾപ്പെടുത്തിയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. യുഎഇയിൽ നൂതനമായ റീട്ടെയിൽ വൈവിധ്യവത്ക്കരണം യാഥാർത്ഥ്യമാക്കിയത് യൂസഫലിയാണെന്ന് ഫിനാൻസ് വേൾഡ് വിലയിരുത്തി. അദ്ദേഹത്തിൻ്റെ നേതൃത്വത്തെ മികച്ചതാക്കുന്ന ഘടകങ്ങളായി പ്രസിദ്ധീകരണം ചൂണ്ടിക്കാട്ടുന്നത്: ഉൽപ്പന്നങ്ങൾക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങൾ, ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തിയത്, അടിസ്ഥാന സൗകര്യം, സുസ്ഥിരത പദ്ധതികൾ, ഡിജിറ്റൽവത്കരണം, വ്യാപാര വിപുലീകരണം എന്നിവയുടെ മികവ്. യുഎഇ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയോടു കൂടിയ പ്രവര്‍ത്തനങ്ങള്‍, സാമൂഹിക ഉന്നമന ശ്രമങ്ങള്‍, യുഎഇയുടെ ആരോഗ്യ-വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിവരുന്ന പിന്തുണ എന്നിവയാണ് റാങ്കിങിന് പരിഗണിച്ചത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
ക്രൂര കൊലപാതകം; ‘ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ’: യുഎഇയിൽ നിന്നെത്തിയ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി
ദുബായിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കെട്ടിട നിർമ്മാണ തൊഴിലാളി, ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. ബാംഗ്ലൂരിലാണ് സംഭവം. സെപ്റ്റംബർ 28-ന് വൈകുന്നേരമാണ് ഉള്ളാൾ മെയിൻ റോഡിലെ വാടക അപ്പാർട്മെന്റിൽ സംഭവം നടന്നത്. തമിഴ്നാട്ടിലെ വില്ലുപുരം സ്വദേശിയായ ധർമശീലൻ രമേഷിനെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ച നിലയിലും, ഭാര്യയും തമിഴ്നാട്ടിലെ കല്ലക്കുറിച്ചി സ്വദേശിനിയായ മഞ്ജുവിനെ രക്തത്തിൽ കുളിച്ച നിലയിലുമാണ് പൊലീസ് കണ്ടെത്തിയത്. മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു, കൂടാതെ കഴുത്തറുത്ത നിലയിലുമായിരുന്നു. ദുബായിൽ നിർമ്മാണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന രമേഷ് ഓഗസ്റ്റിൽ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 2022-ൽ വിവാഹിതരായ ദമ്പതികൾക്ക് കുട്ടികളില്ല. കഴിഞ്ഞ ഒന്നര വർഷമായി മഞ്ജു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു.
ദുബായിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇരുവരും രണ്ടാഴ്ചത്തോളം തമിഴ്നാട്ടിൽ ഒരുമിച്ച് കഴിഞ്ഞിരുന്നു. തുടർന്ന് മഞ്ജു ജോലിക്കായി ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. സംഭവം പുറത്തറിഞ്ഞത് മഞ്ജുവിന്റെ പിതാവ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ്. അകത്തുനിന്ന് പൂട്ടിയിരുന്ന മുറിയിൽ മറുപടി ലഭിക്കാത്തതിനാൽ അദ്ദേഹം ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. മകൾ രക്തത്തിൽ കുളിച്ച നിലയിലും മരുമകൻ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t
Leave a Reply