പണി തെറിപ്പിച്ച് പണി തരുമോ എഐ; യുഎഇയിൽ ജോലികളിൽ മാറ്റം വരുന്നു

ദുബായ്: യുഎഇയിലെയും ഗൾഫ് സഹകരണ കൗൺസിലിലെയും (ജിസിസി) പ്രമുഖ കമ്പനികൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) സ്വീകരിക്കുന്നത് വർധിച്ചതോടെ ജോലി ചെയ്യുന്ന രീതി മാറ്റിയെഴുതുന്നു. എന്നാൽ, തൊഴിൽ നഷ്ടം ഉണ്ടാക്കുന്നതിന് പകരം, മിക്ക സ്ഥാപനങ്ങളും ഉത്തരവാദിത്തങ്ങൾ ലയിപ്പിക്കാനും ടീമുകളെ പുനഃക്രമീകരിക്കാനും തൊഴിൽ രീതികൾ മാറ്റാനും ശ്രമിക്കുന്നതായി ഒരു പുതിയ പഠനം വ്യക്തമാക്കുന്നു.

കൂപ്പർ ഫിച്ച് പുറത്തിറക്കിയ ‘റെഡിഫൈനിങ് വർക്ക്: എഐ & ദി ഫ്യൂച്ചർ ഓഫ് ടാലൻ്റ്’ (Redefining Work: AI & the Future of Talent) എന്ന പഠനത്തിലാണ് ഈ വിവരങ്ങൾ ഉള്ളത്. എഐയുടെ വരവ് പല ജോലികളെയും സംയോജിപ്പിക്കാൻ കാരണമായി. ജിസിസിയിലെ 55 ശതമാനം സ്ഥാപനങ്ങളും വ്യാപകമായ പിരിച്ചുവിടലുകൾക്ക് പകരം ജോലികൾ സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്.

തൊഴിൽ നഷ്ടം കുറവ്, ജോലികളിൽ മാറ്റം വരുന്നു

കൂപ്പർ ഫിച്ചിൻ്റെ സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോർ മർഫി പറയുന്നതനുസരിച്ച്, സർവേയിൽ പങ്കെടുത്ത 60 ശതമാനം പേരും എഐ കാരണം തൊഴിൽ നഷ്ടം വളരെ കുറവായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. എഐ ഇപ്പോൾ ബാധിക്കുന്നത് ജൂനിയർ, ഗ്രാജ്വേറ്റ്, അഡ്മിനിസ്ട്രേറ്റീവ്, ഡാറ്റാ എൻട്രി, റിപ്പോർട്ട് എഴുത്ത്, ഓട്ടോമേഷൻ തുടങ്ങിയ ജോലികളെയാണ്.

എഐ ഒരു മുഴുവൻ ജോലിയെയും ഇല്ലാതാക്കുന്നതിന് പകരം, അതിലെ ചില പ്രത്യേക ജോലികളെയാണ് മാറ്റുന്നത്. ഇത് ടീമുകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ജോലികളുടെ ആവശ്യകതകൾ പുനർനിർവചിക്കാനും സഹായിക്കുന്നു.

യുഎഇയിലെയും ജിസിസിയിലെയും 31 ശതമാനം പേരും അടുത്ത 12-24 മാസത്തിനുള്ളിൽ ചില ജോലികൾ ഇല്ലാതാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇത് ഒരു മുഴുവൻ തസ്തികയേക്കാൾ ആവർത്തന സ്വഭാവമുള്ള ജോലികളെ മാത്രമാകും ബാധിക്കുക. വെറും ഏഴ് ശതമാനം പേർ മാത്രമാണ് എഐ കാരണം തങ്ങൾക്ക് തൊഴിൽ നഷ്ടമുണ്ടായതായി അറിയിച്ചത്. ട്രാൻസ്ക്രിപ്ഷൻ, അഡ്മിൻ, ജൂനിയർ അനലിസ്റ്റ്, ക്രിയേറ്റീവ് പ്രൊഡക്ഷൻ തുടങ്ങിയ ചെറിയ ജോലികളിലാണ് ഈ നഷ്ടം കൂടുതലും സംഭവിച്ചിട്ടുള്ളത്.

പ്രതീക്ഷകളും യാഥാർത്ഥ്യവും

എഐയുടെ വരവോടെ ഉത്പാദനക്ഷമത വർധിക്കുമെന്ന് തൊഴിലുടമകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, സാങ്കേതികവിദ്യ അതിൻ്റെ ആദ്യഘട്ടത്തിലായതുകൊണ്ട് ആ ആവശ്യങ്ങൾ നിറവേറ്റാൻ ഇത് ഇനിയും വളരേണ്ടതുണ്ടെന്നാണ് ജീവനക്കാർ കരുതുന്നത്.

ബോർഡുകളിൽ നിന്ന് സി-ലെവൽ ഉദ്യോഗസ്ഥർക്ക് എഐ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമതയും ലാഭവും ഉണ്ടാക്കാനുള്ള സമ്മർദ്ദമുണ്ട്. എന്നാൽ പല ജോലികൾക്കും എഐ അത്ര കാര്യക്ഷമമല്ലെന്നും, എഐ ഉണ്ടാക്കുന്ന വിവരങ്ങൾ വീണ്ടും പരിശോധിക്കേണ്ടി വരുന്നത് കൂടുതൽ അധ്വാനം ഉണ്ടാക്കുന്നുണ്ടെന്നും ജീവനക്കാർ പറയുന്നു.

എഐ വിദഗ്ദ്ധരുടെ ക്ഷാമം

പ്രാദേശിക, മേഖലാ കമ്പനികളിൽ എഐ വിദഗ്ധരുടെ കുറവുണ്ടെന്ന് പഠനം വെളിപ്പെടുത്തുന്നു. മൾട്ടിനാഷണൽ കമ്പനികൾ എഐ വലിയ തോതിൽ ഉപയോഗിക്കുമ്പോൾ, ജിസിസിയിലെ കമ്പനികളിൽ വെറും ഏഴ് ശതമാനം മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.

കൂടാതെ, സർവേയിൽ പങ്കെടുത്ത 41 ശതമാനം കമ്പനികളും എഐക്കായി പ്രതിവർഷം 500,000 ഡോളറിൽ താഴെയാണ് ചെലവഴിക്കുന്നത്. 19 ശതമാനം കമ്പനികൾ 500,000 നും 5 ദശലക്ഷം ഡോളറിനും ഇടയിലും, 8 ശതമാനം കമ്പനികൾ 5 ദശലക്ഷം ഡോളറിലധികം തുകയും നിക്ഷേപിക്കുന്നു.

സാങ്കേതികവിദ്യ പ്രതീക്ഷിച്ച ഫലം നൽകാത്തതും, പലപ്പോഴും ജീവനക്കാർക്ക് മാനസിക സമ്മർദ്ദമുണ്ടാക്കുന്നുണ്ടെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

റോഡിൽ അലക്ഷ്യമായി ട്രക്ക് നിർത്തി, മോട്ടോർ സൈക്കിൾ വന്ന് ഇടിച്ചു; യുഎഇയിൽ ഒരാൾക്ക് ദാരുണാന്ത്യം

ദുബായ്: ഷെയ്ഖ് സായിദ് റോഡിൽ ട്രക്കുമായി കൂട്ടിയിടിച്ച് മോട്ടോർ സൈക്കിൾ യാത്രികൻ മരിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് റോഡ് ഷോൾഡറിൽ നിർത്തിയിട്ട ട്രക്കിൽ തട്ടി ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്ന് ദുബായ് പോലീസ് അറിയിച്ചു.

അബുദാബിയിലേക്ക് പോകുന്ന ദിശയിൽ അറബ്യൻ റാൻചസ് ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. ട്രക്ക് സുരക്ഷിതമല്ലാത്ത രീതിയിൽ റോഡ് ഷോൾഡറിൽ നിർത്തിയിട്ടതും മോട്ടോർ സൈക്കിൾ യാത്രികൻ്റെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമെന്ന് ട്രാഫിക് ജനറൽ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ പറഞ്ഞു. സംഭവസ്ഥലത്ത് വെച്ച് തന്നെ മോട്ടോർ സൈക്കിൾ യാത്രികൻ മരണപ്പെട്ടു.

അപകടകരമായ ട്രാഫിക് നിയമലംഘനങ്ങളിൽ ഒന്നാണ് റോഡ് ഷോൾഡറിൽ അനാവശ്യമായി വാഹനം നിർത്തിയിടുന്നത്. ഇത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകാറുണ്ടെന്നും ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു. റോഡ് ഷോൾഡറുകൾ അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും, അനാവശ്യമായി അവിടെ വാഹനം നിർത്തുന്നത് നിയമലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായിൽ ഇതിന് കനത്ത പിഴയും ബ്ലാക്ക് പോയിൻ്റുകളും വാഹനങ്ങൾ കണ്ടുകെട്ടുന്നതടക്കമുള്ള ശിക്ഷകളും ലഭിക്കും.

വാഹനം റോഡിൽ നിർത്തിയിടേണ്ടി വന്നാൽ, സുരക്ഷിതമായ സ്ഥലത്ത് ഒതുക്കിയിടാനും അപകട സൂചന ലൈറ്റുകൾ, മുന്നറിയിപ്പ് ട്രയാംഗിളുകൾ എന്നിവ ഉപയോഗിക്കാനും അദ്ദേഹം നിർദേശിച്ചു. വേഗത നിയന്ത്രിക്കണമെന്നും വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ പോലുള്ള ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് പോലീസ് ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും, നിയമലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുജന സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഇനിയെന്ത് ചെയ്യും! വിമാനങ്ങളിൽ സീറ്റില്ല, ടിക്കറ്റ് വിലയിൽ പത്തിരട്ടി വർധനവും, നട്ടംതിരിഞ്ഞ് പ്രവാസി മലയാളികൾ

മധ്യവേനൽ അവധിക്ക് ശേഷം യുഎഇയിലെ സ്കൂളുകൾ തുറന്നിട്ടും, കേരളത്തിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ കുറവില്ലാതെ തുടരുന്നു. സീസണിന്റെ പേരിൽ സാധാരണ നിരക്കിന്റെ പത്തിരട്ടിയിലേറെയാണ് യാത്രാ കൂലി. ഈ സാഹചര്യം പ്രവാസി മലയാളികളെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഒരു നാലംഗ കുടുംബത്തിന് നാട്ടിൽ നിന്ന് യുഎഇയിലേക്ക് തിരികെ വരാൻ ഏകദേശം രണ്ട് ലക്ഷം രൂപയോളം ചെലവ് വരും. ഇതാണ് പലരുടെയും യാത്രാ പദ്ധതികൾ താളം തെറ്റിക്കുന്നത്.

നിലവിൽ, ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ശരാശരി 5500 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുമ്പോൾ, കൊച്ചിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റിന് 50,000 രൂപയ്ക്ക് മുകളിലാണ് നിരക്ക്. ഓണം ആഘോഷിക്കാൻ നാട്ടിലെത്തിയ കുടുംബങ്ങളാണ് ഈ നിരക്ക് വർധനവിന്റെ പ്രധാന ഇരകൾ. നിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബങ്ങളുടെ കണക്കുകൂട്ടലുകൾ തെറ്റി. ഇത് കാരണം പല വിദ്യാർത്ഥികൾക്കും സ്കൂൾ തുറന്നിട്ടും യുഎഇയിൽ തിരികെയെത്താൻ സാധിച്ചിട്ടില്ല.

പുതിയ യുഎഇ നിയമം അനുസരിച്ച്, 15 ദിവസത്തിൽ കൂടുതൽ തുടർച്ചയായി സ്കൂളിൽ ഹാജരാകാത്ത വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് പ്രൊമോഷൻ ലഭിക്കില്ല എന്നതിനാൽ, ഈ സാഹചര്യം രക്ഷിതാക്കളെ കൂടുതൽ ആശങ്കയിലാക്കുന്നു. സ്കൂൾ ഫീസ് മുടക്കി പഠിക്കുന്ന കുട്ടികൾക്ക് ഒരു വർഷം നഷ്ടമാകുന്നത് കുടുംബ ബജറ്റിനെ താളം തെറ്റിക്കുമെന്നാണ് പ്രവാസികളുടെ പ്രധാന ആവലാതി. അതിനാൽ, സീസൺ സമയങ്ങളിൽ കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തി ടിക്കറ്റ് നിരക്ക് കുറയ്ക്കണമെന്നാണ് അവരുടെ ആവശ്യം.

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് വാഗ്ദാനം ചെയ്ത് സ്പൈസ് ജെറ്റ് നടത്തിയ പ്രത്യേക വിമാന സർവീസുകൾ യാത്രക്കാരെ വലച്ച സംഭവവും വാർത്തയായി. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് നിശ്ചയിച്ച വിമാനം മണിക്കൂറുകളോളം വൈകിയതോടെ, പല യാത്രക്കാരുടെയും യാത്രാ പദ്ധതികൾ മുടങ്ങി. അടിയന്തരമായി യുഎഇയിൽ എത്തേണ്ടവർ മറ്റ് വിമാനങ്ങളിൽ ഉയർന്ന തുക നൽകി യാത്ര ചെയ്തപ്പോൾ, യാത്ര മാറ്റിവയ്ക്കാൻ സാധിക്കാത്തവർ വിമാനത്താവളത്തിൽ കുടുങ്ങി. യാത്രക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ടിക്കറ്റ് തുക തിരികെ നൽകാമെന്ന് വിമാനക്കമ്പനി അറിയിച്ചതിനെ തുടർന്ന് പലരും യാത്ര റദ്ദാക്കി മടങ്ങി.

ഇന്നത്തെ ടിക്കറ്റ് നിരക്കുകൾ (ഏകദേശം)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക്:

എയർ ഇന്ത്യ എക്സ്പ്രസ്: 5300 രൂപ

ഇൻഡിഗോ: 5600 രൂപ

സ്പൈസ് ജെറ്റ്: 5750 രൂപ

എയർ ഇന്ത്യ: 6300 രൂപ

ഇത്തിഹാദ്: 6000 രൂപ

എയർ അറേബ്യ: 7800 രൂപ

കൊച്ചിയിൽ നിന്ന് ദുബായിലേക്ക്:

എയർ ഇന്ത്യ എക്സ്പ്രസ്: 53,700 രൂപ

ഇൻഡിഗോ: 45,500 രൂപ

സ്പൈസ് ജെറ്റ്: 46,600 രൂപ

എയർ ഇന്ത്യ: 45,800 രൂപ

എമിറേറ്റ്സ്: 56,800 രൂപ

എയർ അറേബ്യ: 63,000 രൂപ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഖത്തർ; ​ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിൽ

ദോഹ: ഖത്തറിലെ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ആസ്ഥാനം ലക്ഷ്യമാക്കി ഇസ്രയേൽ നടത്തിയ ആക്രമണം രാഷ്ട്ര ഭീകരതയാണെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ഖത്തർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ഏത് സുരക്ഷാ ലംഘനത്തോടും ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ഒരു പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽതാനി. ഈ “നഗ്നമായ ആക്രമണത്തിനെതിരെ” തിരിച്ചടിക്കാൻ ഖത്തറിന് അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ സേന ഉടൻതന്നെ ഇടപെട്ടെന്നും അപകടത്തിൽപ്പെട്ടവരെയും ഇരകളെയും തിരിച്ചറിഞ്ഞെന്നും അദ്ദേഹം വിശദീകരിച്ചു.

ഇസ്രയേൽ ആക്രമണത്തെ “രാഷ്ട്ര ഭീകരത” എന്നും പ്രാദേശിക സുരക്ഷയും സ്ഥിരതയും തകർക്കാനുള്ള ശ്രമമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു. “ഈ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളെ മാത്രമല്ല, എല്ലാ ധാർമിക നിലവാരങ്ങളെയും ലംഘിച്ചു,” അദ്ദേഹം കൂട്ടിച്ചേർത്തു.

റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത ആയുധങ്ങളാണ് ഇസ്രയേൽ ആക്രമണത്തിനായി ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. “നെതന്യാഹുവിൽ നിന്ന് വഞ്ചന സ്വാഭാവികമാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തോട് പ്രതികരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ഒരു നിയമസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് അൽതാനി സ്ഥിരീകരിച്ചു. “ഇന്ന് സംഭവിച്ചത് ഈ മേഖലയ്ക്ക് നൽകുന്ന അപകടകരമായ സന്ദേശമാണ്. ഇവിടെ രാഷ്ട്രീയ വിവേകശൂന്യതയിൽ ഏർപ്പെടുന്ന ഒരു തെമ്മാടി ശക്തിയുണ്ടെന്ന് ഇത് കാണിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ നിർത്തിവെച്ചതായി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, വെല്ലുവിളികൾക്കിടയിലും മധ്യസ്ഥ ശ്രമങ്ങൾ തുടരുമെന്ന് ഖത്തർ പ്രധാനമന്ത്രി അറിയിച്ചു. സംഭാഷണങ്ങളിലൂടെ മേഖലയിൽ സ്ഥിരത കൈവരിക്കുക എന്നതാണ് ഖത്തറിന്റെ നയതന്ത്രത്തിന്റെ അടിസ്ഥാനം. അത് രാജ്യത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ഈ മേഖലയുടെയും ജനങ്ങളുടെയും സ്ഥിരതയ്ക്കായി തങ്ങൾ മധ്യസ്ഥത വഹിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്രയേൽ ആക്രമണത്തിനെതിരെ നടപടിയെടുക്കുന്നതിനായി എല്ലാ സൗഹൃദ, സഹോദര രാഷ്ട്രങ്ങളുമായി തങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വരും ദിവസങ്ങളിൽ സ്വീകരിക്കുന്ന നടപടികൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ, യുഎസ് സമ്മർദ്ദം കാരണം മധ്യസ്ഥ ശ്രമങ്ങൾ നിർത്തരുതെന്ന് യുഎസ് ഖത്തറിനോട് ആവശ്യപ്പെട്ടതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഖത്തർ നേതാക്കൾ ട്രംപ് ഭരണകൂടത്തെ മധ്യസ്ഥ ശ്രമങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ പദ്ധതിയിടുന്നതായി അറിയിച്ചതിന് പിന്നാലെയായിരുന്നു യുഎസിന്റെ ഈ ഇടപെടൽ.

നാട്ടിലേക്ക് പണം അയയ്ക്കാൻ ഇത് നല്ല സമയമാണോ?; ഇന്നത്തെ യുഎഇ ദിർഹം – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 88.090876 ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 23.99 ആയി. അതായത് 41.68 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

കടുത്ത വേനലിനെ സർക്കാർ ജീവനക്കാർക്ക് അനുവദിച്ച ഇളവ് വെള്ളിയാഴ്ച അവസാനിക്കും

യുഎഇയിലെ കടുത്ത വേനലിനെ തുടർന്ന് സർക്കാർക്ക് ജോലിക്കാർക്ക് അനുവദിച്ച ജോലി സമയത്തിലെ ഇളവ് വെള്ളിയാഴ്ച്ച അവസാനിക്കും. ഈ ഇളവ് പ്രകാരം ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മണിക്കൂർ വീതം ജോലി ചെയ്ത് വാരാന്ത്യ അവധിയൊടൊപ്പം വെള്ളിയാഴ്ചയും ഉൾപ്പെടുത്തുക, അല്ലെങ്കിൽ തിങ്കൾ മുതൽ വ്യാഴം വരെ ഏഴ് മണിക്കൂർ വീതവും, വെള്ളിയാഴ്ച നാലര മണിക്കൂറും ജോലി ചെയ്ത് ബാക്കി മണിക്കൂർ വാരാന്ത്യ അവധിയിലേക്ക് ചേർക്കുക എന്നതായിരുന്നു അനുവദിച്ചിരുന്നത്.

ഇളവ് ഓരോ സ്ഥാപനത്തിന്റെയും വിവേചനാധികാരം അടിസ്ഥാനമാക്കി നടപ്പാക്കുകയായിരുന്നു. കഴിഞ്ഞവർഷം ദുബായ് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് പരിപാടി ആരംഭിച്ചത്. വേനൽക്കാല ജോലി സമയത്തെക്കുറിച്ച് സർക്കാർ ജീവനക്കാർക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ജോലി സമയത്തിൽ മാറ്റം വരുത്തിയത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ഓഫീസ് സമയം കുറയ്ക്കാനുള്ള നിർദേശങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിച്ചത്. ജീവനക്കാരുടെ ജീവിതനിലവാരം കൂടുതൽ മെച്ചപ്പെടുത്താനും സർക്കാർ പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനുമാണ് ഇത്തരം സംരംഭങ്ങൾ നടപ്പാക്കുന്നതെന്ന് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം ഡയറക്ടർ ജനറൽ അബ്ദുല്ല അൽ ഫലാസി പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *