നാട്ടിൽ അവധിക്കെത്തിയ യുവ പ്രവാസി ബിസിനസുകാരനെ തട്ടിക്കൊണ്ടു പോയിട്ട് 24 മണിക്കൂർ. പാണ്ടിക്കാട് സ്വദേശിയായ വി.പി. ഷമീറിനെ (40) യാണ് തട്ടികൊണ്ടുപോയത്. മോചനദ്രവ്യമായി ഒന്നരക്കോടി രൂപയോളം ആവശ്യപ്പെട്ടതായി വീട്ടുകാർ പൊലീസിനു മൊഴി നൽകി. ചാവക്കാട്, നാദാപുരം കേന്ദ്രമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. അതേസമയം പ്രതികളെക്കുറിച്ച് കൃത്യമായ സൂചന പൊലീസിനു ലഭിച്ചിട്ടുണ്ടെന്നാണു വിവരം. നെറ്റ് കോൺഫറൻസ് കോൾ ആയതിനാൽ പ്രതികളുടെ നമ്പർ ട്രേസ് ചെയ്യാൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രി എട്ടിനാണ് കാറിലെത്തിയ സംഘം വട്ടിപ്പറമ്പൻ ഷമീറിനെ തട്ടിക്കൊണ്ടു പോയത്. വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടെ വഴിയിൽ വച്ച് കാറിടിച്ചു തെറിപ്പിച്ച് ബലമായി കയറ്റിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കാറിൽ ബലം പ്രയോഗിച്ചു കയറ്റാനുള്ള ശ്രമത്തിനിടെ ഷമീർ ബഹളം വയ്ക്കുന്നതും കുതറിയോടാൻ ശ്രമിക്കുന്നതും ദൃശ്യത്തിലുണ്ട്. പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞദിവസം രാത്രിയും ഇന്നലെ പകലും പാണ്ടിക്കാട്ടെ വീട്ടിലെത്തി ഭാര്യയുടെയും മറ്റും മൊഴി ശേഖരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥും സ്ഥലത്തെത്തിയിരുന്നു.
ദുബായിൽ കൂട്ടുസംരംഭമായി ഫാർമസി ബിസിനസ് നടത്തുകയാണ് ഷമീർ. 60ഓളം ഫാർമസികളും 3 റസ്റ്ററന്റുകളും ഇവരുടെ കീഴിലുണ്ട്. മുൻ പാർട്ണർമാരുമായുള്ള സാമ്പത്തിക ഇടപാടുകളും അതിനെത്തുടർന്നുണ്ടായ കോടതി വ്യവഹാരങ്ങളുമാണ് നിലവിലെ സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. കുടുംബസമേതം വിദേശത്തു കഴിയുന്ന ഷമീർ കഴിഞ്ഞ നാലിനാണ് നാട്ടിലെത്തിയത്. അടുത്ത 18നു മടങ്ങാൻ ഇരിക്കുകയായിരുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t