യുഎഇയിലേക്കുള്ള യാത്രക്കായി നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ; കൂടാതെ മാനസിക പീഡനവും, എയർ ഇന്ത്യ എക്‌സ്പ്രസിനെതിരെ പരാതിയുമായി മലയാളി യുവതി

എയർ ഇന്ത്യ എക്‌സ്പ്രസിന്റെ അനാസ്ഥയ്‌ക്കെതിരെ പരാതിയുമായി മലയാളി യുവതി. സ്വന്തം മാതാവിന്റെയും മകന്റെയും തിരുവനന്തപുരത്ത് നിന്ന് യുഎഇലേക്കുള്ള യാത്ര മുടങ്ങിയെന്നാണ് പരാതി.
കൃത്യമായ കാരണം ബോധിപ്പിക്കാതെയുള്ള ഈ തടസ്സം മൂലം വൻ സാമ്പത്തിക നഷ്ടവും സമയനഷ്ടവും അതിലുപരി മാനസികപീഡനവുമാണ് തനിക്ക് സംഭവിച്ചിട്ടുള്ളതെന്നും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് നൽകിയ പരാതിയിൽ യുവതി പറഞ്ഞു. ഈ മാസം ഒന്നിനായിരുന്നു സംഭവം. ദുബായിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയിയിൽ മാനേജരായ തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ജാസിൻ മുബാറക്കിനാണ് ദുരനുഭവമുണ്ടായത്. അവധിക്ക് കുടുംബത്തോടൊപ്പം നാട്ടിലേക്ക് പോയ ജാസിൻ കുടുംബ സമേതം തിരിച്ചുവരുമ്പോഴായിരുന്നു പ്രശ്നമുണ്ടായത്. തനിക്കും മാതാവ് ആബിദാ ബീവി(58)ക്കും ഷാർജയിലെ സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയായ മകൻ ഫർസാൽ നിഷാനും തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്കായിരുന്നു ടിക്കറ്റെടുത്തത്. എന്നാൽ ബോർഡിങ് പാസും എമിഗ്രേഷനും കഴിഞ്ഞ് വിമാനത്തിൽ കയറാൻ കാത്തിരിക്കുമ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരി വന്ന് ആബിദാബീവിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും യുഎഇ പ്രവേശനത്തിന് അബുദാബി ഇമിഗ്രേഷനിൽ നിയന്ത്രണമുണ്ടെന്നും ഇതുസംബന്ധിച്ച് അറിയിപ്പ് വന്നിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു.

എന്നാൽ എന്താണ് അറിയിപ്പിൽ പറഞ്ഞിട്ടുള്ള കാരണം എന്ന് ആരാഞ്ഞെങ്കിലും അത് പറയാൻ തനിക്ക് അനുവാദമില്ലെന്ന് പറഞ്ഞ് ജീവനക്കാരി ഒഴിഞ്ഞുമാറി. തനിക്ക് ദുബായിൽ ജോലി സംബന്ധമായി അടിയന്തരമായി എത്തേണ്ടതുണ്ടെന്നും പത്താം ക്ലാസുകാരനായ മകന് ഓൺലൈൻ ക്ലാസുണ്ടെന്നും എന്നാൽ മാതാവിനെ ഒറ്റയ്ക്ക് നിർത്തി തനിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും എന്താണ് കാരണം എന്നറിയിച്ചാൽ എന്തെങ്കിലും പരിഹാരമുണ്ടാക്കാമല്ലോ എന്ന് അഭ്യർഥിച്ചെങ്കിലും അതൊന്നും ചെവികൊള്ളാൻ കൂട്ടാക്കിയില്ലെന്നും ജാസിൻ ആരോപിക്കുന്നു. ഒടുവിൽ മാതാവിന്റെയും മകന്റെയും ടിക്കറ്റ് ക്യാൻസൽ ചെയ്ത് വീട്ടിലേക്ക് തിരച്ചുപോകാൻ ഏർപ്പാടാക്കിയ ശേഷം ജാസിൻ ഒറ്റയ്ക്ക് യുഎഇയിലേക്ക് അതേ വിമാനത്തിൽ വരികയായിരുന്നു. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഹാപ്പിനസ് സെന്ററിൽ കാര്യങ്ങൾ അവതരിപ്പിച്ച് ആബിദാ ബീവിയുടെ യാത്രാ തടസ്സത്തിന്റെ കാരണം അന്വേഷിച്ചപ്പോൾ അവർ സിസ്റ്റം പരിശോധിച്ച്, യാതൊരു തടസ്സവുമില്ലെന്നും വീസ ആക്ടീവാണെന്നുമായിരുന്നു അറിയിച്ചത്. തുടർന്ന് ആബിദാ ബീവിക്ക് സന്ദർശക വീസ എടുത്തു നൽകിയ യുഎഇയിലെ ട്രാവൽ ഏജൻസിയെ ബന്ധപ്പെട്ടപ്പോൾ അവർക്ക് ഇതുസംബന്ധിച്ച് യാതൊരു വിവരവുമില്ലായിരുന്നു. അവർ മറ്റു പലരോടും ചോദിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നമാണെന്നായിരുന്നു മറുപടി ലഭിച്ചതെന്നും അറിയിച്ചു. പിന്നീട്, എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ ആബിദാബീവി ഗെയ്റ്റിൽ എൻട്രി ചെയ്തിട്ടില്ലെന്നാണ് സിസ്റ്റത്തിൽ പറയുന്നതെന്നായിരുന്നു പ്രതികരണം. വീണ്ടും എയർ ഇന്ത്യ എക്സ്പ്രസിൽ അന്വേഷിച്ചപ്പോൾ അബുദാബി ഇമിഗ്രേഷനിലെ പ്രശ്നം തന്നെയാണ് യാത്രാ തടസ്സത്തിന് കാരണമെന്നായിരുന്നു മറുപടി.

തന്റെ ഭാഗത്ത് നിന്ന് യാതൊരു പോരായ്മയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിനായി ജാസിൻ പിന്നീട് ദുബായ് ഇമിഗ്രേഷനിൽ പരാതിപ്പെട്ടപ്പോൾ, ഷാർജ വീസ ആണെങ്കിലും സിസ്റ്റത്തിൽ പരിശോധിക്കാൻ അവർ തയ്യാറായി. അതിലും ആബിദാബീവിയുടെ വീസ ആക്ടീവാണെന്നായിരുന്നു കണ്ടത്. തുടർന്ന് ഷാർജ എമിഗ്രേഷനിൽ ചെന്ന് അന്വേഷിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. ഇന്നലെ വീണ്ടും അബുദാബി വിമാനത്താവളത്തിൽ ചെന്ന് ഇമിഗ്രേഷനിൽ അന്വേഷിച്ചപ്പോഴും വീസ ആക്ടീവാണെന്നും മാതാവിന് യാത്ര ചെയ്യാമെന്നും അറിയിച്ചു. അവിടുത്തെ സെക്യുരിറ്റി ഇമിഗ്രേഷൻ വിഭാഗത്തിൽ കാര്യം ബോധിപ്പിച്ചപ്പോഴും ഇതു തന്നെയായിരുന്നു മറുപടി. യുഎഇയിൽ ഇമിഗ്രേഷൻ പ്രശ്നങ്ങൾ എല്ലാ എമിറേറ്റിലും കാണാനാകുമെന്നും അതുകൊണ്ട് എവിടെയും പ്രശ്നമില്ലെന്നും വ്യക്തമാക്കി. പിന്നീട് ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കുകയും ഭാവിയിൽ യാത്രാ തടസ്സമുണ്ടാകാതിരിക്കാൻ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർക്ക് ഇ-മെയിലയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ജാസിൻ പറഞ്ഞു. ഏതായാലും മാതാവ് ആബിദാബീവിയും മകനും ഇൻഡിഗോ വിമാനത്തിൽ ഇന്ന്(ചൊവ്വ) പുലർച്ചെ ഷാർജയിലെത്തി.

∙ ഒരു ലക്ഷത്തോളം രൂപ നഷ്ടം, സമയനഷ്ടം, മാനസികപീഡനം
മാതാവ് ആബിദാബീവിയുടെയും മകൻ ഫർസാൽ നിഷാന്റെയും വിമാന ടിക്കറ്റ് റദ്ദാക്കിയതിന്റെ ഭാഗമായി 34,000 രൂപയും ഇരുവർക്കും വീണ്ടും യുഎഇയിലേക്ക് വരാനായി 2,400 ദിർഹം(57,000 രൂപ)യും ഉൾപ്പെടെ 91,000 രൂപ നഷ്ടമായതായി ജാസിൻ പറഞ്ഞു. ഇതുകൂടാതെ, ഈ സംഭവത്തെ തുടർന്നുണ്ടായ മാനസികപ്രയാസങ്ങളും ജോലിയിൽ നിന്ന് അവധിയെടുത്ത് അബുദാബിയിലേക്കടക്കം യാത്ര ചെയ്യാനെടുത്ത സമയനഷ്ടവും. ഇതിനെല്ലാം ആര് ഉത്തരം പറയുമെന്ന് ഈ യുവതി ചോദിക്കുന്നു. ഇത്തരം അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്ന് കരുതിയാണ് എല്ലാം വെളിപ്പെടുത്തുന്നത്. ആബിദാബീവിയുടെ യാത്ര തടസ്സപ്പെടാനുണ്ടായ കാരണം എന്താണെങ്കിലും അത് പറയാനുള്ള ഉത്തരവാദിത്തം എയർ ഇന്ത്യ എക്സ്പ്രസിനുണ്ടെന്നും വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top