കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരനെ കുടുക്കി യുവതി. രണ്ട് പതിറ്റാണ്ടിലേറെയായി യുഎഇയിൽ വ്യാജ കമ്പനികൾ സ്ഥാപിച്ച് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിവന്നത്. കർണാടക സ്വദേശി മൊയ്തീനബ്ബ ഉമ്മർ ബ്യാരി (52) യെ വ്യാജ ചെക്ക് ഉപയോഗിച്ച് ഷാഹിന ഷബീർ എന്ന യുവതിയുടെ കൈയ്യിൽ നിന്ന് 37,878 ദിർഹം തട്ടിയെടുത്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പിന്നാലെ ഇന്ത്യയിൽ കള്ളനോട്ട് കേസിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാളെ മുംബൈയിലേക്ക് നാടുകടത്തി. അതോടെ നീണ്ട നിയമപോരാട്ടത്തിന് വിരാമമായി. ഇയാൾ നടത്തിയ തട്ടിപ്പിൽ പണം നഷ്ടപ്പെട്ട ഒരു ഇന്ത്യൻ യുവതി നിയമപോരാട്ടം നടത്താൻ തീരുമാനിച്ചതാണ് കേസിൽ വഴിത്തിരിവായത്. 2013ൽ ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ച പ്രതിയാണ് മൊയ്തീനബ്ബ. അജ്മാന്‍ ഫെഡറൽ കോടതി കഴിഞ്ഞ മാസമാണ് വിധി പുറപ്പെടുവിച്ചത്. കഴിഞ്ഞ ജൂണിൽ ഷാഹിനയുടെ ഉടമസ്ഥതയിലുള്ള പെൻപാൽ ട്രേഡിങ് എന്ന സ്ഥാപനം മൊയ്തീനബ്ബ മുൻകൈയെടുത്ത് നടത്തിയിരുന്ന സെവൻ എമിറേറ്റ്സ് സ്പൈസസ് എന്ന സ്ഥാപനത്തിന് ഹോസ്പിറ്റാലിറ്റി സാധനങ്ങൾ നൽകിയിരുന്നു. ഷാഹിന ബിസിനസ് തുടങ്ങിയ സമയമായിരുന്നു അത്. ആ പണം നഷ്ടപ്പെട്ടത് തനിക്ക് വലിയ തിരിച്ചടിയായിരുന്നു. പക്ഷേ, എനിക്ക് ഇത് വിട്ടുകൊടുക്കാൻ തോന്നിയില്ല. ഈ കേസ് ശരിയായ ആളുകൾ പരിശോധിക്കുകയാണെങ്കിൽ, എന്തെങ്കിലും നടക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഒരുപാട് പണം നഷ്ടപ്പെട്ട മറ്റ് ചിലരെല്ലാം കേസ് തുടർന്ന് നടത്തിയിട്ട് ഒരു കാര്യവുമില്ലെന്ന് എന്നോട് പറഞ്ഞു. പക്ഷേ, ഈ രാജ്യത്തും ഇവിടുത്തെ നിയമവ്യവസ്ഥയിലും എനിക്ക് വിശ്വാസമുണ്ടായിരുന്നു. പറ്റിക്കപ്പെട്ടവരുടെ കൂടെ യുഎഇ സർക്കാർ ഉണ്ടാകുമെന്ന് ഞാൻ വിശ്വസിച്ചു. മൊയ്തീനബ്ബയ്ക്ക് നിയമവ്യവസ്ഥയെ മറികടക്കാൻ അറിയാമായിരുന്നു. അയാൾക്ക് സ്വന്തമായി ഒരു കമ്പനി പോലും ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ നിന്ന് തൊഴിലില്ലാത്ത ആളുകളെയാണ് ഇയാൾ മുൻനിരയിൽ നിർത്തിയിരുന്നത്. പക്ഷേ, എന്നെ കണ്ടപ്പോൾ അയാൾ സ്വയം ഉടമസ്ഥനാണെന്ന് പരിചയപ്പെടുത്തി. ഈ ഒരു കാര്യമാണ് അയാൾക്കെതിരെ തെളിവായി മാറിയത്, ഷാഹിന പറഞ്ഞു. അജ്മാൻ പോലീസ് പരാതി ലഭിച്ചയുടൻ നടപടി സ്വീകരിച്ചതിനും ഷാഹിന നന്ദി പറഞ്ഞു. കേസ് ഈ ഘട്ടത്തിൽ എത്തിയതിന് പിന്നിലെ പ്രധാന കാരണം അജ്മാൻ പോലീസാണെന്ന് അവർ പറഞ്ഞു. കുടുംബം വലിയ പിന്തുണ നൽകിയയതായും അറിയിച്ചു. കോടതി ഷാഹിനയ്ക്ക് ധാർമികവും ഭൗതികവുമായ നഷ്ടപരിഹാരമായി 41,878 ദിർഹം നൽകാൻ ഉത്തരവിട്ടു. മൊയ്തീനബ്ബ കേസിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയും ഈ തുക നൽകാൻ ബാധ്യസ്ഥരാണ്. തനിക്ക് ഇപ്പോൾ സമാധാനമായെന്നും നീതി നടപ്പായെന്നും ഷാഹിന പറഞ്ഞു. ഞാനിത് എനിക്ക് വേണ്ടി മാത്രം ചെയ്തതല്ല, മറ്റ് ചെറിയ ബിസിനസ് ഉടമകൾ തിരിച്ചടി നേരിടുമ്പോൾ അതിനെതിരെ പോരാടാൻ തയാറാവണം എന്ന് കാണിക്കാൻ വേണ്ടികൂടിയാണ് ചെയ്തത്. തട്ടിപ്പ് ഇവിടെ വച്ചുപൊറുപ്പിക്കില്ല എന്ന വ്യക്തമായൊരു സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നത്, ഷാഹിന പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t