ഗൾഫിലെ സുഹൃത്തിന് കൊടുക്കാനായി അയൽവാസി ഏൽപിച്ച അച്ചാർകുപ്പിയിൽ എംഡിഎംഎ കണ്ടെത്തി. വിമാനം കയറുന്നതിന് മുൻപാണ് അച്ചാര്‍കുപ്പിയില്‍ എംഡിഎംഎ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിലായി. ചക്കരക്കൽ കുളംബസാറിൽ കെ.പി. അർഷാദ് (31), കെ.കെ.ശ്രീലാൽ (24), പി.ജിസിൻ (26) എന്നിവരാണ് അറസ്റ്റിലായത്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിനൊപ്പം സൗദിയിൽ ജോലി ചെയ്യുന്ന വഹീൻ എന്നയാൾക്ക് കൊടുക്കാനെന്ന പേരിലാണ് ചിപ്സ്, മസാലക്കടല, അച്ചാർ എന്നിവ പാക്കറ്റിലാക്കി ബുധനാഴ്ച രാത്രി ജിസിൻ ഏൽപിച്ചത്. സുഹൃത്ത് ശ്രീലാൽ ജിസിന്റെ കയ്യിൽ ഏൽപിച്ച പായ്ക്കറ്റ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് വഹീം നിരന്തരം ഫോൺ വിളിച്ചതും അച്ചാർ കുപ്പിക്ക് സീൽ ഇല്ലാത്തതുമാണ് സംശയം തോന്നാൻ കാരണമായത്. തുടർന്ന്, അച്ചാർ മറ്റൊരു പാത്രത്തിലേക്ക് മാറ്റിയപ്പോഴാണ് ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ വസ്തുക്കൾ കണ്ടെത്തിയത്. സംശയം തോന്നിയ വീട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു. പരിശോധനയിൽ 3.40 ഗ്രാം ഹാഷിഷ് ഓയിൽ, 0.260 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചു. മിഥിലാജിന്റെ പിതാവ് ടി.അഹമ്മദിന് തോന്നിയ സംശയമാണ് ലഹരിമരുന്ന് കണ്ടെത്താൻ സഹായമായത്. നിരന്തരമുള്ള ഫോൺവിളിയിൽ സംശയം തോന്നിയ അഹമ്മദാണ് അച്ചാർകുപ്പി തുറന്നുപരിശോധിക്കാൻ നിർദേശിച്ചത്. പായ്ക്കറ്റിൽ കണ്ടെത്തിയ ലഹരിമരുന്ന് സൗദിയിൽനിന്നാണ് പിടികൂടിയതെങ്കിൽ തന്റെ മകൻ ഒരുപക്ഷേ പുറംലോകം തന്നെ കാണില്ലായിരുന്നെന്ന് അഹമ്മദ് പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t