വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ് ഈ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികപ്രശ്നത്തിൽപ്പെട്ടതോടെ കടയുടെയും വീടിന്റെയും വാടക ചെക്കുകൾ മടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് രവി പറഞ്ഞു. 1978ൽ രവിയുടെ ഭാര്യാപിതാവ് ആരംഭിച്ച ഈ അലക്കുകട വർഷങ്ങളോളം വിശ്വസ്തരായ ഉപയോക്താക്കളുടെ സഹകരണത്താൽ നല്ല വരുമാനം ലഭിച്ച് സുഗമമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം അപകടത്തിലാണ്. തനിക്കെന്തു ചെയ്യണമെന്നറിയില്ലെന്നും തട്ടിപ്പ് ജീവിതം തകർത്തുവെന്നും റിയൽ എസ്റ്റേറ്റ് കമ്പനി ഇതിനകം തനിക്കെതിരെ കേസ് ഫയൽ ചെയ്തുവെന്നും രവി പറഞ്ഞു. രവിയുടെ ദുരിതങ്ങൾ ആരംഭിച്ചത് ജൂൺ മാസത്തിലായിരുന്നു. ‘റിയ’ എന്ന് പരിചയപ്പെടുത്തിയ ഒരു സ്ത്രീയിൽ നിന്ന് വാട്സ് ആപ്പിൽ ഒരു സന്ദേശം ലഭിച്ചു. ലളിതമായ ഓൺലൈൻ ജോലികൾ ചെയ്ത് അധിക പണം സമ്പാദിക്കാമെന്നായിരുന്നു വാഗ്ദാനം. അവർ എന്നെ അവരുടെ സീനിയറായ സലാമയ്ക്ക് ടെലിഗ്രാമിൽ പരിചയപ്പെടുത്താമെന്ന് പറഞ്ഞു. തട്ടിപ്പുകൾ ഭയന്ന് ഞാൻ ടെലിഗ്രാം ആപ്പ് നേരത്തെ ഡിലീറ്റ് ചെയ്തിരുന്നു, പക്ഷേ ഇത് എളുപ്പമുള്ളൊരു വരുമാനമാർഗമായി തോന്നിയതുകൊണ്ട് ഞാൻ അത് വീണ്ടും ഇൻസ്റ്റാൾ ചെയ്തു. ഏകദേശം 45 അംഗങ്ങളുള്ള ഒരു ടെലിഗ്രാം ഗ്രൂപ്പിൽ എന്നെ ചേർത്തു. എല്ലാ ദിവസവും ആമസോൺ കാർട്ടിൽ സാധനങ്ങൾ ചേർക്കുകയും സ്ക്രീൻഷോട്ടുകൾ പങ്കിടുകയും ചെയ്യുന്നതുപോലുള്ള ചെറിയ ജോലികൾ ലഭിച്ചു. ഞങ്ങൾക്കൊന്നും വാങ്ങേണ്ടിയിരുന്നില്ല. ഓരോ ജോലിക്കും 5 ദിർഹം വീതം ലഭിച്ചു. ഇത് ഒരു ഷർട്ടും പാന്റും കഴുകി ഇസ്തിരിയിടുന്നതിന് ഞാൻ ഈടാക്കുന്ന ഏകദേശം അതേ തുകയാണ്. പ്രയാസമില്ലാതെ പണം ലഭിക്കുന്നതിൽ ആകൃഷ്ടനായ രവിയോട് താമസിക്കാതെ ജോലികൾക്ക് പണം നിക്ഷേപിക്കണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. അതേ ദിവസം തന്നെ 156 ദിർഹം നേടുന്നതിനായി 120 ദിർഹം ഒരു അക്കൗണ്ടിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. പിന്നീട് ഉയർന്ന തുകകളുടെ ജോലികൾ വന്നു. 390 ദിർഹം നേടുന്നതിന് 300 ദിർഹവും, കൂടുതൽ വരുമാനത്തിനായി 1,480 ദിർഹവും നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു. ഞാൻ അതിൽ കുടുങ്ങിപ്പോയി. ഇതൊരു അലക്കുകട നടത്തുന്നതിനേക്കാൾ വളരെ എളുപ്പമാണെന്ന് വിശ്വസിച്ചുപോയി. എന്നാൽ അവിടെ ഒരു വഴിത്തിരിവുണ്ടായി.ഒരു ദിവസം, ഒരു ജോലിയിൽ തനിക്ക് തെറ്റ് പറ്റിയെന്നും 5,890 ദിർഹം അടയ്‌ക്കേണ്ട അധിക ജോലികൾ പൂർത്തിയാക്കി അത് ‘തിരുത്തണം’ എന്നും അവർ പറഞ്ഞു. അപ്പോഴേക്കും എന്റെ പണം തിരികെ ലഭിക്കാൻ ഞാൻ തീവ്രമായി ആഗ്രഹിച്ചു. അങ്ങനെയാണ് അവർ ആളുകളെ കുടുക്കുന്നതെന്ന് ഇപ്പോൾ മനസ്സിലായി. പിന്നീട് ഒരു ‘മെന്ററെ’ ചുമതലപ്പെടുത്തിയ അവർ ആയിരക്കണക്കിന് ദിർഹം ആവശ്യപ്പെടാൻ തുടങ്ങി. ആദ്യം 8,640 ദിർഹം, പിന്നെ 3,150 ദിർഹം, പിന്നീട് 10,800 ദിർഹം കൂടി. ഓരോ തവണ പണം നൽകുമ്പോഴും, എനിക്ക് എന്റെ പണം തിരികെ ലഭിക്കാൻ അടുത്തെത്തിയെന്ന് അവർ പറഞ്ഞു. ഞാൻ അവരെ വിശ്വസിച്ചു.

അപ്പോഴേക്കും രവിക്ക് 34,150 ദിർഹം നഷ്ടമായിരുന്നു. യുഎഇയിലെ പല ബാങ്ക് അക്കൗണ്ടുകളിലേക്കും ഭാഗികമായിട്ടായിരുന്നു അദ്ദേഹം പണം കൈമാറിയത്. അദ്ദേഹത്തിന്റെ എല്ലാ ആശയവിനിമയങ്ങളും സന്ദേശങ്ങളിലൂടെ മാത്രമായിരുന്നു. അദ്ദേഹം ആരെയും സംസാരിക്കുകയോ നേരിട്ട് കാണുകയോ ചെയ്തിട്ടില്ല. അസാധാരണമായ പ്രവർത്തനങ്ങൾ കാരണം തന്റെ ‘ക്രെഡിറ്റ് സ്കോർ’ 100ൽ താഴെയായി എന്ന് അവകാശപ്പെടുന്ന ഒരു സ്ക്രീൻഷോട്ട് അയച്ചപ്പോഴാണ് അവസാന പ്രഹരമേറ്റത്. തന്റെ വരുമാനം അൺലോക്ക് ചെയ്യുന്നതിന് കുറഞ്ഞ ഓരോ 20 പോയിന്റുകൾക്കും 900 ദിർഹം വീതം (18,000 ദിർഹം) അടയ്‌ക്കേണ്ടതുണ്ടെന്ന് അതിൽ പറഞ്ഞിരുന്നു.

ഞാൻ മെസ്സേജുകളിലൂടെ അവരുമായി സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ എന്നെ ടെലിഗ്രാം ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. അപ്പോഴാണ് എനിക്ക് മനസ്സിലായത്, ഞാൻ തട്ടിപ്പിന് ഇരയായിരിക്കുന്നു എന്ന്. ബാങ്ക് അക്കൗണ്ട് കാലിയാക്കിയെന്ന് മാത്രമല്ല, കുടുംബ ബിസിനസിനെയും തന്റെ ജീവിതത്തെയും തകർച്ചയുടെ വക്കിലെത്തിച്ച ഈ ദുരന്തം രവിക്ക് താങ്ങാനായില്ല. തുടർന്ന് അദ്ദേഹം ദുബായിൽ പൊലീസിൽ പരാതി നൽകുകയും ഇടപാടുകളുടെയും ടെലിഗ്രാം ഗ്രൂപ്പിന്റെയും ഉൾപ്പെട്ട ബാങ്ക് അക്കൗണ്ടുകളുടെയും വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. എനിക്ക് എല്ലാ ദിവസവും ഖേദമുണ്ട്. എന്റെ ഭാര്യാപിതാവ് എന്നെ ഈ കട ഏൽപ്പിച്ചു. ഞാൻ അത് നിലനിർത്തേണ്ടതായിരുന്നു. പകരം, ഞാൻ അത് തകർച്ചയുടെ വക്കിലെത്തിച്ചു.

എന്റെ കുടുംബത്തെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കുകയാണ്. എനിക്കിനി അവരെ ഇവിടെ നിർത്താൻ കഴിയില്ല. രവിയുടെ കഥ സമാനമായ നൂറുകണക്കിന് തട്ടിപ്പുകളിൽ ഒന്നുമാത്രമാണ്. കഴിഞ്ഞ വർഷം ദുബായിലെ ഒരു ഹോട്ടലുടമയ്ക്ക് ഇതുപോലെ ടാസ്ക് അധിഷ്ഠിത തട്ടിപ്പിൽ 66,000 ദിർഹം നഷ്ടമായിരുന്നു. സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്‌സെക്കിന്റെ കണക്കനുസരിച്ച് ഇത്തരം തട്ടിപ്പുകൾ ആഗോളതലത്തിൽ ഇരകളിൽ നിന്ന് 400 ദശലക്ഷം ദിർഹത്തിലേറെ തട്ടിയെടുത്തിട്ടുണ്ട്.

പോസ്റ്റുകൾ ലൈക്ക് ചെയ്യുക, ഉൽപന്നങ്ങൾ കാർട്ടിൽ ചേർക്കുക, അല്ലെങ്കിൽ വിഡിയോകൾ കാണുക തുടങ്ങിയ ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന പാർട്ട് ടൈം ഓൺലൈൻ ജോലിയുടെ വാഗ്ദാനങ്ങളിലൂടെയാണ് ടാസ്ക് സ്കാമുകൾ ഇരകളെ ആകർഷിക്കുന്നത്. അക്കൗണ്ട് അപ്‌ഗ്രേഡ് ചെയ്യാനോ വരുമാനം നിലനിർത്താൻ നിക്ഷേപം നടത്താനോ ആവശ്യപ്പെടുന്നതാണ് ഇതിലെ കെണി.

വാട്ട്‌സ്ആപ്പ്, ടെലിഗ്രാം അല്ലെങ്കിൽ സമാന പ്ലാറ്റ്‌ഫോമുകൾ വഴി റിക്രൂട്ടർമാരായി ചമഞ്ഞുകൊണ്ട് ഇരകൾക്ക് ആവശ്യപ്പെടാത്ത സന്ദേശങ്ങൾ ലഭിക്കുന്നതാണ് ഈ തട്ടിപ്പിന്റെ തുടക്കം. ആദ്യത്തെ ജോലികൾ എളുപ്പമുള്ളതും വിശ്വാസം വളർത്തുന്നതിനായി ചെറിയ തുകകൾ നൽകുന്നതുമാണ്. ഇതിലാണ് ഇരകൾ വീഴുന്നത്. പിന്നീട് ഉയർന്ന വരുമാനമുള്ള ജോലികൾ അൺലോക്ക് ചെയ്യാനോ വരുമാനം പിൻവലിക്കാനോ ഇരകളോട് പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നു. സ്കാമർമാർ ‘മെന്റർമാരെ’ നിയോഗിക്കുകയും വ്യാജ ഗ്രൂപ്പ് ചാറ്റുകൾ ഉണ്ടാക്കുകയും വ്യാജ വിജയകഥകൾ പങ്കുവയ്ക്കുകയും ചെയ്ത് ഇരകളെ കെണിയിൽ നിർത്തുകയും ചെയ്യുന്നു. മിക്ക കേസുകളിലും ആപ്പുകളിലോ ഡാഷ്ബോർഡുകളിലോ കാണിക്കുന്ന വരുമാനം വ്യാജമാണ്.

പിഴവുകൾ പരിഹരിക്കാനോ, “ക്രെഡിറ്റ് സ്കോർ” പുനഃസ്ഥാപിക്കാനോ, അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനോ ഇരകളോട് ആവർത്തിച്ച് പണം ആവശ്യപ്പെടുന്നു. ഇത് അവരെ നഷ്ടങ്ങളുടെ ഒരു ചുഴിയിൽ വീഴ്ത്തുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top