നാല് ദിവസം മുൻപ് എ.സി കേടായി, യാത്രക്കാരെ പുഴുങ്ങി; ഇന്നലെ അതേ വിമാനത്തിന് സാങ്കേതിക തകരാർ, പ്രവാസി മലയാളികൾക്ക് വീണ്ടും പണികൊടുത്ത് എയർ ഇന്ത്യ

ഇന്നലെ രാവിലെ കോഴിക്കോട് നിന്ന് ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് IX 375 വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഏകദേശം രണ്ട് മണിക്കൂറിന് ശേഷം കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഈ മാസം 19ന് ദുബായിൽ പകൽസമയം കടുത്ത ചൂടിൽ ഏകദേശം മൂന്ന് മണിക്കൂറോളം യാത്രക്കാരെ കുടുക്കി ദുരിതത്തിലാക്കിയത് ഇതേ വിമാനമാണ്. വിമാനത്തിലെ കാബിൻ എയർ കണ്ടീഷനിങ് സംവിധാനത്തിൽ സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട്-ദോഹ വിമാനം തിരിച്ചിറക്കിയത്. ഇത് അടിയന്തര ലാൻഡിങ് ആയിരുന്നില്ലെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതൽ ലാൻഡിങ് ആയിരുന്നുവെന്നും എയർലൈൻ അധികൃതർ അറിയിച്ചു. വിമാനത്തിൽ പൈലറ്റുമാരും ജീവനക്കാരും ഉൾപ്പെടെ 188 യാത്രക്കാർ ഉണ്ടായിരുന്നു.

ഇന്ത്യൻ സമയം രാവിലെ 9.07ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനം ഏകദേശം 11.12ന് സുരക്ഷിതമായി തിരിച്ചിറക്കി.

യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയും അവർക്ക് വിമാനത്താവളത്തിൽ ലഘുഭക്ഷണവും വെള്ളവും നൽകുകയും ചെയ്തു. എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർക്കായി ബദൽ വിമാനം ക്രമീകരിക്കുകയും അത് പിന്നീട് ദോഹയിലേക്ക് യാത്ര പുറപ്പെടുകയും ചെയ്തു.യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ഖേദം പ്രകടിപ്പിച്ചു. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും വ്യക്തമാക്കി. എന്നാൽ, ദുബായിൽ ഇതേ പ്രശ്നം മൂലം യാത്ര വൈകിയ വിമാനത്തിന്റെ സാങ്കേതിക പ്രശ്നം ഇതുവരെ പൂർണമായി പരിഹരിച്ചില്ല എന്ന് ഇത് തെളിയിക്കുന്നതായും, ഈ യാഥാർഥ്യം യാത്രക്കാരെ ഞെട്ടിക്കുന്നുവെന്നും ദുബായിലെ യാത്രക്കാരിലൊരാളായ കോഴിക്കോട് സ്വദേശി പറഞ്ഞു.

ഇത് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതരുടെ അനാസ്ഥയാണെന്നും യാത്രക്കാരുടെ ജീവൻ കൊണ്ടാണ് അവർ ക്രൂരവിനോദം കാണിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. അന്ന് യാത്ര മുടങ്ങിയ വിമാനം പിറ്റേന്ന് പുലർച്ചെ 3.30നായിരുന്നു പുറപ്പെട്ടത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Comments

Leave a Reply

Your email address will not be published. Required fields are marked *