എല്ലാ കുടിശ്ശികയും തീർക്കണം, അല്ലെങ്കിൽ പണികിട്ടും; യുഎഇയിലെ താമസക്കാർക്ക് തിരിച്ചടി, പുതിയ വീസ നടപടികളുമായി അധികൃതർ

ട്രാഫിക് പിഴകൾ അടയ്ക്കുന്നത് റസിഡൻസി വീസ പുതുക്കുന്നതുമായോ പുതിയ വീസ എടുക്കുന്നതുമായോ ബന്ധിപ്പിക്കുന്ന പുതിയ സംവിധാനം ദുബായിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നു. ഇനി മുതൽ, താമസക്കാർക്ക് അവരുടെ വീസ നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ് കുടിശ്ശികയുള്ള എല്ലാ ട്രാഫിക് പിഴകളും അടയ്‌ക്കേണ്ടി വരും. ട്രാഫിക് നിയമങ്ങൾ പാലിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും താമസക്കാരെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ഡയറക്ടർ ജനറൽ അറിയിച്ചു. പുതിയ സംവിധാനം വീസ പുതുക്കൽ പ്രക്രിയയെ പൂർണമായും തടയുന്നില്ല. പകരം, താമസക്കാരെ അവരുടെ കുടിശ്ശിക പൂർണമായോ തവണകളായോ അടയ്ക്കാൻ പ്രേരിപ്പിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല ലക്ഷ്യമെന്ന് ജിഡിആർഎഫ്എ ഡയറക്ടർ ജനറൽ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി പറഞ്ഞു. പിഴ അടയ്ക്കാൻ താമസക്കാരെ ഓർമിപ്പിക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

ഓരോ കേസിനും അനുസരിച്ച് ഇളവുകൾ നൽകാൻ ഈ സംവിധാനം അനുവദിക്കുന്നുണ്ട്. പൈലറ്റ് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് ആയിരക്കണക്കിന് കേസുകൾ അധികൃതർ അവലോകനം ചെയ്തിരുന്നു. സംവിധാനം ഉപയോക്തൃ സൗഹൃദമായി രൂപകൽപന ചെയ്തിട്ടുള്ളതാണെന്നും വ്യക്തമാക്കി. വീസ സേവനങ്ങൾക്കായി ബന്ധപ്പെട്ട വകുപ്പുകളെ സമീപിക്കുന്ന താമസക്കാരെ പണമടയ്ക്കൽ പ്രക്രിയയിലൂടെ നയിക്കുകയും പല കേസുകളിലും തവണകളായി പണമടയ്ക്കാൻ അനുവദിക്കുകയും ചെയ്യും. നിലവിൽ ഈ സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. എല്ലാ തലങ്ങളിലും ഇത് നടപ്പാക്കിയിട്ടില്ല. ഉദാഹരണത്തിന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജിഡിആർഎഫ്എ സെന്ററിൽ ഇത് ബാധകമല്ല. കുടിശ്ശികയുള്ള പിഴകളെ സർക്കാർ സേവനങ്ങളുമായി ബന്ധിപ്പിക്കുന്നത് ഇതാദ്യമല്ല. 2014ൽ ട്രാഫിക് പിഴ കുടിശ്ശികയുള്ളവരുടെ വീസ പുതുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top