ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ ഒരിക്കൽ കൂടി ഒന്നാമതെത്തി യു.എ.ഇ. ന്യൂംബിയോ പുറത്തുവിട്ട ‘സേഫ്റ്റി ഇൻഡക്സ് ബൈ കൺട്രി 2025 മിഡ് ഇയർ’ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 85.2 പോയൻറുകൾ നേടിയാണ് യു.എ.ഇ ഒന്നാം സ്ഥാനം കൈവരിച്ചത്. പട്ടികയിൽ അൻഡോറ രണ്ടാം സ്ഥാനവും ഖത്തർ മൂന്നാം സ്ഥാനവും നേടി. 200ലേറെ രാജ്യക്കാർ താമസിക്കുന്ന യു.എ.ഇ നേരത്തെയും ജീവിത നിലവാരത്തിലും സുരക്ഷിതത്വത്തിലും വിവിധ സൂചികകളിൽ മുന്നിലെത്തിയിട്ടുണ്ട്.
പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയ അൻഡോറക്ക് 84.8 പോയൻറുകളാണ് ലഭിച്ചത്. തൊട്ടുപിറകിൽ ഖത്തർ 84.6 പോയൻറുകൾ നേടി. സൗദി അറേബ്യ 14ാം സ്ഥാനമാണ് നേടിയത്. ബഹ്റൈൻ 15ാം സ്ഥാനവും കുവൈത്ത് 38 സ്ഥാനത്തുമെത്തി. ജൂണിൽ പുറത്തുവിട്ട സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ അബൂദബി ഒന്നാം സ്ഥാനം നേടിയിരുന്നു. ലോകത്തിലെ ആദ്യ10 സുരക്ഷിത നഗരങ്ങളിൽ യു.എ.ഇയിൽ നിന്ന് അബൂദബിക്ക് പുറമെ ദുബൈ, ഷാർജ എന്നിവയും ഇടംപിടിച്ചിരുന്നു. ഖത്തർ തലസ്ഥാന നഗരമായ ദോഹയാണ് പട്ടികയിൽ രണ്ടാമതെത്തിയത്. 84.1 പോയന്റാണ് ദോഹക്ക് ലഭിച്ചത്. 83.8 പോയന്റോടെ ദുബൈ മൂന്നാമതും 83.8 പോയന്റോടെ തായ്വാനിലെ തായ് പേയി നാലാമതുമെത്തി. അഞ്ചാമതെത്തിയ ഷാർജക്കും 83.8 പോയന്റാണുള്ളത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t