പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോണുള്ള 3 രാജ്യങ്ങളിൽ യുഎഇയും. നോർവേയും ലിബിയയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. പഠന റിപ്പോർട്ട് പ്രകാരം എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സ്വന്തം മൊബൈൽ ഫോണുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സൗദിയും ബഹ്റൈനും ഒമാനുമാണ് തൊട്ടു പിന്നിൽ. ഇവിടെ 98 % പേർക്കാണ് സ്വന്തം മൊബൈലുള്ളത്. കുവൈത്തിൽ ഇത് 95 ശതമാനമാണ്.വേൾഡ് ബാങ്കിന്റെ ഗ്ലോബൽ ഫിൻഡെക്സ് ആണ് മൊബൈൽ സാന്ദ്രത സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്വീഡൻ, ഐസ്‌ലൻഡ്, ഫിൻലൻഡ്, ലിത്വാനിയ, ഇറ്റലി, ഡെൻമാർക്ക്, എസ്തോണിയ എന്നീ രാജ്യങ്ങളിലും 99% പേർക്കും മൊബൈൽ ഫോണുണ്ട്. യുഎസ്, സൈപ്രസ്, അൽജീരിയ, ഹോങ്കോങ്, ലാത്വിയ, മംഗോളിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ 98% പ്രായപൂർത്തിയായവർക്കും മൊബൈൽ ഫോണുണ്ട്.
വികസിത രാജ്യങ്ങളിൽ മൊബൈൽ ഫോണിന്റെ ശരാശരി സാന്ദ്രത 90 ശതമാനമാണ്. അതേസമയം, ഇന്ത്യയിൽ പ്രായപൂർത്തിയായ 66% പേർക്കു മാത്രമാണ് മൊബൈൽ ഫോണുള്ളത്. പാക്കിസ്ഥാനിൽ ഇത് 63 ശതമാനമാണ്. ഫിലിപ്പീൻസിൽ 78, ഈജിപ്തിൽ 85 എന്നിങ്ങനെയാണ് കണക്ക്. ആഗോള ശരാശരിയിൽ 86 % മുതിർന്നവർക്കും മൊബൈൽ ഫോണുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ജിസിസി രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗവും ഉയർന്ന നിലയിലാണ്.
കഴിഞ്ഞ 3 മാസത്തെ കണക്കിൽ 86 – 99 % ആണ് ജിസിസി രാജ്യങ്ങളിലെ ഇന്റർനെറ്റ് ഉപയോഗം. മൊബൈൽ വഴിയുള്ള ഓൺലൈൻ പർച്ചേസിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് യുഎഇ ആണ്. ഇവിടെ 37 ശതമാനമാണ് മൊബൈൽ വഴിയുള്ള ഓൺലൈൻ പർച്ചേസ്. സിംഗപ്പൂരിൽ 34.8 ശതമാനവും യുകെയിൽ 27.6 ശതമാനവും ബ്രസീലിൽ 24.4 ശതമാനവുമാണ് ഓൺലൈൻ പർച്ചേസുകൾ.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t