അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോൾ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസ്സാകേണ്ടതില്ല. എന്നാൽ യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക.
നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എസ്തോണിയ, അൽബേനിയ, പോർചുഗൽ, ചൈന, ഹംഗറി, ഗ്രീസ്, യുക്രെയ്ൻ, ബൾഗേറിയ, സ്ലൊവാക്യ, സ്ലൊവേനിയ, സെർബിയ, സൈപ്രസ്, ലാത്വിയ, ലക്സംബർഗ്, ലിേത്വനിയ, മാൾട്ട, ഐസ്ലൻഡ്, മോണ്ടിനെഗ്രോ, ഇസ്രായേൽ, അസർബൈജാൻ, ബലറൂസ്, ഉസ്ബകിസ്താൻ, യുനൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഫ്രാൻസ്, ജപ്പാൻ, ബെൽജിയം, സ്വിറ്റ്സർലൻഡ്, ജർമനി, ഇറ്റലി, സ്വീഡൻ, അയർലൻഡ്, സ്പെയിൻ, നോർവേ, ന്യൂസിലൻഡ്, റുേമനിയ, സിംഗപ്പൂർ, ഹോങ്കോങ്, നെതർലൻഡ്സ്, ഡെൻമാർക്ക്, ഓസ്ട്രിയ, ഫിൻലൻഡ്, യു.കെ, തുർക്കി, കാനഡ, പോളണ്ട്, ദക്ഷിണാഫ്രിക്ക, ആസ്ട്രേലിയ, ക്രൊയേഷ്യ, ടെക്സസ്, റിപ്പബ്ലിക് ഓഫ് നോർത്ത് മാസിഡോണിയ, കൊസോവോ റിപ്പബ്ലിക്, കിർഗിസ് റിപ്പബ്ലിക്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് സ്വന്തം രാജ്യത്തെ ലൈസൻസ് യുഎഇയിൽ ഉപയോഗിക്കാനാകുക.
താമസവിസയുള്ളവർക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസുമായി യുഎഇ ഡ്രൈവിങ് ലൈസൻസ് എക്സ്ചേഞ്ച് ചെയ്യുന്നതിനായി ആറ് നിബന്ധനകളും മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുണ്ട്. താമസ വിസ ലഭിച്ചാൽ വാഹനമോടിക്കുന്നതിന് യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് നേടിയിരിക്കണം. യുഎഇയിൽ താമസവിസ ഉള്ളവർ ലൈസൻസ് എക്സചേഞ്ച് സൗകര്യത്തിലൂടെ സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് യുഎഇയിലെ ഡ്രൈവിങ് ലൈസൻസ് ആക്കി മാറ്റണം.
ലൈസൻസ് മാറ്റത്തിനുള്ള ആറ് പ്രധാന വ്യവസ്ഥകൾ
ലൈസൻസ് എക്സചേഞ്ചിന് യോഗ്യതയുള്ള അംഗീകൃത രാജ്യത്തെ ലൈസൻസ് ആയിരിക്കണം കൈവശമുള്ളത്.
അപേക്ഷകൻ നിയമപരമായ ഡ്രൈവിംഗ് പ്രായം പാലിച്ചിരിക്കണം.
ലൈസൻസ് സാധുവായതായിരിക്കണം (valid license).
അപേക്ഷകന് തക്കതായ താമസ വിസ ഉണ്ടാകണം, അല്ലെങ്കിൽ ആ എമിറേറ്റിൽ താമസം, ജോലി, അല്ലെങ്കിൽ പഠനവുമായി ബന്ധപ്പെട്ട സ്ഥിരീകരിച്ച വിലാസം ഉണ്ടായിരിക്കണം.
കണ്ണ് പരിശോധന വിജയകരമായി പാസാക്കേണ്ടതാണ്.
ചില രാജ്യങ്ങൾക്ക്, ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രം അടിസ്ഥാനമാക്കി, യഥാർത്ഥ ലൈസൻസ് സമർപ്പിക്കേണ്ടി വരും.
ആവശ്യമായ രേഖകൾ
യഥാർത്ഥ വിദേശ ലൈസൻസിൻറെ നിയമപരമായ പരിഭാഷ
യഥാർത്ഥ ലൈസൻസിന്റെ പകർപ്പ്
ലൈസൻസ് എക്സ്ചേഞ്ച് ഫീസ്: ദിർഹം 600
മൊറൂർഖൗസ് (MuroorKhous) പ്ലാറ്റ്‌ഫോമിലൂടെ ഈ സേവനം ലഭ്യമാകും.
മന്ത്രാലയം വിശദീകരിച്ചതുപ്രകാരം, ഈ സേവനം അവരുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ “മുറൂർഖൗസ്” മുഖേന ലഭ്യമാണു. മൊറൂർഖൗസ് ഉപയോഗിച്ച് എളുപ്പത്തിൽ ഡ്രൈവിംഗ് ലൈസൻസ് കൈമാറ്റം, പുതുക്കൽ, മറ്റ് വാഹന രജിസ്ട്രേഷൻ സേവനങ്ങൾ എന്നിവ ചെയ്യാൻ സാധിക്കും. ചൈന, യുകെ എന്നിവയ്ക്ക് പുറമെ യൂറോപ്യൻ രാജ്യങ്ങളിലും യുഎഇ ഡ്രൈവിങ് ലൈസൻസുമായി വാഹനമോടിക്കാൻ അനുവാദമുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t