റാസൽഖൈമയിലെ അൽ ഹലീൽ വ്യവസായ മേഖലയിൽ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തം അഞ്ച് മണിക്കൂറോളം നീണ്ട കഠിന പ്രയത്നത്തിനൊടുവിൽ പൂർണമായി നിയന്ത്രണവിധേയമാക്കി. പ്രാദേശിക, ഫെഡറൽ തലങ്ങളിലെ ഡസൻ കണക്കിന് യൂണിറ്റുകൾ ഒരുമിച്ച് പ്രവർത്തിച്ചാണ് തീ അണച്ചത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അതിവേഗം പടരുന്നത് തടയാൻ കഴിഞ്ഞത് വിവിധ ഏജൻസികളുടെ ഏകോപിപ്പിച്ച പ്രവർത്തനത്തിലൂടെയാണെന്ന് റാസൽഖൈമ പൊലീസ് തലവനും പ്രാദേശിക അടിയന്തര, ക്രൈസിസ്, ദുരന്തനിവാരണ സംഘത്തിന്റെ തലവനുമായ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുഐമി പറഞ്ഞു. സമീപത്തുള്ള മറ്റ് ഫാക്ടറികളിലേക്കും വെയർഹൗസുകളിലേക്കും തീ പടർന്നിരുന്നെങ്കിൽ വലിയ ദുരന്തമായി മാറിയേക്കാവുന്ന സാഹചര്യമായിരുന്നു. തീപിടിത്തം റിപ്പോർട്ട് ചെയ്ത ഉടനെ തന്നെ റാസൽഖൈമയുടെ സംയുക്ത അടിയന്തര പദ്ധതി സജീവമാക്കി. സിവിൽ ഡിഫൻസ് ടീമുകൾക്ക് മറ്റ് എമിറേറ്റുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകളും പ്രത്യേക സാങ്കേതിക ടീമുകളും പിന്തുണ നൽകി.
പ്രതിരോധ മന്ത്രാലയം, നാഷനൽ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി, റാസൽഖൈമ പൊലീസ്, കൂടാതെ ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ ഡിഫൻസ് ടീമുകളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. നാഷനൽ ഗാർഡ്, നാഷനൽ ആംബുലൻസ്, തിരച്ചിൽ, രക്ഷാപ്രവർത്തന യൂണിറ്റ്, റാസൽഖൈമ മുനിസിപ്പാലിറ്റി, എത്തിഹാദ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റി, റാസൽഖൈമ പോർട്ട് അതോറിറ്റി, സഖർ പോർട്ട് അതോറിറ്റി, എമിറേറ്റ്സ് റെഡ് ക്രസന്റ്, പൊതുസേവന വകുപ്പ് എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചു. ഉന്നതതല ഏകോപനവും സ്ഥാപനപരമായ ടീം വർക്കും തീപിടിത്തം വൻ ദുരന്തമായി മാറുന്നത് തടഞ്ഞുവെന്ന് മേജർ ജനറൽ ബിൻ അൽവാൻ പറഞ്ഞു.
പ്രതികരണത്തിലെ കാലതാമസമോ ഏകോപനമില്ലായ്മയോ തീ സമീപത്തുള്ള മറ്റ് വ്യവസായ സ്ഥാപനങ്ങളിലേക്ക് പടരാൻ കാരണമായേക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തീ നിയന്ത്രണവിധേയമാക്കിയതിന് ശേഷം ഫൊറൻസിക്, സാങ്കേതിക അന്വേഷണ സംഘങ്ങൾ സ്ഥലത്ത് തെളിവുകൾ ശേഖരിക്കാനും സാമ്പിളുകൾ വിശകലനം ചെയ്യാനും തീപിടിത്തത്തിന്റെ കാരണം കണ്ടെത്താനും ആരംഭിച്ചു. മറ്റ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച്, തീപിടിത്തം മൂലമുണ്ടായ നാശനഷ്ടങ്ങളുടെ പൂർണമായ വ്യാപ്തിയും സംഘം വിലയിരുത്തുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാ ഏജൻസികൾക്കും മേജർ ജനറൽ ബിൻ അൽവാൻ നന്ദി രേഖപ്പെടുത്തി.
വലിയ തോതിലുള്ള ഈ തീപിടിത്തം വിജയകരമായി കൈകാര്യം ചെയ്തത് ജീവനും സ്വത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കും മുൻഗണന നൽകുന്ന എമിറേറ്റിന്റെ തന്ത്രപരമായ പദ്ധതികൾക്ക് അനുസൃതമായി അടിയന്തര സാഹചര്യങ്ങളെയും പ്രതിസന്ധികളെയും നേരിടാനുള്ള റാസൽഖൈമയുടെ ഉയർന്ന തയ്യാറെടുപ്പിനെയാണ് ഇത് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Dkr4HqQL4ZcCnF60iKb3SK?mode=ac_t