ദുബായ്: യുഎഇയിലെ ഇൻഷുറൻസ് മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് ദുബായ് ഇൻഷുറൻസ്. രാജ്യത്തെ ഇൻഷുറൻസ് രംഗത്ത് ആദ്യമായി ക്രിപ്‌റ്റോ കറൻസി വഴി പ്രീമിയം അടയ്ക്കാനും ക്ലെയിമുകൾ സ്വീകരിക്കാനുമുള്ള സൗകര്യം കമ്പനി അവതരിപ്പിച്ചു. ക്രിപ്‌റ്റോ ആസ്തികൾക്കായി ഇൻഷുറൻസ് മേഖലയിലെ ആദ്യ ഡിജിറ്റൽ വാലറ്റ് പുറത്തിറക്കിക്കൊണ്ടാണ് ഈ ചരിത്രപരമായ നീക്കം.
യുഎഇയിലെയും മേഖലയിലെയും ഇൻഷുറൻസ് രംഗത്തെ നിർണ്ണായക നിമിഷമാണിതെന്ന് ദുബായ് ഇൻഷുറൻസ് സിഇഒ അബ്ദുല്ലത്തീഫ് അബുഖുറ പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ വാലറ്റ് വഴി ഡിജിറ്റൽ ആസ്തികളിൽ ഇടപാടുകൾ നടത്താൻ സൗകര്യമൊരുക്കുന്നതിലൂടെ ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന രീതി തന്നെ മാറ്റിമറിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഗവൺമെന്റ് നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായാണ് ഈ പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. സോഡിയ കസ്റ്റഡിയുമായി (Zodia Custody) സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്.
ലോകത്തെ ക്രിപ്‌റ്റോ കറൻസി ഉപയോഗത്തിൽ അഞ്ചാം സ്ഥാനത്തുള്ള യുഎഇയിൽ, ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ബാങ്കിംഗ് മേഖലയ്ക്ക് പിന്നാലെ ഇൻഷുറൻസ് രംഗവും ഈ മാറ്റത്തെ ഉൾക്കൊള്ളുന്നത് രാജ്യത്തെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ കരുത്താകും. നേരത്തെ റാക് ബാങ്ക് (RAKBank), സാൻഡ് (Zand) തുടങ്ങിയ ബാങ്കുകൾ ദിർഹവുമായി ബന്ധിപ്പിച്ച സ്റ്റേബിൾ കോയിനുകൾക്ക് (Stablecoins) സെൻട്രൽ ബാങ്കിൽ നിന്ന് അംഗീകാരം നേടിയിരുന്നു. ബ്ലോക്ക്ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി പ്രത്യേക ഇൻഷുറൻസ് പദ്ധതികളും യുഎഇയിൽ ആരംഭിച്ചുവരുന്നുണ്ട്.
ഡിജിറ്റൽ ആസ്തികൾ ഉപയോഗിക്കുന്നവർക്ക് കൂടുതൽ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ പുതിയ സംവിധാനം സഹായിക്കും. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളുടെ പ്രധാന കേന്ദ്രമായി യുഎഇ മാറുന്നതിന്റെ സൂചനയായാണ് ഈ പുതിയ നീക്കത്തെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള മെട്രോ ഫീഡർ ബസിൽ യാത്രയ്ക്കിടെ നഷ്ടപ്പെട്ട വിലപ്പെട്ട രേഖകളടങ്ങിയ ബാഗ് പ്രവാസിക്ക് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി നൽകി പൊലീസ്. നെടുമ്പാശ്ശേരി എയർപോർട്ടിലെ പൊലീസ് ലെയ്സൺ ഓഫീസറും എസ്‌ഐയുമായ സാബു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും പിന്തുടർന്ന് നടത്തിയ കൃത്യമായ അന്വേഷണത്തിലൂടെ ബാഗ് വീണ്ടെടുത്തത്. ഫോർട്ട് കൊച്ചിയിൽ നിന്നാണ് ബാഗ് കണ്ടെത്തിയത്.
നവംബർ 17 തിങ്കളാഴ്ച രാവിലെ പത്തനംതിട്ട റാന്നി സ്വദേശി എബ്രഹാം മാത്യുവും കുടുംബവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് ആലുവയിലേക്ക് പോകുന്നതിനായി മെട്രോ ഫീഡർ ബസിൽ കയറിയപ്പോഴാണ് സംഭവം. യാത്രയ്ക്കിടെ എബ്രഹാമിന്റെ വിലപ്പെട്ട രേഖകൾ ഉൾപ്പെട്ട ബാഗ് ബസിൽ വെച്ച് നഷ്ടപ്പെട്ടു. ആലുവയിൽ എത്തിച്ചേർന്നതോടെയാണ് ബാഗ് നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടത്.
വിവരം ലഭിച്ചതിന് പിന്നാലെ പൊലീസ് ഫീഡർ ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സഹയാത്രികനായ ഒരാൾ ബാഗ് കൈക്കലാക്കി ആലുവയിൽ ഇറങ്ങിപ്പോകുന്നതായി ദൃശ്യങ്ങളിൽ വ്യക്തമായി. തുടർന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതോടെ, ഇയാൾ ഒരു സുഹൃത്തിനെ യാത്രയാക്കാൻ എത്തിയതും വിമാനത്താവളത്തിൽ നിന്നുതന്നെയാണ് ബസിൽ കയറിയതെന്നും കണ്ടെത്തി.
ഇയാൾ വിമാനത്താവളത്തിലെത്തിയ വാഹനത്തിന്റെ ഡ്രൈവറെ കണ്ടെത്തിയെങ്കിലും യാത്രക്കാരനെ വ്യക്തിപരമായി അറിയില്ലെന്നായിരുന്നു മറുപടി. എന്നാൽ, ഇയാളെ വാഹനത്തിൽ കയറ്റിയ ലൊക്കേഷൻ അന്വേഷണത്തിൽ നിർണായകമായി. ഈ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. തുടർന്ന് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിൽ ഇയാൾ ഫോർട്ട് കൊച്ചിയിലുണ്ടെന്ന സൂചന ലഭിച്ചു. ഇയാളുടെ സുഹൃത്തുക്കളെ കണ്ടെത്തി അവരുടെ സഹായത്തോടെ പ്രതിയെ ഫോർട്ട് കൊച്ചി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നഷ്ടപ്പെട്ടതിന് 12 മണിക്കൂറിനുള്ളിൽ തന്നെ, വൈകിട്ട് 7 മണിയോടെ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. സമയബന്ധിതവും ഉത്തരവാദിത്തപരവുമായ അന്വേഷണത്തിന് നേതൃത്വം നൽകിയ എസ്‌ഐ സാബു വർഗീസിനെ കൊച്ചി മെട്രോയ്ക്ക് വേണ്ടി ലോക്നാഥ് ബെഹ്റയും കേരള പൊലീസിന് വേണ്ടി ആലുവ റൂറൽ എസ്‌പി എം. ഹേമലതയും പ്രശസ്തിപത്രം നൽകി അഭിനന്ദിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ ടെന്റ് സ്ഥാപിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് യുഎഇ; കൂടുതൽ അറിയാം
റമസാൻ മാസത്തെ സമൂഹ നോമ്പുതുറകൾക്കായി സ്ഥാപിക്കുന്ന കൂടാരങ്ങൾക്കായി യുഎഇ അധികൃതർ പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജന സുരക്ഷ മുൻനിർത്തിയാണ് ഇത്തവണ കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഓരോ എമിറേറ്റിലെയും മുനിസിപ്പാലിറ്റിയുടെയും സിവിൽ ഡിഫൻസ് അതോറിറ്റിയുടെയും മുൻകൂർ അനുമതി നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു.
ചന്ദ്രദർശനത്തെ ആശ്രയിച്ച് ഫെബ്രുവരി 17 അല്ലെങ്കിൽ 18 നാണ് റമസാൻ വ്രതം ആരംഭിക്കാനിടയുള്ളത്. ഇതോടെ വിവിധ സംഘടനകളും വ്യക്തികളും ഒരുക്കുന്ന സമൂഹ നോമ്പുതുറകൾക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ സജീവമായിരിക്കുകയാണ്.
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, കൂടാര നിർമാണത്തിന് തീപിടിക്കാത്തതും ഉയർന്ന നിലവാരമുള്ളതുമായ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. കൂടാരങ്ങളുടെ വലുപ്പത്തിന് അനുസരിച്ച് ആവശ്യമായ അഗ്നിശമന ഉപകരണങ്ങൾ നിർബന്ധമായി ഒരുക്കണം. ടെന്റിനകത്തെ ഇലക്ട്രിക്കൽ വയറിങ് അംഗീകൃത സാങ്കേതിക വിദഗ്ധർ മുഖേന മാത്രമേ നടത്താവൂ. കൂടാരത്തിനകത്തെ താപനില നിയന്ത്രിക്കുന്നതിനായി എയർകണ്ടീഷനുകൾ സുരക്ഷിത അകലത്തിൽ സ്ഥാപിക്കണമെന്നും നിർദേശമുണ്ട്. സുരക്ഷാ കാരണങ്ങളാൽ ടെന്റിനകത്ത് പാചകം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഭക്ഷണം അംഗീകൃത കേറ്ററിങ് കേന്ദ്രങ്ങളിൽ നിന്ന് മാത്രമേ എത്തിക്കാവൂ.
കൂടാരങ്ങൾ സ്ഥാപിക്കുമ്പോൾ റോഡുകൾക്കും കാൽനട യാത്രക്കാർക്കും ഗതാഗതത്തിനും തടസ്സമുണ്ടാകരുതെന്നും അധികൃതർ വ്യക്തമാക്കി. അടിയന്തര സാഹചര്യങ്ങളിൽ എമർജൻസി വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം ടെന്റ് ക്രമീകരണമെന്നും നിർദേശങ്ങളിൽ പറയുന്നു. നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പരിശോധനകൾ ശക്തമാക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വകുപ്പുകൾ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply