ദുബായ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ ഇറാനെതിരായ സൈനിക നീക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് വ്യക്തമാക്കി യുഎഇ. യുഎസ് സൈന്യത്തിന് ഇറാനെ ആക്രമിക്കാനായി തങ്ങളുടെ വ്യോമപാതയോ, ഭൂപ്രദേശമോ, സമുദ്രപരിധിയോ ഉപയോഗിക്കാൻ അനുവാദം നൽകില്ലെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സമാധാനത്തിനും നിഷ്പക്ഷതയ്ക്കും മുൻഗണന നൽകുന്നതിനാലാണ് ഈ കടുത്ത നിലപാടെന്ന് രാജ്യം വ്യക്തമാക്കി.
അനിശ്ചിതത്വത്തിലായി ട്രംപിന്റെ നീക്കം ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നതിനെതിരെയും ആണവ പരിപാടികൾക്കെതിരെയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായ മുന്നറിയിപ്പുകൾ നൽകിയിരുന്നു. യുഎസ് വിമാനവാഹിനിക്കപ്പലുകൾ മേഖലയിലേക്ക് തിരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ തന്ത്രപ്രധാനമായ ഇടം യുദ്ധത്തിനായി വിട്ടുനൽകില്ലെന്ന് യുഎഇ പ്രഖ്യാപിച്ചിരിക്കുന്നത്. സൈനിക ശക്തി ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞിട്ടുണ്ടെങ്കിലും, മേഖലയിലെ സാഹചര്യം ഏറെ വഷളായിരിക്കുകയാണ്.
കൊടുങ്കാറ്റ് കൊയ്യുമെന്ന് ഇറാന്റെ മുന്നറിയിപ്പ് അമേരിക്കയുടെ നീക്കത്തിനെതിരെ ‘കാറ്റുവിതയ്ക്കുന്നവർ കൊടുങ്കാറ്റ് കൊയ്യും’ എന്ന ശക്തമായ ഭീഷണി മുഴക്കി ഇറാൻ രംഗത്തെത്തിയിട്ടുണ്ട്. ടെഹ്‌റാനിലെ പ്രധാന ചത്വരങ്ങളിൽ തകർന്ന വിമാനങ്ങളുടെ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ഇറാൻ യുഎസിനെ നേരിടുമെന്ന് പ്രഖ്യാപിച്ചത്. ഇറാനിലെ ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുമ്പോഴും പുറത്തുനിന്നുള്ള ഇടപെടലുകളെ ശക്തമായി പ്രതിരോധിക്കാനാണ് ഇറാൻ ഭരണകൂടത്തിന്റെ തീരുമാനം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply