ക്രെഡിറ്റ് കാർഡ് ഇന്ന് പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഇത് വലിയ സാമ്പത്തിക ബാധ്യതയായി മാറുമെന്നതിൽ സംശയമില്ല. മാളുകളിലോ പൊതുഇടങ്ങളിലോ പോകുമ്പോൾ ‘ആജീവനാന്ത സൗജന്യ ക്രെഡിറ്റ് കാർഡ്’ വാഗ്ദാനം ചെയ്ത് ബാങ്ക് പ്രതിനിധികൾ സമീപിക്കുന്ന അനുഭവം പലർക്കുമുണ്ട്. എന്നാൽ ഇത്തരം കാർഡുകൾ പൂർണമായും ഫ്രീ ആണോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ശ്രദ്ധിക്കേണ്ട ചില പ്രധാന ചാർജുകൾ ഇതാ:
ഉയർന്ന പലിശ നിരക്ക്
വാർഷിക ഫീസ് ഇല്ലെങ്കിലും സൗജന്യമായി നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് ഉയർന്ന പലിശ നിരക്ക് ഉണ്ടായേക്കാം. കുടിശ്ശിക തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ പലിശയിലൂടെ വലിയ തുക നൽകേണ്ടി വരും. അതിനാൽ കാർഡ് എടുക്കുന്നതിന് മുൻപ് പലിശ നിരക്ക് വിശദമായി പരിശോധിക്കണം.
വിദേശ കറൻസി ഇടപാടുകളിലെ ചെലവ്
വാർഷിക ചാർജ് ഇല്ലെങ്കിലും ഇത്തരം കാർഡുകളിൽ 2 മുതൽ 4 ശതമാനം വരെ ഫോറെക്സ് മാർക്ക്-അപ്പ് ഫീസ് ഈടാക്കാറുണ്ട്. വിദേശ കറൻസികളിൽ ഇടപാടുകൾ നടത്തുമ്പോൾ ഈ അധികചെലവ് ബാധകമാകും.
ഓവർലിമിറ്റ് ഫീസ്
ചില സൗജന്യ ക്രെഡിറ്റ് കാർഡുകളിൽ ക്രെഡിറ്റ് പരിധിക്ക് മുകളിൽ ചെലവഴിച്ചാൽ ബാങ്കുകൾ ഓവർലിമിറ്റ് ഫീസ് ചുമത്തും. ഇതിനെക്കുറിച്ച് മുൻകൂട്ടി വ്യക്തത വരുത്തേണ്ടതുണ്ട്.
പേയ്‌മെന്റ് വൈകിയാൽ പിഴ
ബിൽ തുക കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ലേറ്റ് പേയ്‌മെന്റ് ചാർജും പിഴയും ഈടാക്കും. കാർഡ് സൗജന്യമാണെന്നത് ഈ പിഴകളിൽ നിന്ന് ഒഴിവാകാനുള്ള കാരണമല്ല.
കാർഡ് ഉപയോഗിച്ചില്ലെങ്കിലും ഫീസ്
ക്രെഡിറ്റ് കാർഡ് എടുത്തിട്ടും ഉപയോഗിക്കാതിരുന്നാൽ പോലും ചില ബാങ്കുകൾ ഫീസ് ഈടാക്കും. അല്ലെങ്കിൽ ഒരു നിശ്ചിത ചെലവ് പരിധി കടന്നാൽ മാത്രമേ വാർഷിക ഫീസ് ഒഴിവാക്കുകയുള്ളൂ.
അതിനാൽ ‘ലൈഫ്‌ടൈം ഫ്രീ’ എന്ന വാഗ്ദാനത്തിൽ മാത്രം വിശ്വസിക്കാതെ എല്ലാ നിബന്ധനകളും ചാർജുകളും മനസ്സിലാക്കി മാത്രമേ ക്രെഡിറ്റ് കാർഡ് സ്വീകരിക്കാവൂ എന്നതാണ് വിദഗ്ധരുടെ നിർദേശം..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുദ്ധഭീതി ശക്തം! ഇറാനെ ലക്ഷ്യമിട്ട് ട്രംപിന്റെ കപ്പൽപ്പട അറബിക്കടലിൽ; പശ്ചിമേഷ്യയിൽ ആശങ്ക
ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക ഉടൻ സൈനിക നടപടി ആരംഭിച്ചേക്കുമെന്ന സൂചനകളാണ് രാജ്യാന്തര മാധ്യമങ്ങൾ നൽകുന്നത്. പേര്‍ഷ്യൻ ഗൾഫ് മേഖലയിലൂടെയോ അറബിക്കടൽ വഴിയോ ആയിരിക്കും അമേരിക്കയുടെ സൈനിക നീക്കമെന്നാണ് റിപ്പോർട്ടുകൾ. ഇതിനായി യു.എസ്. നാവിക സേനയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൺ ഇതിനകം മേഖലയിൽ സജ്ജമായതായി വിവരം പുറത്തുവന്നു. ഗൈഡഡ് മിസൈൽ ഡിസ്ട്രോയറുകളടക്കമുള്ള യുദ്ധക്കപ്പലുകളും സൈനിക സന്നാഹങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ദക്ഷിണ ചൈനാ കടൽ വഴി ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയ വിമാനവാഹിനിക്കപ്പൽ അടുത്ത ദിവസങ്ങളിൽ അറബിക്കടലിൽ നങ്കൂരമിടുമെന്നാണ് വിലയിരുത്തൽ. പശ്ചിമേഷ്യയിൽ, പ്രത്യേകിച്ച് ഇസ്രയേൽ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ യുഎസ് കൂടുതൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ എഫ്-15ഇ സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനങ്ങൾ ഇതിനകം മേഖലയിൽ എത്തിയതായും യു.എസ്. സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക വിമാനത്താവളത്തിൽ യുദ്ധവിമാനം ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഇറാനിലെ ആഭ്യന്തര കലാപവുമായി ബന്ധപ്പെട്ട മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ ഇതുവരെ ഇറാൻ പുറത്തുവിട്ടിട്ടില്ല. പ്രതിഷേധങ്ങൾ ആരംഭിച്ചതിനുശേഷം ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായി പേര് വെളിപ്പെടുത്താത്ത ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ യഥാർത്ഥ മരണസംഖ്യ 12,000 മുതൽ 20,000 വരെ ആയിരിക്കാമെന്ന വിലയിരുത്തലുകളും രാജ്യാന്തര മാധ്യമങ്ങൾ മുന്നോട്ടുവയ്ക്കുന്നു. അതേസമയം, വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ചെലവേറിയ യുദ്ധത്തിൽ അമേരിക്കക്ക് താൽപര്യമില്ലെന്ന സൂചനകളും ശക്തമാണ്. അതിനാൽ നേരിട്ടുള്ള യുദ്ധത്തിന് പകരം വെനസ്വേലയിലെ മാതൃകയിൽ ഭരണമാറ്റം ലക്ഷ്യമിട്ട നീക്കങ്ങളിലേക്ക് ട്രംപ് ഭരണകൂടം കടക്കുമെന്നാണു വിലയിരുത്തൽ. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ മാറ്റി റെസ പഹ്‌ലവിയെ അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളും പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ട്രക്ക് കവർന്ന് ഇന്ധനക്കടത്ത്; ദുബായിൽ പ്രതിക്ക് ജയിലും പിഴയും
ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ കേസിൽ പ്രതികൾക്ക് തടവും പിഴയും വിധിച്ച് ദുബായ് കോടതി. ട്രക്ക് മോഷ്ടിച്ച് ഡീസൽ കടത്തിയ ഒന്നാം പ്രതിക്ക് 1,650 ദിർഹം പിഴയും, മോഷ്ടിച്ച ഇന്ധനം വാങ്ങിയ രണ്ടാമത്തെ പ്രതിക്ക് 450 ദിർഹം പിഴയും കോടതി വിധിച്ചു. സംഭവം നടന്നത് ഒരു സ്വകാര്യ കമ്പനിയുടെ പാർക്കിംഗ് ഏരിയയിലാണ്. ട്രക്ക് ഡ്രൈവർ വാഹനം പാർക്ക് ചെയ്ത ശേഷം കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ട്രക്ക് കാണാതായത്. സ്ഥലത്ത് ടയറുകളുടെ നേരിയ പാടുകൾ മാത്രമാണ് അവശേഷിച്ചിരുന്നതെന്ന് ഡ്രൈവർ പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന് പിന്നിലെ ആസൂത്രിത നീക്കം പുറത്തുവന്നത്. പ്രതി മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമായി ട്രക്ക് മോഷ്ടിച്ച് ഡീസൽ ചോർത്തിയ ശേഷം, ഇന്ധനം വാങ്ങാൻ ഒരാളെ ബന്ധപ്പെടുകയായിരുന്നു. 450 ദിർഹത്തിന് ഇന്ധനം വാങ്ങാൻ രണ്ടാമത്തെ പ്രതി സമ്മതിക്കുകയും ഇടപാട് പൂർത്തിയാക്കിയ ശേഷം ഇരുവരും സ്ഥലത്ത് നിന്നും കടന്നുകളയുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. കേസിൽ കുറ്റം തെളിഞ്ഞതിനെ തുടർന്നാണ് ദുബായ് കോടതി ശിക്ഷ വിധിച്ചത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply