ഷോപ്പിങ് പ്രേമികൾക്ക് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചുകൊണ്ട് 2026ൽ യു.എ.ഇയിൽ ഏഴ് അത്യാധുനിക ഷോപ്പിങ് മാളുകൾ കൂടി പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പരമ്പരാഗതമായി സാധനങ്ങൾ വാങ്ങുന്നതിനുള്ള ഇടങ്ങൾ എന്നതിലുപരി, വിനോദം, ആരോഗ്യം, പ്രകൃതിയോട് ഇണങ്ങിയ അന്തരീക്ഷം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്ന നവീന രൂപകൽപ്പനകളാണ് പുതിയ മാളുകളുടെ പ്രത്യേകത.
ഇതോടൊപ്പം ദുബായ് മാൾ, മാൾ ഓഫ് ദി എമിറേറ്റ്സ് തുടങ്ങിയ രാജ്യത്തെ പ്രമുഖ ഷോപ്പിങ് കേന്ദ്രങ്ങളുടെ വിപുലീകരണ പ്രവർത്തനങ്ങളും 2026ൽ തന്നെ പൂർത്തിയാകും. ഇതോടെ ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പേർക്ക് തൊഴിൽ അവസരങ്ങൾ വർധിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ മാളുകളിൽ ശ്രദ്ധേയമായ ഒന്നാണ് ശോഭ ഹാർട്ട്‌ലാൻഡിൽ ഒരുങ്ങുന്ന ‘ശോഭ മാൾ’. പ്രമുഖ മലയാളി വ്യവസായി പി.എൻ.സി. മേനോന്റെ ഉടമസ്ഥതയിലുള്ള ശോഭ റിയൽറ്റിയുടെ റീട്ടെയിൽ മേഖലയിലേക്കുള്ള ആദ്യ സംരംഭമായ ഈ മാൾ 2026-ന്റെ രണ്ടാം പകുതിയോടെ തുറക്കും. ജിം, പ്ലേ കോർട്ടുകൾ, പത്തിലേറെ ഡൈനിങ് കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടുന്ന സൗകര്യങ്ങളാണ് ഇവിടെ ഒരുക്കുന്നത്.
വാദി അൽ സഫ 2ൽ സ്പാനിഷ് വാസ്തുവിദ്യയിൽ ഒരുങ്ങുന്ന ‘ലിവാൻ മാൾ’, ഔട്ട്ഡോർ ഷോപ്പിങ്ങിനും റൂഫ്‌ടോപ്പ് പൂളിനും മുൻഗണന നൽകുന്ന ‘വില്ല സ്ക്വയർ’ എന്നിവയും അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും. ദുബായ് സൗത്ത് റസിഡൻഷ്യൽ ഡിസ്ട്രിക്റ്റിൽ ലഗൂൺ കാഴ്ചകളോടെ ഒരുങ്ങുന്ന ‘സൗത്ത് ബേ മാൾ’ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. അറുപതിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും പ്രീമിയം ഫൂഡ് ഹാളും ഇവിടെ സജ്ജീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് ക്രീക്ക് ഹാർബറിൽ നിർമാണം പുരോഗമിക്കുന്ന ‘ദുബായ് സ്ക്വയർ’ ഒരു നഗരത്തിനകത്തെ നഗരമെന്ന ആശയത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സാങ്കേതിക വിദ്യയെ ആധാരമാക്കിയ ആധുനിക ഷോപ്പിങ് അനുഭവമാണ് ഇവിടെ ലക്ഷ്യമിടുന്നത്. വനത്തിനകത്തെ ഷോപ്പിങ് എന്ന അപൂർവ അനുഭവം നൽകുന്ന ‘ഗാഫ് വുഡ്‌സ് മാൾ’ 30,000ത്തിലധികം മരങ്ങൾക്കിടയിൽ ഒരുങ്ങുന്നതും ശ്രദ്ധേയമാണ്. നിലവിലുള്ള മാളുകളിൽ ദുബായ് മാളിൽ 240 പുതിയ ആഡംബര ഷോപ്പുകൾ കൂടി ഉൾപ്പെടുത്തി വിപുലീകരണം പൂർത്തിയാകുന്നതോടെ യു.എ.ഇയുടെ റീട്ടെയിൽ മേഖല 2026ൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply