അബുദാബി: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ഖത്തർ എംബസിക്ക് നേരെയുണ്ടായ ഷെല്ലാക്രമണത്തിൽ യുഎഇ ശക്തമായ ഉത്കണ്ഠ രേഖപ്പെടുത്തി. അന്താരാഷ്ട്ര നിയമങ്ങളും കൺവെൻഷനുകളും അനുസരിച്ച് നയതന്ത്ര സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
കീവിൽ നടന്ന രൂക്ഷമായ ആക്രമണത്തിനിടെയാണ് ഖത്തർ എംബസി കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചത്. സാധാരണക്കാർ താമസിക്കുന്ന കെട്ടിടങ്ങളും നയതന്ത്ര കാര്യാലയങ്ങളും സംരക്ഷിക്കപ്പെടണമെന്നും അന്താരാഷ്ട്ര മാനദണ്ഡങ്ങൾ ലംഘിക്കപ്പെടരുതെന്നും യുഎഇ ഓർമ്മിപ്പിച്ചു.
യുക്രെയ്നിലെ നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക രേഖപ്പെടുത്തിയ മന്ത്രാലയം, പ്രതിസന്ധി പരിഹരിക്കാൻ സമാധാനപരമായ ചർച്ചകളും നയതന്ത്ര നീക്കങ്ങളും തുടരണമെന്ന് ആഹ്വാനം ചെയ്തു. യുദ്ധം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന സാഹചര്യത്തിൽ, സംഘർഷം ലഘൂകരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും യുഎഇയുടെ പിന്തുണയുണ്ടാകുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മുൻ യുഎഇ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു
യുഎഇയിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവാസിയായി പ്രവർത്തിക്കുകയും, നാട്ടിലും വിദേശത്തും മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമായി അറിയപ്പെടുകയും ചെയ്ത ചാവക്കാട് ഒരുമനയൂർ മുല്ലപ്പുഴ സ്വദേശി വി. എം. മുഹമ്മദ് ഹാജി (….) നാട്ടിൽ അന്തരിച്ചു. ദീർഘകാല ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ ജോലി ഒഴിവാക്കി നാട്ടിൽ വിശ്രമജീവിതം നയിക്കുന്നതിനിടെയാണ് അന്ത്യം സംഭവിച്ചത്. പരേതൻ പി. പി. സൈദു മുഹമ്മദ് – വലിയകത്ത് മേപ്പുറത്ത് പാത്താവു ദമ്പതികളുടെ മകനാണ്. ഭാര്യ പാത്തുമോൾ. മക്കൾ: ഫയാസ്, ഫസീല. മരുമക്കൾ: ഫൈസൽ, സിനു. സഹോദരങ്ങൾ: അലി; പരേതരായ അഹമ്മദുണ്ണി, അബൂബക്കർ, ഉമ്മർ, ഉസ്മാൻ, ആമിനക്കുട്ടി, കുഞ്ഞിപാത്തുണ്ണി, കയ്യ മോൾ, ഫാത്തിമ. മൃതദേഹം ഒരുമനയൂർ തൈക്കടവ് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ദുബായ് കെഎംസിസി, ദുബായ് സുന്നി സെന്റർ എന്നിവ ഉൾപ്പെടെയുള്ള സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്ന പരേതന്റെ നിര്യാണത്തിൽ വിവിധ സാമൂഹിക-മത സംഘടനകളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ
സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply