യുഎഇയിൽ ശൈത്യകാലം ശക്തമാകുന്നതിനൊപ്പം പകർച്ചപ്പനിയും വ്യാപകമാകുന്നു. ഒരേസമയം ഒന്നിലധികം വൈറൽ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇൻഫ്ലുവൻസ (ഫ്ലൂ) വാക്സീൻ സ്വീകരിച്ച് പ്രതിരോധം ശക്തിപ്പെടുത്തണമെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങൾക്ക് നിർദേശം നൽകി. 193 രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ താമസിക്കുന്ന യുഎഇയിൽ ശൈത്യകാലങ്ങളിൽ വിവിധ തരത്തിലുള്ള പകർച്ചപ്പനികൾ പതിവാണെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, കൃത്യമായ ചികിത്സയിലൂടെ രോഗം നിയന്ത്രണവിധേയമാക്കാനാകുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. എന്നാൽ അടുത്തിടെയായി സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പനി, ചുമ, ജലദോഷം എന്നിവയുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചുവരുന്നതായാണ് വിവിധ എമിറേറ്റുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ദുബായ് ഹെൽത്ത് അതോറിറ്റിയുടെയും അബുദാബി ഹെൽത്ത് സർവീസസിന്റെയും കീഴിലുള്ള ആശുപത്രികളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നിവിടങ്ങളിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ഒപി വിഭാഗങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രത്യേകിച്ച് കുട്ടികളിലും മുതിർന്നവരിലും പനി, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ശൈത്യകാലത്ത് താപനില ഗണ്യമായി കുറഞ്ഞതാണ് ഇൻഫ്ലുവൻസ, ആർഎസ്‌വി, ജലദോഷം തുടങ്ങിയ രോഗങ്ങൾ പടരാൻ പ്രധാന കാരണമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കി. ഫ്ലൂ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ സമീപിക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു. പനിയുള്ളവർ സ്കൂളുകളിലേക്കും ജോലിസ്ഥലങ്ങളിലേക്കും പോകാതെ വീട്ടിൽ വിശ്രമിക്കണമെന്നും, ഇതിലൂടെ രോഗപ്പകർച്ച കുറയ്ക്കാനാകുമെന്നും ഓർമിപ്പിച്ചു. ആശുപത്രിയിൽ പോകുമ്പോൾ തിരക്ക് കുറഞ്ഞ സമയം തിരഞ്ഞെടുക്കണമെന്നും, അത്യാവശ്യമല്ലെങ്കിൽ ടെലിമെഡിസിൻ സേവനങ്ങൾ ഉപയോഗിക്കാമെന്നും അധികൃതർ നിർദേശിച്ചു.
പ്രതിരോധശേഷി കുറഞ്ഞവരും ആസ്മ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ ഉള്ളവരും ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങിയ ഗുരുതര അസുഖങ്ങൾ ഉള്ളവരും ജനക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. രോഗമുള്ളവർ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാനും സ്വന്തം സുരക്ഷയ്ക്കുമായി മാസ്ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ ശുചീകരിക്കുകയും ചെയ്യണമെന്നും നിർദേശിച്ചു. ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ ഏകദേശം 60 ശതമാനം പേർക്ക് പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങളുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. ശൈത്യകാല അവധിക്കിടെ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് മടങ്ങിയെത്തിയതും സ്കൂൾ തുറന്നതും രോഗപ്പകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഇൻഫ്ലുവൻസ ബാധിച്ച പലരിലും ഒരേസമയം ഒന്നിലധികം വൈറസുകൾ കണ്ടെത്തുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജാഗ്രത നിർദേശങ്ങൾ
-പകർച്ചപ്പനിയുള്ള കുട്ടികളെ സ്കൂളുകളിലേക്കോ നഴ്സറികളിലേക്കോ വിടരുത്. അടച്ചിട്ട ക്ലാസ് മുറികളിൽ ശ്വസിക്കുന്നത് രോഗപ്പകർച്ച വർധിപ്പിക്കും.
-രോഗികൾ തണുത്ത ഭക്ഷണങ്ങൾ ഒഴിവാക്കണം. പോഷകസമൃദ്ധമായ ഭക്ഷണവും മതിയായ വെള്ളവും കഴിക്കുകയും കൃത്യമായി മരുന്നുകൾ സ്വീകരിച്ച് വിശ്രമിക്കുകയും വേണം.
ഇൻഫ്ലുവൻസയുടെ ലക്ഷണങ്ങൾ
ശൈത്യകാലത്ത് സാധാരണയായി കണ്ടുവരുന്ന രോഗമാണ് ഇൻഫ്ലുവൻസ (ഫ്ലൂ). ശക്തവും ദിവസങ്ങളോളം നീണ്ടുനിൽക്കുന്നതുമായ പനി, ജലദോഷം, തുമ്മൽ, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, കഫക്കെട്ട്, വയറുവേദന, ഛർദി, അമിത ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പകർച്ചപ്പനി ചികിത്സയിലൂടെ പൂർണമായി ഭേദമാക്കാവുന്നതാണ്. കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ 48 മണിക്കൂറിനകം ഡോക്ടറെ കാണിക്കണമെന്നും, ആസ്മ ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർ നിർബന്ധമായും വൈദ്യപരിശോധന തേടണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
‘കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും സഹായികളെയും നൽകാം’; ഈ പരസ്യത്തിൽ വീഴല്ലേ, മുന്നറിയിപ്പുമായി ദുബായ് പൊലീസ്
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങൾക്കെതിരെ ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് ശക്തമായ മുന്നറിയിപ്പ് നൽകി. കുറഞ്ഞ നിരക്കിൽ വീട്ടുജോലിക്കാരെയും മറ്റ് സഹായികളെയും ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ സജീവമാകുന്ന സാഹചര്യത്തിലാണ് പൊലീസ് ജാഗ്രതാ നിർദേശവുമായി രംഗത്തെത്തിയത്. ദുബായ് പൊലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിലുള്ള ആന്റി ഫ്രോഡ് സെന്ററാണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വീട്ടുജോലിക്കാരെ നിയമിക്കാൻ ഉദ്ദേശിക്കുന്നവർ യുഎഇയിൽ ലൈസൻസുള്ളതും സർക്കാർ അംഗീകൃതവുമായ റിക്രൂട്ട്‌മെന്റ് ഏജൻസികളെ മാത്രം സമീപിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ഔദ്യോഗിക നിയമചാനലുകൾക്ക് പുറത്തുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം കൈമാറുന്നത് അപകടകരമാണെന്നും പൊലീസ് വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാൽ മാത്രമേ തൊഴിലുടമയുടെയും തൊഴിലാളിയുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ആകർഷകമായ ഓഫറുകളിൽ കുടുങ്ങാതിരിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. തട്ടിപ്പുകാരുടെ പുതിയ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പൊലീസ് നടത്തുന്ന #BewareofFraud ക്യാംപെയ്നിന്റെ ഭാഗമായാണ് ഈ ജാഗ്രതാ നിർദേശം. ഏതെങ്കിലും സേവനദാതാക്കൾക്ക് വ്യക്തിഗത വിവരങ്ങൾ നൽകുന്നതിനോ പണം കൈമാറുന്നതിനോ മുൻപ് അവരുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പൊലീസ് ഓർമിപ്പിച്ചു.
തട്ടിപ്പ് റിപ്പോർട്ട് ചെയ്യാൻ
സമൂഹമാധ്യമങ്ങളിൽ സംശയാസ്പദമായ പരസ്യങ്ങളോ ഓഫറുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഔദ്യോഗിക സംവിധാനങ്ങൾ വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് പൊലീസ് സ്മാർട്ട് ആപ്പ് വഴി നേരിട്ട് പരാതി നൽകാനാവും. സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള eCrime പ്ലാറ്റ്‌ഫോം വഴിയും പരാതി നൽകാം. അടിയന്തരമല്ലാത്ത പരാതികൾക്കായി 901 എന്ന നമ്പറിൽ പൊലീസ് കോൾ സെന്ററിലേക്കും ബന്ധപ്പെടാം. സുരക്ഷിതമായ നിയമപരമായ വഴികളിലൂടെയേ റിക്രൂട്ട്‌മെന്റ് നടപടികൾ നടത്താവൂ എന്നതാണ് ദുബായ് പൊലീസിന്റെ ശക്തമായ സന്ദേശം.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മലയാളി സോഷ്യൽ മീഡിയ സ്റ്റാറിന്റെ ചിത്രം മസാജ് സെന്റർ പരസ്യത്തിന്; യുഎഇയിൽ പ്രവാസി മലയാളി യുവതി അറസ്റ്റിൽ, കോടികൾ പിഴ ലഭിക്കാൻ സാധ്യത
യുഎഇയിലെ പ്രമുഖ മലയാളി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹഫീസയുടെ ചിത്രങ്ങൾ അനുവാദമില്ലാതെ മസാജ് സെന്ററുകളുടെ പരസ്യത്തിനായി ദുരുപയോഗം ചെയ്ത സംഭവത്തിൽ കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ഹഫീസയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പുകളോടെ പ്രചരിപ്പിച്ചത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് യുവതി യാബ് ലീഗൽ സർവീസിന്റെ സഹായത്തോടെ അജ്മാൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി വലയിലായത്.
യുഎഇ സൈബർ നിയമപ്രകാരം സോഷ്യൽ മീഡിയ വഴി ഒരാളെ അപകീർത്തിപ്പെടുത്തുന്നതും സ്വകാര്യത ലംഘിക്കുന്നതും അതീവ ഗൗരവകരമായ കുറ്റമാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതിക്ക് തടവ് ശിക്ഷയും 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാൻ സാധ്യതയുണ്ട്. അതായത് ഏകദേശം 56 ലക്ഷം മുതൽ 1.1 കോടി രൂപ വരെ പിഴയായി നൽകേണ്ടി വരും. സൈബർ അതിക്രമങ്ങൾ നേരിടുമ്പോൾ ഭയപ്പെടാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply