യുഎഇയിലെ പ്രശസ്തയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മസാജ് സെന്ററുകൾ പരസ്യത്തിനായി ഉപയോഗിച്ച സംഭവത്തിൽ പോലീസ് നിയമനടപടികൾ ആരംഭിച്ചു. ഒരു ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഇന്ത്യൻ സ്വദേശിയായ ബ്ലോഗറുടെ ചിത്രങ്ങളാണ് രണ്ട് മസാജ് സെന്ററുകൾ ദുരുപയോഗം ചെയ്തത്. ഇൻഫ്ലുവൻസറുടെ ചിത്രത്തോടൊപ്പം മോശം അർത്ഥങ്ങൾ വരുന്ന ക്യാപ്ഷനുകൾ നൽകിയാണ് ഇവർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ആദ്യം നിയമസഹായം തേടി പലരെയും സമീപിച്ചെങ്കിലും ഉയർന്ന ഫീസ് കാരണം ഇവർ പ്രതിസന്ധിയിലായിരുന്നു. എന്നാൽ സ്ത്രീ നേരിടുന്ന ഡിജിറ്റൽ അതിക്രമവും അപകീർത്തിയും പരിഗണിച്ച് യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശ്ശേരി സൗജന്യമായി കേസ് ഏറ്റെടുത്തു. അജ്മാൻ പോലീസിൽ രജിസ്റ്റർ ചെയ്ത പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ എതിർകക്ഷികളെ പോലീസ് ഉടനടി അറസ്റ്റ് ചെയ്തു. നിലവിൽ കേസിൽ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്.
സോഷ്യൽ മീഡിയ വഴിയുള്ള അപകീർത്തിപ്പെടുത്തൽ യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പുതിയ നിയമപ്രകാരം ഇത്തരം കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയ്ക്ക് പുറമെ 2.5 ലക്ഷം മുതൽ 5 ലക്ഷം ദിർഹം വരെ പിഴയും ഈടാക്കാം. അപകീർത്തികരമായതോ അധിക്ഷേപകരമായതോ ആയ ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിനെതിരെ അധികൃതർ കർശന മുന്നറിയിപ്പാണ് നൽകുന്നത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply