ഓഫീസിൽ പോകാതെ ജോലി ചെയ്യണോ? യുഎഇയിൽ റിമോട്ട് വർക്ക് നിയമങ്ങൾ ഇങ്ങനെ; തൊഴിലുടമയും ജീവനക്കാരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ദുബായ്: ദുബായ് മെയിൻലാൻഡ് ഉൾപ്പെടെയുള്ള യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഓഫീസ് സാന്നിധ്യമില്ലാതെ ജോലി ചെയ്യുന്ന ‘റിമോട്ട് വർക്കിംഗ്’ (Remote Work) രീതിക്ക് നിയമപരമായ അംഗീകാരമുണ്ടെന്ന് നിയമവിദഗ്ധർ വ്യക്തമാക്കുന്നു. 2021-ലെ തൊഴിൽ നിയമങ്ങളും 2022-ലെ ക്യാബിനറ്റ് പ്രമേയങ്ങളും അനുസരിച്ച് തൊഴിലുടമയും ജീവനക്കാരനും തമ്മിൽ ധാരണയുണ്ടെങ്കിൽ പൂർണ്ണമായോ ഭാഗികമായോ റിമോട്ട് വർക്ക് നടപ്പിലാക്കാവുന്നതാണ്.

റിമോട്ട് വർക്കിംഗ് രീതിയിലേക്ക് മാറുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

ലിഖിത കരാർ നിർബന്ധം റിമോട്ട് വർക്കിംഗ് നടപ്പിലാക്കുന്നതിന് മുൻപ് തൊഴിലുടമയും ജീവനക്കാരനും തമ്മിൽ എഴുതപ്പെട്ട കരാറിൽ ഏർപ്പെടേണ്ടതുണ്ട്. നിലവിലുള്ള തൊഴിൽ കരാറിൽ ഭേദഗതി വരുത്തിയോ അല്ലെങ്കിൽ പുതിയ ‘റിമോട്ട് വർക്ക് കരാർ’ മുഖേനയോ ഇത് സാധ്യമാക്കാം. ജോലി സമയം, ശമ്പളം, ജോലിസ്ഥലം, അവധി ദിനങ്ങൾ, നോട്ടീസ് പിരീഡ് എന്നിവ കരാറിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

ജോലി സമയവും ശമ്പളവും ജീവനക്കാരൻ രാജ്യത്തിനകത്തോ പുറത്തോ ഇരുന്ന് ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, തൊഴിലുടമയുടെ അനുമതിയോടെ അത് സാധ്യമാണ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ ജോലി സമയം കൃത്യമായി നിശ്ചയിക്കാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ട്. ജോലി ചെയ്യുന്ന രീതി മാറുന്നു എന്നതുകൊണ്ട് ജീവനക്കാരന് നിയമപരമായി ലഭിക്കേണ്ട മറ്റ് ആനുകൂല്യങ്ങളിൽ കുറവ് വരുത്താൻ പാടില്ല.

മാറ്റം പരസ്പര സമ്മതത്തോടെ മാത്രം ഒരു സാധാരണ ജോലി രീതിയിൽ നിന്നും റിമോട്ട് വർക്കിംഗിലേക്ക് മാറുമ്പോൾ ഇരു കക്ഷികളുടെയും (തൊഴിലുടമയുടെയും ജീവനക്കാരന്റെയും) സമ്മതം അനിവാര്യമാണ്. കൂടാതെ, നിലവിലുള്ള കരാർ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും തീർപ്പാക്കിയ ശേഷമായിരിക്കണം പുതിയ രീതിയിലേക്ക് മാറേണ്ടത്. മാനവ വിഭവവിശേഷി – സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) നിബന്ധനകൾക്കനുസരിച്ചുള്ള ഫോമുകൾ വേണം ഇതിനായി ഉപയോഗിക്കാൻ.

സുരക്ഷയും സാങ്കേതിക വിദ്യയും ഇലക്ട്രോണിക് വിനിമയ ഉപാധികൾ ഉപയോഗിച്ച് ഓഫീസിന് പുറത്തിരുന്ന് ജോലി ചെയ്യുന്നതിനെയാണ് നിയമം റിമോട്ട് വർക്കിംഗ് എന്ന് നിർവചിക്കുന്നത്. സ്ഥാപനത്തിന്റെ സ്വഭാവമനുസരിച്ച് ഇത്തരം നയങ്ങൾ രൂപീകരിക്കുമ്പോൾ കൂടുതൽ വ്യക്തതയ്ക്കായി നിയമോപദേശം തേടുന്നത് ഉചിതമായിരിക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *