അബുദാബി: ഒരു മാസത്തോളം നീണ്ട ശൈത്യകാല അവധിക്ക് വിരാമം. യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) വീണ്ടും തുറക്കും. കുട്ടികൾ ക്ലാസ് മുറികളിലേക്ക് മടങ്ങിയെത്തുമ്പോൾ ആരോഗ്യ-സുരക്ഷാ കാര്യങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:
പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യവും ഗ്രേഡ് 11 വരെയുള്ള എല്ലാ വിദ്യാർത്ഥികളും മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള പ്രതിരോധ കുത്തിവയ്പ്പുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. അലർജിയോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഉള്ള കുട്ടികളുടെ ചികിത്സാ വിവരങ്ങൾ സ്കൂൾ ക്ലിനിക്കിൽ കൃത്യമായി നൽകണം. അവധിക്കാലത്തെ ഉറക്കശീലങ്ങൾ മാറ്റി കുട്ടികളെ നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേൽക്കാനും ശീലിപ്പിക്കണം.
റോഡ് സുരക്ഷയും പിഴയും സ്കൂൾ ബസ്സുകൾ വിദ്യാർത്ഥികളെ കയറ്റാനോ ഇറക്കാനോ ആയി ‘സ്റ്റോപ്പ്’ ബോർഡ് പ്രദർശിപ്പിക്കുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾ 5 മീറ്റർ അകലത്തിൽ നിർബന്ധമായും നിർത്തണം. ഈ നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. വിദ്യാർത്ഥികളെ കയറ്റുമ്പോൾ സ്റ്റോപ്പ് സൈൻ ഇടാത്ത ബസ് ഡ്രൈവർമാർക്ക് 500 ദിർഹമാണ് പിഴ.
ഭക്ഷണം കരുതലോടെ ലഞ്ച് ബോക്സിൽ പോഷകസമൃദ്ധമായ വീട്ടിൽ തയ്യാറാക്കിയ ഭക്ഷണം നൽകാൻ ശ്രദ്ധിക്കണം. ശീതളപാനീയങ്ങൾ, ചിപ്സ്, മിഠായികൾ, സംസ്കരിച്ച മാംസം (Sausage/Hot dog), എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ എന്നിവ സ്കൂളിൽ നിരോധിച്ചിട്ടുണ്ട്.
സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടുതൽ ബാഗിന് ഭാരം ഉണ്ടാകരുത്. പുതിയ നിയമപ്രകാരം ഓരോ ക്ലാസിലെയും കുട്ടികൾക്ക് കൊണ്ടുപോകാവുന്ന ബാഗിന്റെ ഭാരം നിജപ്പെടുത്തിയിട്ടുണ്ട് (ഉദാഹരണത്തിന് കെജി കുട്ടികൾക്ക് പരമാവധി 2 കിലോ, ഗ്രേഡ് 12-ന് 10 കിലോ). അമിതഭാരം കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നത് ഒഴിവാക്കാനാണിത്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നിർദ്ദേശം
യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.
ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply