ഇനി അവധി എപ്പോൾ? 2026ൽ യുഎഇയിൽ ലഭിക്കുന്ന നീണ്ട വാരാന്ത്യങ്ങൾ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം?

പുതുവർഷാഘോഷങ്ങൾക്ക് ശേഷം വീണ്ടും ജോലിത്തിരക്കിലേക്ക് മടങ്ങിയ യുഎഇ നിവാസികൾക്കിടയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം ഒന്ന് തന്നെ — “അടുത്ത അവധി എപ്പോഴാണ്?”. 2026ൽ യുഎഇയിൽ നിരവധി പൊതു അവധി ദിനങ്ങളാണ് വരാനിരിക്കുന്നത്. അവധികൾ ചിട്ടയായി ക്രമീകരിച്ചാൽ വെറും ഒൻപത് ദിവസത്തെ വാർഷിക അവധി ഉപയോഗിച്ച് 38 ദിവസം വരെ തുടർച്ചയായ വിശ്രമം നേടാനാവുമെന്നതാണ് പ്രത്യേകത. 2026ലെ ആദ്യ പൊതു അവധി ജനുവരി 1-ലെ പുതുവർഷ ദിനമാണ്. തുടർന്ന് ഈദുൽ ഫിത്തർ ഷവ്വാൽ 1 മുതൽ 3 വരെ ആചരിക്കപ്പെടും. നിലവിലെ കണക്കുകൂട്ടലുകൾ പ്രകാരം മാർച്ച് 20 മുതൽ 22 വരെ ആയിരിക്കും ചെറിയ പെരുന്നാൾ അവധി. വെള്ളി മുതൽ ഞായർ വരെ നീളുന്ന മൂന്ന് ദിവസത്തെ വാരാന്ത്യ അവധിയായി ഇത് മാറാൻ സാധ്യതയുണ്ട്.
ദുൽ ഹജ്ജ് 9-നുള്ള അറഫാ ദിനം മെയ് 26 ചൊവ്വാഴ്ചയായിരിക്കുമെന്നാണ് പ്രതീക്ഷ. ഇതിന് പിന്നാലെ ദുൽ ഹജ്ജ് 10 മുതൽ 12 വരെ, മെയ് 27 മുതൽ 29 വരെ ഈദുൽ അദ്‌ഹ (ബലിപെരുന്നാൾ) ആചരിക്കും. വാരാന്ത്യ അവധി കൂടി ചേർന്നാൽ ഏകദേശം ആറ് ദിവസത്തെ തുടർച്ചയായ അവധി ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ഹിജ്റി പുതുവർഷം (മുഹറം 1) ജൂൺ പകുതിയോടെ പ്രതീക്ഷിക്കുന്നതായും, നബിദിനം (റബീഉൽ അവ്വൽ 12) ഓഗസ്റ്റ് അവസാന വാരത്തിൽ വരാനിടയുണ്ടെന്നും കണക്കാക്കുന്നു. വർഷാവസാനം, ഡിസംബർ 2, 3 തീയതികളിൽ ഈദുൽ ഇതിഹാദ് (യുഎഇ ദേശീയ ദിനം) ആചരിക്കും. ഈ ദിവസങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളായതിനാൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ കൂടി ചേർത്താൽ ഒരു ദീർഘ വാരാന്ത്യം ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ അവധി തീയതികളും ചന്ദ്രദർശനത്തെ അടിസ്ഥാനമാക്കിയുള്ളതിനാൽ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ ഔദ്യോഗികമായി പിന്നീട് സ്ഥിരീകരിക്കും. എന്നിരുന്നാലും, മുൻകൂട്ടി യാത്രകളും കുടുംബ പരിപാടികളും ആസൂത്രണം ചെയ്യുന്നവർക്ക് ഈ അവധി പട്ടിക ഏറെ സഹായകരമാകും. ദീർഘ വാരാന്ത്യങ്ങളായാലും വിദേശ യാത്രകളായാലും, അല്ലെങ്കിൽ കുടുംബത്തോടൊപ്പം ചെലവിടുന്ന സമയം ആയാലും, പൊതു അവധി ദിനങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ മികച്ച പ്ലാനിംഗിന് വഴിയൊരുക്കും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി

അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.

അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.

യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *