ശനിയാഴ്ച പുലർച്ചെയും രാവിലെ സമയങ്ങളിലും ഒമാൻ ഉൾപ്പെടെ യുഎഇയുടെ അതിർത്തി മേഖലകളിൽ നേരിയ ഭൂചലനങ്ങൾ രേഖപ്പെടുത്തിയതായി ബന്ധപ്പെട്ട ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. ഭൂചലനങ്ങൾ കുറഞ്ഞ തീവ്രതയുള്ളതായതിനാൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ ദേശീയ കാലാവസ്ഥാ-ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പു പ്രകാരം, യുഎഇ സമയം രാവിലെ 10.43-ന് മുസന്ദം പ്രദേശത്തിന്റെ തെക്കുഭാഗത്ത് റിച്ചർ സ്കെയിലിൽ 2.2 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. അതേസമയം, ഒമാൻ സമയം പുലർച്ചെ 3.03-ന് മസീറ ദ്വീപിൽ നിന്ന് ഏകദേശം 97 കിലോമീറ്റർ തെക്ക് പടിഞ്ഞാറായി അറബിക്കടലിൽ 2.6 തീവ്രതയുള്ള മറ്റൊരു ഭൂചലനവും ഉണ്ടായതായി സ്ഥിരീകരിച്ചു.
സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച്, ഒമാനിൽ രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിയിൽ ഏകദേശം 12 കിലോമീറ്റർ ആഴത്തിലായിരുന്നു. ഇരു ഭൂചലനങ്ങളും വളരെ നേരിയതായിരുന്നുവെന്നും ഇതുമൂലം ആളപായമോ സ്വത്തുനാശമോ ഗതാഗത തടസ്സങ്ങളോ ഉണ്ടായിട്ടില്ലെന്നും അധികൃതർ അറിയിച്ചു. തീരദേശ മേഖലകളിൽ സാധാരണയായി രേഖപ്പെടുത്താറുള്ള ഇത്തരം ചെറു ഭൂചലനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം സൃഷ്ടിക്കുന്നതല്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply