വിനോദസഞ്ചാരിക്ക് നഷ്ടമായ ബാഗ് കണ്ടെത്തി ഉടൻ പൊലീസിൽ ഏൽപ്പിച്ചതിന് ദുബായ് നഗരസഭയിലെ ജീവനക്കാരന് ഹത്ത പൊലീസ് സ്റ്റേഷന്റെ പ്രത്യേക ആദരം. സുപ്രധാന രേഖകൾ അടങ്ങിയ ബാഗ് സത്യസന്ധമായി തിരികെ നൽകിയത് വഴി മാതൃകയായ മുഹമ്മദ് ഖാനെയാണ് ഹത്ത പൊലീസ് അധികൃതർ അഭിനന്ദിച്ചത്. ഹത്ത പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ അലി ഉബൈദ് അൽ ബുദുവായ് മുഹമ്മദ് ഖാനെ ഉപഹാരം നൽകി ആദരിച്ചു. ഉത്തരവാദിത്വബോധവും ഉയർന്ന ധാർമിക മൂല്യങ്ങളും പ്രകടിപ്പിച്ച നടപടി സമൂഹത്തിന് മാതൃകയാണെന്ന് കേണൽ അൽ ബുദുവായ് പറഞ്ഞു.
പാസ്‌പോർട്ട് ഉൾപ്പെടെ നിരവധി വിലപ്പെട്ട രേഖകളാണ് ബാഗിലുണ്ടായിരുന്നത്. ഇവ സുരക്ഷിതമായി തിരിച്ചുകിട്ടിയതിൽ വിനോദസഞ്ചാരി നഗരസഭാ ജീവനക്കാരനും ദുബായ് പൊലീസിനും നന്ദി രേഖപ്പെടുത്തി. യുഎഇയിലെ ശക്തമായ സുരക്ഷാ സംവിധാനങ്ങളെയും ജനങ്ങളുടെ സത്യസന്ധതയെയും അദ്ദേഹം പ്രശംസിച്ചു. ഇത്തരം പ്രവർത്തികൾ സമൂഹത്തിന്റെ മാനുഷികവും ധാർമികവുമായ മൂല്യങ്ങളുടെ തെളിവാണെന്ന് കേണൽ അൽ ബുദുവായ് ചൂണ്ടിക്കാട്ടി. നല്ല പെരുമാറ്റങ്ങളും സത്യസന്ധതയും പ്രോത്സാഹിപ്പിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയും അന്താരാഷ്ട്ര തലത്തിലെ നല്ല പേരും കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
മാതൃകയായി മടക്കം; യുഎഇയിൽ ആറു പേർക്ക് പുതുജീവൻ നൽകി പ്രവാസി മലയാളി
അബുദാബിയിൽ ഇ-സ്കൂട്ടറിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച മലയാളി പ്രവാസി എം. ബാബുരാജൻ മരണാനന്തരവും ആറുപേരിലൂടെ ജീവിതത്തിലേക്ക് മടങ്ങിവരുന്നു. പുതുവർഷത്തിന് തൊട്ടുമുൻപ് ആറ് കുടുംബങ്ങൾക്ക് പ്രത്യാശയുടെ വെളിച്ചം നൽകിക്കൊണ്ടാണ് ബാബുരാജന്റെ അവയവങ്ങൾ ദാനം ചെയ്യാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനമെടുത്തത്. സ്വർണ്ണപ്പണിക്കാരനായ ബാബുരാജൻ ഈ മാസം 16-ന് അബുദാബി വേൾഡ് ട്രേഡ് സെന്ററിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് അന്തരിച്ചത്.
അബുദാബി വേൾഡ് ട്രേഡ് സെന്ററിനടുത്തുള്ള ട്രാഫിക് സിഗ്നലിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ഇലക്ട്രിക് സ്കൂട്ടർ ബാബുരാജനെ ഇടിച്ചത്. ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. പ്രിയപ്പെട്ടവന്റെ വിയോഗവാർത്ത കേട്ട ആഘാതത്തിനിടയിലും മറ്റുള്ളവർക്ക് ജീവൻ പകർന്നു നൽകുക എന്ന പുണ്യപ്രവൃത്തിയിലേക്ക് അദ്ദേഹത്തിന്റെ കുടുംബം ധീരമായ ചുവടുവെച്ചു.
യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ അവയവദാന സംരംഭമായ ‘ഹയാത്ത് പ്രോഗ്രാമുമായി’ ഏകോപിപ്പിച്ചാണ് ഹൃദയം, വൃക്കകൾ, പാൻക്രിയാസ്, കരൾ, ശ്വാസകോശം എന്നിവ ദാനം ചെയ്തത്. തങ്ങൾക്ക് പ്രിയപ്പെട്ടവനെ നഷ്ടപ്പെട്ടെങ്കിലും മറ്റുള്ളവരിലൂടെ അദ്ദേഹം ജീവിക്കട്ടെ എന്ന കുടുംബത്തിന്റെ ആഗ്രഹം മനുഷ്യത്വത്തിന്റെ വലിയൊരു മാതൃകയാണ് സമൂഹത്തിന് മുന്നിൽ വെക്കുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളിൽ ഹയാത്ത് ടീം കുടുംബത്തെ സഹായിക്കുന്നുണ്ട്. കുമാരിയാണ് ബാബുരാജന്റെ ഭാര്യ. പ്രീതി, കൃഷ്ണ പ്രിയ എന്നിവർ മക്കളാണ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply