കനത്ത മഴ; യുഎഇയിൽ പല റോഡുകളിലും വെള്ളക്കെട്ട്, ജാഗ്രതാ നി‍ർദ്ദേശം

യുഎഇയുടെ വിവിധ മേഖലകളിൽ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തു. കനത്ത മഴയെ തുടർന്ന് നിരവധി റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. വടക്കൻ, കിഴക്കൻ എമിറേറ്റുകളിൽ മഴ ശക്തമായതോടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോയും ആംബർ അലർട്ടുകളും പ്രഖ്യാപിച്ചിരുന്നു. ദുബൈ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലാണ് പ്രധാനമായും മഴ ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കെട്ടിനിന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. പർവത മേഖലകളിൽ നിന്നുള്ള മഴവെള്ളം കുത്തിയൊഴുകി റോഡുകളിലേക്ക് എത്തിയതോടെ റാസൽഖൈമയിലും ഫുജൈറയിലും ഗതാഗതം ഏറെക്കുറെ താറുമാറായി. നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽ കുടുങ്ങിയതായി റിപ്പോർട്ടുണ്ട്.

ഫുജൈറയിലെ മസാഫി, ആസ്മ, മുർബാദ് മേഖലകളിൽ മിതമായതും ചിലയിടങ്ങളിൽ അതിശക്തമായതുമായ മഴ രേഖപ്പെടുത്തി. ദുബൈയിലെ അൽ ലിസൈലി പ്രദേശത്തും ശക്തമായ മഴ അനുഭവപ്പെട്ടു. റാസൽഖൈമയിലെ മസാഫി മേഖലയിലും മഴ റിപ്പോർട്ട് ചെയ്തു. ഖോർഫക്കാൻ റോഡിലും മുർബാദ്–മസാഫി പാതയിലും കനത്ത മഴയ്‌ക്കൊപ്പം ചെറിയ തോതിൽ ആലിപ്പഴ വർഷവും ഉണ്ടായതായി അധികൃതർ അറിയിച്ചു. മഴയെ തുടർന്ന് റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് വാഹനയാത്രക്കാർക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയ്ക്കിടെ വേഗത കുറയ്ക്കാനും മുൻപിലുള്ള വാഹനങ്ങളുമായി ആവശ്യമായ സുരക്ഷാ അകലം പാലിക്കാനും നിർദേശിച്ചിരുന്നു. റോഡ് സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിൽ സമയപരിധി ഇന്നു അവസാനിക്കും; നാളെ മുതൽ കർശന പരിശോധന, സ്വകാര്യ സ്ഥാപനങ്ങളിൽ കടുത്ത നടപടികൾ

ഇമറാത്തി ടാലന്റ് കോംപറ്റിറ്റീവ്‌നസ് കൗൺസിൽ (നാഫിസ്) പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ 2 ശതമാനം സ്വദേശിവൽക്കരണം പൂർത്തിയാക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും. നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നാളെ മുതൽ കർശന നടപടി സ്വീകരിക്കുമെന്ന് മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 600 590000 എന്ന ഹെൽപ്‌ലൈൻ നമ്പരിലൂടെയോ MOHRE സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ പരാതികൾ അറിയിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ പ്രതിവർഷം 2 ശതമാനം സ്വദേശിവൽക്കരണം നടപ്പാക്കണമെന്നതാണ് നാഫിസ് പദ്ധതിയിലെ വ്യവസ്ഥ. 2022ൽ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഈ വർഷത്തോടെ ആകെ 8 ശതമാനം സ്വദേശികളെ നിയമിക്കണം. കമ്പനികൾക്ക് സൗകര്യമായി ജൂൺ, ഡിസംബർ മാസങ്ങളിൽ ഓരോ ശതമാനം വീതം, അഥവാ ആറുമാസത്തിലൊരിക്കൽ നിയമനം നടത്താനും അനുവാദം നൽകിയിരുന്നു. 20 മുതൽ 49 വരെ ജീവനക്കാരുള്ള സ്ഥാപനങ്ങൾ ഒരു സ്വദേശിയെ നിയമിക്കേണ്ട സമയപരിധിയും ഇന്നോടെ അവസാനിക്കും. സ്വദേശിവൽക്കരണം വിജയകരമായി പൂർത്തിയാക്കുന്ന സ്ഥാപനങ്ങളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബ്’ അംഗങ്ങളാക്കുകയും സർക്കാർ സേവന ഫീസിൽ 80 ശതമാനം വരെ ഇളവ് നൽകുകയും ചെയ്യും. ഇതിന് പുറമെ വിവിധ സർക്കാർ സേവനങ്ങളിൽ മുൻഗണനയും ലഭ്യമാക്കും.

അതേസമയം, സ്വദേശിവൽക്കരണത്തിൽ കൃത്രിമം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കനത്ത പിഴ ചുമത്തും. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക് ഒരു ലക്ഷം ദിർഹം പിഴയുണ്ടാകും. വീണ്ടും നിയമം ലംഘിച്ചാൽ മൂന്ന് ലക്ഷം ദിർഹവും, മൂന്നാം തവണ അഞ്ച് ലക്ഷം ദിർഹം വരെയും പിഴ ഈടാക്കും. സ്വദേശിവൽക്കരണം ഒഴിവാക്കാൻ ജീവനക്കാരുടെ എണ്ണം കുറച്ച് കാണിച്ചാലും സമാന ശിക്ഷ ലഭിക്കും.
നിയമം പാലിക്കാത്ത കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും പ്രതിമാസം 8000 ദിർഹം വീതം, വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആറുമാസത്തിലൊരിക്കൽ 48,000 ദിർഹം ഒരുമിച്ച് അടയ്ക്കാനും അവസരമുണ്ട്. അടുത്ത വർഷം മുതൽ പ്രതിമാസ പിഴ 9000 ദിർഹമായി വർധിപ്പിക്കുമെന്നും അറിയിച്ചു. നിലവിൽ യുഎഇയിലെ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 1.54 ലക്ഷമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ഇന്റർപോൾ തിരയുന്ന കൊടുംകുറ്റവാളി യുഎഇയിൽ വലയിൽ; അതീവ രഹസ്യ ഓപ്പറേഷൻ ഇങ്ങനെ

അബുദാബി: രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളിന്റെ റെഡ് നോട്ടീസ് പട്ടികയിലുള്ള കുപ്രസിദ്ധ കുറ്റവാളി റോബർട്ടോ കാർലോസ് അൽവാരസ് വെറ യുഎഇയിൽ പിടിയിലായി. ഇക്വഡോർ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ചാണ് യുഎഇ സുരക്ഷാ സേന ഇയാളെ പിടികൂടിയത്. ആഗോള ലഹരിമരുന്ന് ശൃംഖലകളുമായി ബന്ധപ്പെട്ട ഗൗരവകരമായ കേസുകളിലെ പ്രതിയാണ് ഇയാൾ.

യുഎഇയും ഇക്വഡോറും തമ്മിലുള്ള ശക്തമായ ജുഡീഷ്യൽ സഹകരണത്തിന്റെയും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിൽ ഇരുരാജ്യങ്ങളും പുലർത്തുന്ന ജാഗ്രതയുടെയും ഫലമാണ് ഈ നിർണ്ണായക അറസ്റ്റ്. തടവുകാരെ കൈമാറുന്നതുൾപ്പെടെയുള്ള കരാറുകൾ നിലവിലുള്ളതിനാൽ, റോബർട്ടോയെ വിട്ടുകിട്ടുന്നതിനുള്ള തുടർനടപടികൾ കേന്ദ്ര ഏജൻസികൾ വഴി വേഗത്തിലാക്കിയിട്ടുണ്ട്.

കുറ്റവാളികൾക്ക് യുഎഇ മണ്ണിൽ ഇടമുണ്ടാവില്ലെന്ന കർശന സന്ദേശമാണ് ഈ അറസ്റ്റിലൂടെ അധികൃതർ നൽകുന്നത്. രാജ്യാന്തര ലഹരി മാഫിയയെ അടിച്ചമർത്തുന്നതിനും നിയമവാഴ്ച ഉറപ്പാക്കുന്നതിനും ഇന്റർപോളിനൊപ്പം ചേർന്ന് യുഎഇ നടത്തുന്ന നീക്കങ്ങൾക്ക് ഈ ഓപ്പറേഷൻ വലിയ കരുത്ത് പകരും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *