ഖത്തർ സൗദി അതിവേഗ റെയിൽ: യാത്രാസമയം 2 മണിക്കൂറായി കുറക്കും

ഖത്തറും സൗദി അറേബ്യയും തമ്മിൽ നടപ്പാക്കാനിരിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ഇരു രാജ്യങ്ങൾക്കിടയിലെ സഹകരണ ബന്ധങ്ങൾ കൂടുതൽ ദൃഢപ്പെടുത്തുകയും മേഖലയിൽ ഗതാഗത കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയും ചെയ്യുന്ന പ്രധാന പദ്ധതിയായി ഖത്തർ ഗതാഗത മന്ത്രാലയം വിലയിരുത്തി. ദോഹയും റിയാദും തമ്മിൽ അൽ-ഹോഫുഫ്, ദമ്മാം തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന 785 കിലോമീറ്റർ നീളമുള്ള അതിവേഗ റെയിൽ പാത ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും സൗദിയിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും നേരിട്ടു ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ മേൽ വേഗതയിലുള്ള ട്രെയിനുകൾ പ്രവർത്തനം തുടങ്ങിയാൽ, രണ്ടു തലസ്ഥാനങ്ങൾക്കിടയിലെ യാത്രാ സമയം ഏകദേശം രണ്ട് മണിക്കൂറായി ചുരുങ്ങും.

പദ്ധതി നടപ്പിലാകുന്നതോടെ പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാർക്ക് റെയിൽ സേവനം ലഭ്യമാകുമെന്നാണ് കണക്കാക്കുന്നത്. ഇതുവഴി ഗതാഗത സൗകര്യം വർധിക്കുന്നതിനൊപ്പം ടൂറിസം, വ്യാപാരം, ബിസിനസ് മേഖലകൾക്കും കാര്യമായ വളർച്ച ഉണ്ടാകും. കൂടാതെ, നിർമാണത്തിലും അനുബന്ധ മേഖലകളിലും 30,000-ത്തിലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നു അധികൃതർ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകൾക്ക് ഏകദേശം 115 ബില്യൺ റിയാൽ വരെ സാമ്പത്തിക നേട്ടം ഈ പദ്ധതിയിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ആറ് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ആഗോള സുരക്ഷാ മാനദണ്ഡങ്ങളും അതിവേഗ റെയിൽ സാങ്കേതിക നിലവാരങ്ങളും പാലിച്ചായിരിക്കും നിർമ്മാണം.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഹോട്ടലുകളിലുൾപ്പെടെ ഇനി ആധാർ കോപ്പി നൽകേണ്ട, പകര്‍പ്പെടുക്കാനാവില്ല; പുതിയ നിയമം

ഹോട്ടലുകളിലും സമ്മേളനങ്ങളും വിവിധ പൊതുപരിപാടികളും നടക്കുന്ന ഇടങ്ങളിലുമെല്ലാം തിരിച്ചറിയൽ രേഖയായി ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ ശേഖരിച്ച് സൂക്ഷിക്കുന്ന പ്രവണതയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ കൊണ്ടുവരുന്നു. ആധാർ കാർഡിന്റെ പകർപ്പുകൾ കൈവശം വയ്ക്കുന്നത് നിലവിലെ ആധാർ നിയമ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇതോടെ ആധാർ വിവരങ്ങൾ ഉപയോഗിച്ച് തിരിച്ചറിയൽ പരിശോധന നടത്തുന്ന ഹോട്ടലുകൾ, ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയവ ഇനി മുതൽ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (UIDAI) സംവിധാനത്തിൽ നിർബന്ധിതമായി രജിസ്റ്റർ ചെയ്യേണ്ടിവരും. പേപ്പർ രേഖകളുടെ ഉപയോഗം അവസാനിപ്പിച്ച് പൂർണമായും ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പരിശോധന നടത്തുകയാണ് പുതിയ നടപടികളുടെ ലക്ഷ്യം.

പുതിയ മാർഗനിർദേശങ്ങൾ പ്രകാരം, ആധാർ കാർഡിന്റെ പകർപ്പുകൾ സ്വീകരിക്കുന്നതിനു പകരം കാർഡിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്തോ നിർമാണത്തിലിരിക്കുന്ന പുതിയ ആധാർ മൊബൈൽ ആപ്പ് വഴിയോ വ്യക്തി വിവരങ്ങൾ സ്ഥിരീകരിക്കാൻ അവസരം ഒരുക്കും. ഇതോടെ സ്വകാര്യ വിവരങ്ങൾ അനാവശ്യമായി കൈമാറപ്പെടുന്നത് ഒഴിവാക്കാനാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആധാർ വെരിഫിക്കേഷൻ ആവശ്യമായ എല്ലാ സ്ഥാപനങ്ങൾക്കും യുഐഡിഎഐയുടെ പുതിയ നിയമപരിധിയിൽ രജിസ്റ്റർ ചെയ്യുന്നത് നിർബന്ധമാകും. സാങ്കേതിക തടസ്സങ്ങൾ സംഭവിക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഓഫ്‌ലൈൻ വെരിഫിക്കേഷൻ സൗകര്യവും ഒരുക്കുന്നുണ്ട്. ഇതിനായി സ്ഥാപനങ്ങൾക്ക് പ്രത്യേക എപിഐ (API) ലഭ്യമാക്കുകയും അത് അവരുടെ സോഫ്റ്റ്‌വെയർ സംവിധാനങ്ങളുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാനുമാവും.

പുതിയ ക്രമീകരണങ്ങൾ ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കുകയും ആധാർ വിവരങ്ങളുടെ ദുരുപയോഗം തടയുകയും ചെയ്യുമെന്നാണ് യുഐഡിഎഐ അധികൃതരുടെ വിശദീകരണം. ആപ്പ്-ടു-ആപ്പ് ഓതന്റിക്കേഷൻ സംവിധാനം ഇപ്പോൾ പരീക്ഷണ ഘട്ടത്തിലാണെന്നും വിജയകരമായാൽ വിമാനത്താവളങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇത് വ്യാപകമായി നടപ്പാക്കുമെന്നും അറിയിച്ചു.

ഭാവിയിൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ നിയമത്തിന് അനുസൃതമായ രീതിയിലാണ് പുതിയ ആധാർ ആപ്പ് രൂപകൽപ്പന ചെയ്യുന്നതെന്ന് അധികൃതർ വ്യക്തമാക്കി. മൊബൈൽ ഫോൺ ഉപയോഗിക്കാനാകാത്ത കുടുംബാംഗങ്ങളെയും ഒരേ ആപ്പിലൂടെ ഉൾപ്പെടുത്താനുള്ള സൗകര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ചട്ടങ്ങൾ ഉടൻ വിജ്ഞാപനം ചെയ്യുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

ഖത്തറിലെ ഈ മ്യൂസിയം പുതിയ സീസൺ പരിപാടികൾ പ്രഖ്യാപിച്ചു

ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ‘ദാദു’ 2026 ഏപ്രിൽ വരെ നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങളടങ്ങിയ പുതിയ പരിപാടി സീസൺ പ്രഖ്യാപിച്ചു. കുട്ടികളെയും കുടുംബങ്ങളെയും ലക്ഷ്യമാക്കി രൂപകൽപ്പന ചെയ്ത ഈ സീസണിൽ പ്രായോഗിക വർക്ക്‌ഷോപ്പുകളും ഔട്ട്‌ഡോർ അനുഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
അൽ ബിദ്ദ പാർക്കിൽ പ്രവർത്തിക്കുന്ന ദാദു ഗാർഡൻസ്, 0 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്കായി പ്രകൃതിയെ ആസ്പദമാക്കിയ കളിത്തറയായി ഒരുക്കിയിട്ടുള്ളതാണ്. പുതിയ സീസണിന്റെ ഭാഗമായി റീസൈക്കിൾഡ് ആർട്ട് വർക്ക്‌ഷോപ്പുകൾ, ഇന്ററാക്ടീവ് പാത്ത്‌വേകൾ, ‘ഫൈൻഡ് ദി പ്ലാന്റ്’ മാച്ചിംഗ്-കാർഡ് ഗെയിം, പപ്പറ്റ് ഷോകൾ, പൂന്തോട്ടപരിപാലന പ്രവർത്തനങ്ങൾ, പാചക സെഷനുകൾ എന്നിവ ഉൾപ്പെടുന്ന വിവിധ നേച്ചർ പ്ലേ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

സീഷോർ ഗ്രൂപ്പിന്റെ പിന്തുണയോടെ സംഘടിപ്പിക്കുന്ന ലൈഫ് സൈസ് കാർ പെയിന്റിംഗ്–വാഷിംഗ് ആക്ടിവിറ്റിയും ഈ സീസണിലെ ഒരു പ്രധാന ആകർഷണമായിരിക്കും. കുട്ടികൾക്ക് ഒരു മുഴുവൻ വലുപ്പത്തിലുള്ള കാർ പെയിന്റ് ചെയ്യാനും പിന്നീട് അത് കഴുകാനും അവസരം ലഭിക്കും. വർക്ക്‌ഷോപ്പുകൾ, കലാപ്രവർത്തനങ്ങൾ, ഗെയിമുകൾ, പ്രകടനങ്ങൾ തുടങ്ങിയവയ്ക്ക് പങ്കെടുക്കാനുള്ള സീറ്റുകൾ പരിമിതമായതിനാൽ, ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് കുടുംബങ്ങളോട് അധികൃതർ അഭ്യർത്ഥിച്ചു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *