ഖത്തറിലെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ആഘോഷങ്ങളിലൊന്നായ ഖത്തർ കോഫി, ടീ & ചോക്ലേറ്റ് ഫെസ്റ്റിവൽ അൽ ബിദ്ദ പാർക്കിൽ ആവേശകരമായി തുടരുന്നു. ഇത്തവണ പത്താമത് പതിപ്പായി നടക്കുന്ന ഈ ഉത്സവം ഡിസംബർ 13 വരെ നീളും. പത്ത് ദിവസത്തെ പരിപാടിയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോഫി–ചായ ഇനങ്ങൾ, ചോക്ലേറ്റുകൾ, മധുരപലഹാരങ്ങൾ എന്നിവ പരിചയപ്പെടുത്തുന്ന 40 കിയോസ്കുകളും ഏകദേശം 15 റെസ്റ്റോറന്റുകളടങ്ങിയ ഫുഡ് കോർട്ടും ഒരുക്കിയിട്ടുണ്ട്.
ദിവസേന വൈകുന്നേരം 4 മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റിവൽ സന്ദർശകർക്കായി തുറന്നിരിക്കുന്നത്. കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കിയ വിനോദമേഖല, കാർണിവൽ റൈഡുകൾ, മാസ്കറ്റ് പരേഡുകൾ, തത്സമയ കലാപരിപാടികൾ തുടങ്ങിയവ സന്ദര്ശകര്ക്ക് അധിക ആകർഷണമാകുന്നു. വളർത്തുമൃഗങ്ങളുമായി എത്തുന്നവർക്കും ഫെസ്റ്റിവലിൽ പ്രവേശനം അനുവദിച്ചിട്ടുണ്ട്.
ആരംഭിച്ച ആദ്യ നാല് ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ ജനപങ്കാളിത്തമാണ് ഫെസ്റ്റിവൽ നേടിയത്. പ്രവേശനം സൗജന്യമാകുന്നത് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയ്ക്ക് വഴിവെച്ചു. ഭക്ഷണവും വിനോദവും ഒന്നിച്ചുകൂട്ടുന്ന ഈ കോഫി & ചോക്ലേറ്റ് ഫെസ്റ്റിവൽ ഖത്തറിലെ ഏറ്റവും ജനപ്രിയമായ വാർഷിക പരിപാടികളിലൊന്നായി ഇതിനകം തന്നെ മാറിയതായി നിരീക്ഷകർ പറയുന്നു.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt
ഖത്തർ എയർവേയ്സിന് ഇന്ന് മുതൽ പുതിയ സിഇഒ
ഖത്തർ എയർവേയ്സ് ഗ്രൂപ്പിന്റെ പുതിയ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ഹമദ് അലി അൽ-ഖാതറിനെ നിയമിച്ചു. ഡിസംബർ 7 ഞായറാഴ്ച മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. നിലവിലെ സിഇഒയായ ബദർ മുഹമ്മദ് അൽ-മീറിന്റെ പകരക്കാരനായി അൽ-ഖാതർ ചുമതലയേൽക്കും.
ഖത്തറിലെ പ്രധാന അടിസ്ഥാന സൗകര്യ-വിമാനയാന മേഖലകളിൽ ദീർഘകാല പരിചയമുള്ള ഉദ്യോഗസ്ഥനാണ് ഹമദ് അലി അൽ-ഖാതർ. മുമ്പ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിച്ച അദ്ദേഹം, ഖത്തർ എനർജിയിൽ പ്രധാന ബിസിനസ്, പ്രവർത്തന സംരംഭങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് വിവിധ മുതിർന്ന സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചെയർമാൻ സാദ് ഷെരിദ അൽ-കാബി, ഗ്രൂപ്പിനെ നയിച്ച ബദർ മുഹമ്മദ് അൽ-മീറിന് നന്ദി അറിയിച്ചുകൊണ്ട്, ഹമദ് അലി അൽ-ഖാതറുടെ നേതൃത്വത്തിൽ ഗ്രൂപ്പിന് ശക്തമായ വളർച്ച കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയും അറിയിച്ചു. ആഗോള മികവ്, വിശ്വാസ്യത, നവീകരണം എന്നിവയോടുള്ള ഖത്തർ എയർവേയ്സ് ഗ്രൂപ്പിന്റെ പ്രതിബദ്ധത പുതിയ നേതൃത്വത്തിലൂടെയും ശക്തിപ്പെടുമെന്നും ചെയർമാൻ വ്യക്തമാക്കി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/Cy3g5xfb5OSLA1HSZk7JwK?mode=wwt

Leave a Reply