വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.
എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്
ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.
“ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ
ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply