മരണശേഷം ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ ദുരിതത്തിലാകുന്ന കുടുംബങ്ങൾക്ക് സാമൂഹിക പ്രവർത്തകരെ സമീപിക്കേണ്ടിവരുന്നതും വിവിധ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യവും ഒഴിവാക്കുന്നതിനായി ദുബായ് സർക്കാർ സമഗ്രമായ പുതിയ സംവിധാനത്തിന് തുടക്കമിട്ടു. ‘ജബ്‌ർ’ എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഏകീകൃത പ്ലാറ്റ്‌ഫോം വഴി മരണാനന്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒറ്റ ഇടത്തിലൂടെ, ഒറ്റത്തവണയായി പൂർത്തിയാക്കാൻ സാധിക്കും. ഡിജിറ്റൽ സംവിധാനങ്ങളെയും മാനുഷിക സഹാനുഭൂതിയെയും ഒരുമിപ്പിക്കുന്ന ഈ സേവനം, ദുഃഖത്തിലായ കുടുംബങ്ങളെ സഹായിക്കുന്നതിൽ സർക്കാർ നടപടികളുടെ സമീപനത്തിൽ വലിയ മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത കാലയളവിൽ, ഇത്തരം വിഷയങ്ങളിൽ സഹായം തേടി പ്രവാസികൾ സാമൂഹിക പ്രവർത്തകരെ സമീപിക്കുന്നതും തുടർന്നുണ്ടായ ആരോപണങ്ങളും ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ സംവിധാനം നടപ്പിൽ വരുത്തിയത്.
ദുബായ് ആരോഗ്യ വകുപ്പിന്റെ (ഡിഎച്ച്എ) ‘സിറ്റി മേക്കേഴ്‌സ്’ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ‘ജബ്‌ർ’ സംവിധാനത്തിലൂടെ, മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കുന്നതിനായി കുടുംബങ്ങൾ ഇനി വിവിധ സ്ഥാപനങ്ങളെ സമീപിക്കേണ്ടതില്ല. ഓരോ കേസിനും പ്രത്യേകം ഒരു ഗവൺമെന്റ് സർവീസ് ഓഫീസറെ (ജിഎസ്ഒ) നിയോഗിക്കുകയും, സംസ്‌കാര ചടങ്ങുകൾ മുതൽ മൃതദേഹം സ്വദേശത്തേക്ക് അയയ്ക്കുന്നതുൾപ്പെടെയുള്ള എല്ലാ നടപടികളും ഇയാൾ കുടുംബത്തിന് വേണ്ടി ഏകോപിപ്പിക്കുകയും ചെയ്യും. പൊതു–സ്വകാര്യ ആശുപത്രികളിൽ മരണം രജിസ്റ്റർ ചെയ്യുന്നതു കൂടെ, ബന്ധപ്പെട്ട എല്ലാ സർക്കാർ സ്ഥാപനങ്ങളിലേക്കും വിവരം സ്വയമേവ കൈമാറുന്ന ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ് ‘ജബ്‌ർ’ സംവിധാനം പ്രവർത്തിക്കുന്നത്. ഇതോടെ വീണ്ടും വീണ്ടും രേഖകൾ സമർപ്പിക്കാതെ തന്നെ മരണ സർട്ടിഫിക്കറ്റുകൾ സ്വയം സൃഷ്ടിക്കുകയും ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് കൈമാറുകയും ചെയ്യും. മൃതദേഹം നാട്ടിലേക്ക് അയക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കാനും സംസ്‌കാര ചടങ്ങുകൾക്ക് വേണ്ട സമയം ഗണ്യമായി കുറയ്ക്കാനും ഇതു സഹായിക്കും.
ഭരണപരമായ നടപടികളുടെ സമ്മർദ്ദത്തിൽ നിന്ന് ഒഴിവായി, കുടുംബങ്ങൾക്ക് അവരുടെ വൈകാരികവും സാമൂഹികവുമായ ആവശ്യങ്ങളിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് അധികൃതർ വ്യക്തമാക്കി.
‘ജബ്‌ർ’ സംവിധാനം ദുബായ് സർക്കാർ ജനങ്ങൾക്ക് നൽകുന്ന പരിചരണത്തിന്റെയും മാനുഷികതയുടെയും ശക്തമായ ഉദാഹരണമാണെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറൽ ഡോ. അലവി അൽഷെയ്ഖ് അലി പറഞ്ഞു. ഭരണപരമായ നടപടി മാത്രമല്ല, നഷ്ടത്തെ തുടർന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ വെല്ലുവിളികളെ പരിഹരിക്കുന്നതിലും “ജബ്‌ർ” ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് പദ്ധതിയുടെ ഔദ്യോഗിക വക്താവ് മജീദ് അൽ മുഹൈരി പറഞ്ഞു. അനുശോചന കാലയളവിന് മുൻപും ശേഷവും കുടുംബങ്ങൾക്കു വേണ്ട സഹായം നൽകുന്നതാണ് സംവിധാനത്തിന്റെ ലക്ഷ്യം.
ദുഃഖത്തിലായ കുടുംബങ്ങൾക്ക് എല്ലാ തലത്തിലുള്ള പിന്തുണയും നൽകുന്നതിനായി നിരവധി സർക്കാർ സ്ഥാപനങ്ങളെയാണ് ‘ജബ്‌ർ’ സംവിധാനം ഏകോപിപ്പിക്കുന്നത്. എമിറാത്തി കുടുംബങ്ങൾക്കായി കമ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) മൂന്ന് ദിവസത്തെ അനുശോചന ചടങ്ങുകൾക്കായി മുഴുവൻ സൗകര്യങ്ങളോടുകൂടിയ കൂടാരം ഒരുക്കും. ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റുമായി സഹകരിച്ച് ദുബായിൽ 70ലേറെ സ്ഥലങ്ങൾ അനുശോചന കൂടാരങ്ങൾക്കായി നിശ്ചയിച്ചിട്ടുണ്ട്.
മറ്റ് താമസക്കാരായ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനായി എട്ട് പൊതു-ക്ഷേമ സ്ഥാപനങ്ങളും ആരാധനാലയങ്ങളും സഹകരിച്ച് പ്രവർത്തിക്കും. കൂടാതെ, കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിനായി, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) 230 സ്കൂൾ കൗൺസിലർമാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്.
സംയുക്ത പേയ്‌മെന്റ് സംവിധാനം ഉൾപ്പെടെയുള്ള സ്മാർട്ട് ഡാഷ്‌ബോർഡും പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ട്. മരണ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ദുബായ് കോടതികൾ സ്വത്ത് കൈമാറ്റവുമായി ബന്ധപ്പെട്ട ഫയലുകൾ സ്വയം രജിസ്റ്റർ ചെയ്യുകയും അനന്തരാവകാശ നടപടികൾ വേഗത്തിലാക്കുകയും ചെയ്യും. ഇതോടെ അവകാശികൾക്ക് രേഖകൾ എളുപ്പത്തിൽ ലഭ്യമാകും.
മൃതദേഹം കുളിപ്പിക്കലിനും കഫൻ ചെയ്യലിനുമായി 130ത്തിലധികം സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകിയിട്ടുണ്ട്. ദുബായ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് കബർസ്ഥാനങ്ങളിലെ സൗകര്യങ്ങൾ നവീകരിക്കുകയും കഫൻ കിറ്റുകളും നടത്തിപ്പ് മാർഗരേഖകളും ഏകീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജീവിതത്തിലെ ഏറ്റവും വേദനയേറിയ ഘട്ടങ്ങളിൽ കുടുംബങ്ങൾക്ക് പ്രായോഗിക കാര്യക്ഷമതയും മാനസിക പിന്തുണയും നൽകിക്കൊണ്ട് മാനുഷിക മൂല്യങ്ങൾ ഉറപ്പിക്കുന്ന ദുബായ് സർക്കാരിന്റെ പ്രതിബദ്ധതയാണ് ‘ജബ്‌ർ’ സംവിധാനത്തിലൂടെ പ്രകടമാകുന്നതെന്ന് അധികൃതർ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇ: കടം വീട്ടാൻ വ്യാജ ശമ്പള രേഖകൾ നിർമ്മിച്ചു; യുവാവിന് ശിക്ഷ വിധിച്ചു
വ്യാജ രേഖകൾ ചമച്ച് യുഎഇയിലെ ഒരു ബാങ്കിനെ കബളിപ്പിച്ച് സ്വന്തം പേരിലുള്ള 8,82,000 ദിർഹത്തിലധികം (ഏകദേശം രണ്ട് കോടി രൂപ) വരുന്ന കടങ്ങൾ തീർക്കാൻ ശ്രമിച്ച യുവാവിനെ ഫെഡറൽ കോടതി ശിക്ഷിച്ചു. വരുമാനം അമിതമായി കാട്ടുകയും ഭവനവാടക കരാറുകൾ വ്യാജമായി തയ്യാറാക്കുകയും ചെയ്താണ് പ്രതി സാമ്പത്തിക തട്ടിപ്പ് നടത്തിയതെന്ന് കോടതി കണ്ടെത്തി. സാമ്പത്തിക തട്ടിപ്പിനും രേഖകൾ വ്യാജമായി നിർമ്മിച്ചതിനും ശിക്ഷയായി പ്രതിക്ക് മൂന്ന് മാസത്തെ സസ്പെൻഡ് ചെയ്ത തടവും, ബാങ്ക് നൽകിയ തുകയ്ക്ക് തുല്യമായ പിഴയും കോടതി വിധിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ യുഎഇ സ്വീകരിക്കുന്ന കർശന നിലപാടാണ് ഈ വിധിയിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് നിയമവിദഗ്ധർ വിലയിരുത്തുന്നു.
നിലവിലുണ്ടായിരുന്ന കടങ്ങൾ ഏകീകരിക്കുന്നതിനായി ഡെബ്റ്റ് പർച്ചേസ് സൗകര്യം തേടി പ്രതി ബാങ്കിൽ അപേക്ഷ നൽകിയതോടെയാണ് കേസിന് തുടക്കമായത്. അപേക്ഷയുടെ ഭാഗമായി, പ്രതിമാസ ശമ്പളം 50,000 ഡോളറിലധികമാണെന്ന് സൂചിപ്പിക്കുന്ന ‘ടു ഹൂം ഇറ്റ് മേ കോൺസേൺ’ ലെറ്ററും, വാർഷിക വാടക 1,90,000 ഡോളറാണെന്ന് രേഖപ്പെടുത്തിയ ലീസ് അപ്രൂവൽ നോട്ടീസും ബാങ്കിന് സമർപ്പിച്ചു. ഇരു രേഖകളിലും ഔദ്യോഗിക സീലുകളും ഒപ്പുകളും ഉണ്ടായിരുന്നതിനാൽ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളാണെന്ന് ബാങ്ക് ആദ്യം വിശ്വസിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിച്ച ബാങ്ക്, മറ്റ് രണ്ട് ധനകാര്യ സ്ഥാപനങ്ങളിൽ ഉണ്ടായിരുന്ന പ്രതിയുടെ 8,82,000 ഡോളറിലധികം വരുന്ന കടങ്ങൾ അടച്ചുതീർത്തു.
എന്നാൽ ബാങ്കിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് രേഖകളിൽ അസ്വാഭാവികമായ ക്രമക്കേടുകൾ കണ്ടെത്തിയത്. തുടർന്ന് രേഖകൾ നൽകിയതായി പറയുന്ന സർക്കാർ സ്ഥാപനവുമായി ബാങ്ക് ബന്ധപ്പെടുകയും ശമ്പള സർട്ടിഫിക്കറ്റോ ലീസ് അപ്രൂവലോ തങ്ങൾ നൽകിയിട്ടില്ലെന്ന് ബന്ധപ്പെട്ട വിഭാഗം സ്ഥിരീകരിക്കുകയുമായിരുന്നു.
ഇതോടനുബന്ധിച്ചുള്ള അന്വേഷണം കൂടുതൽ ശക്തമാക്കിയതോടെ, പ്രതി 56,000 ഡോളർ ശമ്പളം ഉണ്ടെന്ന വ്യാജവാദത്തോടെ ഡെബ്റ്റ് പർച്ചേസ് അപേക്ഷാ ഫോമിൽ ഒപ്പിട്ടതും, ആ ഒപ്പ് തന്നെ വ്യാജമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. തുടർന്ന് കേസ് കോടതി പരിഗണനയ്ക്ക് എത്തുകയും കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ ശിക്ഷ വിധിക്കുകയും ചെയ്തു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്
ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.
“ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply