ഹെല്‍മറ്റ് രക്ഷകനായി; യുഎഇയിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് യാത്രക്കാരന് ഗുരുതര പരിക്ക്

ഇലക്ട്രിക് സ്‌കൂട്ടർ അപകടത്തിൽപ്പെട്ട് ഗുരുതരമായ നട്ടെല്ല് പരിക്കേറ്റതായി ദുബായ് സ്വദേശിയായ എമിറാത്തി യുവാവ്. താമസസ്ഥലത്ത് സ്‌കൂട്ടർ ഓടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ മൂന്ന് കശേരുക്കൾക്ക് ഒടിവ് സംഭവിച്ചതായി തലാൽ മുഹമ്മദ് പറഞ്ഞു. പെട്ടെന്നുണ്ടായ വെട്ടിത്തിരിയലിൽ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു. നിയന്ത്രണം വിട്ട സ്‌കൂട്ടർ ഈന്തപ്പനയിൽ ഇടിക്കുകയും തുടര്‍ന്ന് തലാൽ നടപ്പാതയിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. തല മരത്തിൽ ഇടിച്ചതോടെ ധരിച്ചിരുന്ന ഹെൽമറ്റ് പൊട്ടിപ്പോയെങ്കിലും അതിന്റെ ശക്തമായ സംരക്ഷണമാണ് ഗുരുതരമായ തലയോട്ടി പരിക്ക് ഒഴിവാക്കിയതെന്ന് തലാൽ പറഞ്ഞു.

“ഹെൽമറ്റ് ഇല്ലായിരുന്നെങ്കിൽ ഞാൻ ജീവനോടെ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല,” തലാൽ ഗൾഫ് ന്യൂസിനോട് പ്രതികരിച്ചു. സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിരുന്നിട്ടും അപകടത്തിന്റെ ആഘാതത്തിൽ നട്ടെല്ലിലെ മൂന്ന് കശേരുക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും താൽക്കാലികമായി പുറകിൽ സംവേദനക്ഷയം അനുഭവപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. അപകടത്തിനു പിന്നാലെ ഉടൻ തന്നെ തലാലിനെ റഷീദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സ്കാനുകളിലൂടെ പരിക്കുകളുടെ ഗൗരവം സ്ഥിരീകരിക്കുകയും ചെയ്തു. 17 ദിവസത്തോളം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവാവ് ആറ് മാസത്തിലധികമായി ഫിസിയോതെറാപ്പിക്ക് വിധേയനാണ്. നട്ടെല്ല് സ്ഥിരപ്പെടുത്തുന്നതിനായി ലോഹ സ്ക്രൂകൾ സ്ഥാപിച്ചിരിക്കുന്നതായും, ഫെബ്രുവരിയിൽ നടക്കുന്ന ശസ്ത്രക്രിയയിലൂടെ അവ നീക്കം ചെയ്യുമെന്നും അറിയിച്ചു. സ്‌കൂട്ടർ യാത്രയ്ക്കിടെ സുരക്ഷാ മുൻകരുതലുകളുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞ തലാൽ, “ഞാൻ ചെയ്യേണ്ട എല്ലാ സുരക്ഷാ നടപടികളും പാലിച്ചിരുന്നു. എന്നിരുന്നാലും അപകടങ്ങൾക്ക് മുൻകൂർ മുന്നറിയിപ്പുകളൊന്നുമില്ല. അതുകൊണ്ടുതന്നെ ഇലക്ട്രിക് സ്‌കൂട്ടർ യാത്രക്കാർ സുരക്ഷയെ വളരെ ഗൗരവത്തോടെ കാണണം,” എന്നും പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

ആദ്യമായി ഭാഗ്യം പരീക്ഷിച്ചു, പ്രവാസി മരപ്പണിക്കാരന് അടിച്ചു ‘ബംപർ’; അപൂർവ സംഭവമെന്ന് അധികൃതർ

ആദ്യമായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ച ബംഗ്ലദേശുകാരനായ മരപ്പണിക്കാരനെ തേടി വൻ ഭാഗ്യം. അബുദാബി ഗ്രാൻഡ് പ്രീയോടനുബന്ധിച്ച് യാസ് മറീന സർക്കീറ്റിൽ സംഘടിപ്പിച്ച ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിമി’ലൂടെയാണ് അജ്മാനിൽ ജോലി ചെയ്യുന്ന മുഹമ്മദ് മൊഹിൻ (30) 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) സമ്മാനമായി സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ ആദ്യ ശ്രമത്തിൽ തന്നെ ഇത്രയും വലിയ സമ്മാനം നേടുന്നത് അപൂർവമാണെന്ന് അധികൃതർ അറിയിച്ചു. ബിഗ് ടിക്കറ്റ് യാച്ചിൽ തിരഞ്ഞെടുത്ത മറ്റ് പങ്കാളികൾക്കൊപ്പം മൊഹിനോടും സീസൺ ഫൈനൽ റേസിൽ മത്സരിക്കുന്ന ഒരു ഫോർമുല വൺ ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു.

തുടർന്ന് ബിഗ് ടിക്കറ്റ് ടീം ഫിനിഷിങ് പൊസിഷനുകളായി 3, 6, 10, 13, 18 എന്നീ അഞ്ച് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ യാദൃച്ഛികമായി തിരഞ്ഞെടുത്ത റേസിങ് ബുൾസ് ടീമിന്റെ ഡ്രൈവർ ലിയാം ലോസൺ 18-ാം സ്ഥാനത്ത് റേസ് പൂർത്തിയാക്കിയതോടെയാണ് മൊഹിനിന് ബംപർ സമ്മാനം ലഭിച്ചത്. ‘റേസ് ആൻഡ് ലക് ഷ്വറി യാച്ച്’ പ്രമോഷന്റെ ഭാഗമായാണ് ഈ ഗെയിം സംഘടിപ്പിച്ചത്. താൻ ഒരിക്കലും ഇത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുഹമ്മദ് മൊഹിൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഫോർമുല വൺ ഗ്രാൻഡ് പ്രീ മത്സരങ്ങൾ കാണുന്ന സാധാരണ ഒരു ആരാധകനാണ് താനെന്നും, ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങുന്നതെന്നും ആദ്യ ശ്രമത്തിൽ തന്നെ സമ്മാനം ലഭിച്ചത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ലിയാം ലോസണെ നേരത്തെ അറിയാമായിരുന്നോ എന്ന ചോദ്യത്തിന്, “ഇല്ല, എനിക്കവനെ അറിയില്ല. വെറുതെ ഒരു പേര് തിരഞ്ഞെടുത്തതാണ്,” എന്നായിരുന്നു ചിരിയോടെയുള്ള മറുപടി. വിജയത്തുക 72 അംഗങ്ങളുള്ള കുടുംബവുമായി പങ്കുവയ്ക്കാനാണ് മൊഹിന്റെ തീരുമാനം. കുടുംബത്തിലെ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ബിഗ് ടിക്കറ്റ് വാങ്ങൽ തുടരുമെന്നും, ഫോർമുല വൺ റേസ് കാണുന്നതിനിടയിൽ യാസ് മറീന സർക്കീറ്റിൽ ലഭിച്ച ഈ നിമിഷം ജീവിതത്തിൽ ഒരിക്കലും സ്വപ്നം കണ്ടിട്ടില്ലാത്ത അനുഭവമാണെന്നും മൊഹിൻ പറഞ്ഞു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യുഎഇയിലെ സ്കൂളുകളിൽ ശൈത്യകാല അവധി; യാത്രയ്ക്കൊരുങ്ങി പ്രവാസി കുടുംബങ്ങള്‍

ശൈത്യകാല അവധിക്കായി യുഎഇയിലെ പ്രാദേശികവും വിദേശ സിലബസുകളിലുമുള്ള സ്കൂളുകൾ അടച്ചുപൂട്ടി. എന്നാൽ ഇന്ത്യൻ സിലബസ് പിന്തുടരുന്ന സ്കൂളുകളിൽ അവധി ദിനങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ദുബായിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 12നാണ് അടയ്ക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ സ്കൂളുകൾ ഡിസംബർ 19നുമാണ് ശൈത്യകാല അവധിയിലേക്ക് കടക്കുക. ജനുവരി അഞ്ചിനാണ് എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നത്. യുഎഇയിലെ ഭൂരിഭാഗം സ്കൂളുകളിലെ വിദ്യാർഥികൾക്ക് ഏകദേശം ഒരു മാസം വരെ അവധി ലഭിക്കുന്നതിനിടെ, ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് രണ്ടുമുതൽ മൂന്നാഴ്ച വരെ മാത്രമാണ് അവധി ലഭിക്കുക. ഇതിന് വിരുദ്ധമായി, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എന്നീ എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂളുകൾക്ക് ഏകദേശം ഒരു മാസത്തെ ശൈത്യകാല അവധിയാണ് അനുവദിച്ചിരിക്കുന്നത്.

ഇത്തരം വ്യത്യാസങ്ങൾ ഒഴിവാക്കുന്നതിനായി 2026 മുതൽ ഇന്ത്യൻ സ്കൂളുകളുടെ അവധി ദിവസങ്ങൾ ഏകീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രവൃത്തി ദിനങ്ങൾ പുനഃക്രമീകരിക്കാനാണ് സ്കൂളുകൾക്ക് ഉത്തരവിടപ്പെട്ടിരിക്കുന്നത്.
വലിയ അവധി ലഭിച്ചതോടെ പല പ്രവാസി കുടുംബങ്ങളും നാട്ടിലേക്കും വിനോദയാത്രയ്ക്കായി വിദേശത്തേക്കും പോകാൻ ഒരുക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ നിലവിലെ സാഹചര്യങ്ങൾ ഈ യാത്രാപദ്ധതികളെ പ്രതികൂലമായി ബാധിച്ചതായി റിപ്പോർട്ടുണ്ട്. ഇൻഡിഗോ വിമാനങ്ങളുമായി ബന്ധപ്പെട്ട പ്രതിസന്ധികളും വിമാന ടിക്കറ്റ് നിരക്കുകളിലുണ്ടായ കുത്തനെ വർധനയും കാരണം നിരവധി കുടുംബങ്ങൾക്ക് നാട്ടിലേക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, വിദ്യാർഥികളുടെ ഹാജർ സംബന്ധിച്ച കർശന നിയന്ത്രണങ്ങളും ദുബായ്-അബുദാബി എമിറേറ്റുകളിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് കുറഞ്ഞ അവധിയും നാട്ടിലേക്കുള്ള യാത്രയ്ക്ക് വലിയ തടസ്സമായി തുടരുന്നതായും രക്ഷിതാക്കൾ പറയുന്നു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *