യുഎഇയിലെ നാഷണൽ സെൻ്റർ ഓഫ് മെറ്റിയോറോളജി (എൻസിഎം) പുറത്തുവിട്ട കാലാവസ്ഥാ പ്രവചനമനുസരിച്ച് ഡിസംബർ 7-ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതും ചില പ്രദേശങ്ങളിൽ ഭാഗികമായി മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. പുലർച്ചെ 2 മണിമുതൽ രാവിലെ 9.30 വരെയുള്ള സമയത്ത് ചുവപ്പ്, മഞ്ഞ മുന്നറിയിപ്പുകളോടെയുള്ള മൂടൽമഞ്ഞ് സാധ്യതയുണ്ടെന്ന് എൻസിഎം അറിയിച്ചു. ദ്വീപുകളിലും ചില പടിഞ്ഞാറൻ മേഖലകളിലും താഴ്ന്ന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇന്നത്തെ രാത്രിയിലും തിങ്കളാഴ്ച രാവിലെയും ചില പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഈർപ്പം വർധിച്ചേക്കാം. അബുദാബിയിലും ദുബായിലും ഈർപ്പനില 30 ശതമാനം മുതൽ 85 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്രം അറിയിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിലും ദുബായിലും പരമാവധി 30 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുള്ളപ്പോൾ, കുറഞ്ഞ താപനില അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 20 ഡിഗ്രി സെൽഷ്യസും ഉൾപ്രദേശങ്ങളിൽ 10 ഡിഗ്രി സെൽഷ്യസും വരെ താഴാൻ സാധ്യതയുണ്ട്. തെക്കുകിഴക്ക് ദിശയിൽ നിന്ന് വടക്കുകിഴക്ക് ദിശയിലേക്കായി നേരിയതോ മിതമായതോ ആയ കാറ്റ് വീശും. മണിക്കൂറിൽ 10 മുതൽ 20 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത, ചില സമയങ്ങളിൽ ഇത് 30 കിലോമീറ്റർ വരെ എത്താൻ സാധ്യതയുണ്ടെന്നും അറിയിച്ചു. അറബിക്കടലിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കുമെന്നും എൻസിഎം വ്യക്തമാക്കി.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
ദേശീയ ദിനാഘോഷങ്ങൾക്കിടെ വാൾ വീശി 23 കാരി, വൈറലായി വീഡിയോ, അറസ്റ്റ്
യുഎഇ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് നടന്ന പൊതുകൂട്ടായ്മയിൽ വാളുമായി എത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അൽ-ഫുകൈത് പ്രദേശത്ത് നടന്ന ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങൾക്കിടെയാണ് വാൾ വീശുന്ന 23 വയസ്സുകാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പോലീസ് തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. കേസിൽ തുടർനടപടികൾക്കായി യുവതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഫുജൈറ പോലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ ഇത്തരം പെരുമാറ്റം യുഎഇ നിയമങ്ങളുടെയും സാമൂഹിക ആചാരങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും ഇതിലൂടെ പൊതുസുരക്ഷയ്ക്കു ഗുരുതര ഭീഷണി ഉയരുമെന്നും പോലീസ് പറഞ്ഞു. ദേശീയ ദിനാഘോഷങ്ങൾക്കിടയിൽ ഇത്തരം പ്രവൃത്തികൾ ഒരു തരത്തിലും അനുവദിക്കില്ലെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാൻഡർ ഇൻ ചീഫ് കമാൻഡർ മുഹമ്മദ് ബിൻ നയെ തനിജിയുടെ പ്രസ്താവനയിൽ, നിയമം കർശനമായി നടപ്പാക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും പോലീസ് പ്രതിബദ്ധമാണെന്ന് വ്യക്തമാക്കി. സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ദേശീയ ആഘോഷങ്ങൾ യുഎഇയുടെ മൂല്യങ്ങൾക്കും മാനദണ്ഡങ്ങൾക്കും അനുസൃതമായി സമാധാനപരമായി നടക്കുന്നതിനുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മുൻപ് ഈദ് അൽ ഇത്തിഹാദ് അവധിക്കാലത്ത് അശ്രദ്ധയായ ഡ്രൈവിങും വിവിധ സുരക്ഷാ ലംഘനങ്ങളും നടത്തിയതായി കണ്ടെത്തിയ 16 യുവാക്കളെയും ഫുജൈറ പോലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നുവെന്നും പോലീസ് അറിയിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
യുഎഇയിൽ സ്വദേശിവൽക്കരണ സമയപരിധി ഇതാ എത്തി! ഇനി മുതൽ കടുത്ത നടപടി: കമ്പനികൾക്ക് വൻതുക വരെ പിഴ!
അബുദാബി ∙ യുഎഇയിൽ സ്വകാര്യമേഖലയിലെ സ്വദേശിവൽക്കരണം (Emiratization) ഡിസംബർ 31-നകം പൂർത്തിയാക്കണമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MOHRE) കർശന മുന്നറിയിപ്പ് നൽകി. നിശ്ചിത സമയപരിധിക്കുള്ളിൽ നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ 2026 ജനുവരി 1 മുതൽ കടുത്ത നടപടി ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
പ്രധാന വിവരങ്ങൾ:
കമ്പനികൾ 2% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്ക് ആളൊന്നിന് 96,000 ദിർഹം (ഏകദേശം 22 ലക്ഷം രൂപ) പിഴ ചുമത്തും. മാസത്തിൽ 8,000 ദിർഹം വീതമാണ് പിഴ കണക്കാക്കുക. ഇത് ആറുമാസത്തിലൊരിക്കൽ 48,000 ദിർഹമായി ഒറ്റത്തവണയായി അടയ്ക്കാൻ സൗകര്യമുണ്ട്. അടുത്ത വർഷം മുതൽ മാസാന്ത പിഴ 9,000 ദിർഹമായി വർധിക്കും. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികൾ വർഷാവസാനത്തോടെ ഒരു സ്വദേശിയെ നിയമിക്കണം. ഈ വിഭാഗത്തിൽ രണ്ട് സ്വദേശികളെ നിയമിക്കാത്ത കമ്പനികൾക്കും പിഴ ചുമത്തും. ഐടി, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ആരോഗ്യ സംരക്ഷണം എന്നിവ ഉൾപ്പെടെ 14 മേഖലകളിലെ 68 പ്രൊഫഷണൽ, സാങ്കേതിക തസ്തികകളിലാണ് നിലവിൽ സ്വദേശിവൽക്കരണം നടപ്പാക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ ജനുവരി 1 മുതൽ പരിശോധന ഊർജിതമാക്കും.
നിയമലംഘനത്തിനുള്ള കനത്ത ശിക്ഷ:
സ്വദേശിവൽക്കരണത്തിൽ കൃത്രിമം (Fake Emiratization) നടത്തുന്ന സ്ഥാപനങ്ങൾക്ക് 5 ലക്ഷം ദിർഹം വരെയാണ് പിഴ. ആദ്യ തവണ നിയമം ലംഘിച്ചാൽ ഒരു ലക്ഷം ദിർഹം, ആവർത്തിച്ചാൽ 3 ലക്ഷം, മൂന്നാം തവണ 5 ലക്ഷം ദിർഹം എന്നിങ്ങനെയാണ് പിഴ ചുമത്തുക.
പ്രോത്സാഹനങ്ങൾ:
സ്വദേശിവൽക്കരണം പൂർത്തിയാക്കുന്ന കമ്പനികളെ ‘തൗത്തീൻ പാർട്ണേഴ്സ് ക്ലബിൽ’ (Tawteen Partners Club) ഉൾപ്പെടുത്തുകയും സർക്കാർ സേവന ഫീസിൽ 80% വരെ ഇളവ് നൽകുകയും ചെയ്യും.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply