ദുബായ് ∙ ഒരു ഹോട്ടൽ മുറിയിൽ രണ്ട് വർഷത്തോളം താമസിച്ച ശേഷം ബിൽ തുക അടയ്ക്കാൻ വിസമ്മതിച്ച ആറംഗ അറബ് കുടുംബത്തിന് ദുബായ് സിവിൽ കോടതിയുടെ കനത്ത തിരിച്ചടി. കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ദമ്പതികളെയും നാല് മക്കളുമടങ്ങുന്ന കുടുംബത്തെ മുറിയിൽ നിന്ന് ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. 2023 മുതൽ രണ്ട് വർഷത്തോളമാണ് ആറംഗ കുടുംബം ഹോട്ടൽ മുറിയിൽ താമസിച്ചത്. ആകെ ബില്ലിന്റെ ഒരു ഭാഗം മാത്രം അടച്ച കുടുംബം, ബാക്കിയുള്ള തുക 2,75,000 ദിർഹം കവിഞ്ഞതോടെ ഒഴിയാൻ തയ്യാറായില്ല.കുടിശ്ശികയും മറ്റ് ഫീസുകളും ഉൾപ്പെടെ ഹോട്ടലിന് നൽകാനുള്ള 1,55,837 ദിർഹം (ഏകദേശം 35 ലക്ഷം രൂപ) അടച്ചുതീർക്കാൻ കോടതി കുടുംബത്തോട് ഉത്തരവിട്ടു. മാസങ്ങളോളം കുടിശ്ശിക അടയ്ക്കാൻ ആവശ്യപ്പെട്ടിട്ടും പ്രതികരണമില്ലാതെ വന്നതോടെ ഹോട്ടൽ മാനേജ്മെന്റ് സിവിൽ കോടതിയെ സമീപിക്കുകയായിരുന്നു. ഇത് വാസസ്ഥലം വാടകയ്ക്ക് നൽകുന്ന കരാറല്ല, മറിച്ച് ഹോട്ടൽ താമസത്തിനുള്ള കരാറാണെന്ന് നിരീക്ഷിച്ച കോടതി, കേസ് വാടക തർക്ക കേന്ദ്രം കൈകാര്യം ചെയ്യണമെന്ന കുടുംബത്തിന്റെ വാദം തള്ളി. ഒഴിഞ്ഞു പോകാൻ ഉത്തരവിട്ടതിന് പുറമെ, ഭാര്യാഭർത്താക്കന്മാർ സംയുക്തമായി കുടിശ്ശിക തുക പൂർണമായും അടയ്ക്കണം. കൂടാതെ, മുറി പൂർണമായി ഒഴിയുന്നത് വരെ പ്രതിദിനം 375 ദിർഹം താമസച്ചെലവും, കേസ് ഫയൽ ചെയ്ത തീയതി മുതൽ മുഴുവൻ തുകയും അടച്ചു തീർക്കുന്നതുവരെ 5 ശതമാനം നിയമപരമായ പലിശയും നൽകണമെന്നും കോടതി കർശനമായി നിർദേശിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt
നീണ്ട ശൈത്യകാല അവധിക്കാലം പഠനം വൈകിപ്പിച്ചേക്കും; മുന്നറിയിപ്പുമായി യുഎഇയിലെ സ്കൂളുകൾ
യുഎഇയിലെ ശൈത്യകാല അവധി നീണ്ടുനിൽക്കുന്നത് വിദ്യാർത്ഥികളുടെ പഠനത്തിൽ തിരിച്ചടിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സ്കൂളുകളും അധ്യാപകരും രംഗത്ത്. ഡിസംബർ 8 മുതൽ 2026 ജനുവരി 4 വരെയാണ് രാജ്യത്തെ സ്കൂളുകളിൽ ശൈത്യകാല അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ദീർഘ ഇടവേള പഠനത്തിലേക്കുള്ള ശ്രദ്ധ കുറയ്ക്കുകയും കുട്ടികളെ അക്കാദമിക് കാര്യങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന ആശങ്കയാണ് സ്കൂൾ അധികൃതർ ഉയർത്തുന്നത്. അവധിക്കാലത്തിന് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ മുമ്പ് പഠിപ്പിച്ച വിഷയങ്ങൾ വീണ്ടും ആവർത്തിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും, പഠന പ്രവാഹം തടസ്സപ്പെടുന്നതോടെ കുട്ടികൾ പൂർണമായും അവധി മാനസികാവസ്ഥയിലേക്ക് മാറുമെന്നുമാണ് അധ്യാപകരുടെ നിരീക്ഷണം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ ഭരണസംവിധാനങ്ങൾ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകുകയും അവധിക്കാലത്ത് തന്നെ കുട്ടികളുടെ പഠനബന്ധം നിലനിർത്താൻ നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വിശ്രമം ആവശ്യമായതാണെങ്കിലും, പഠനത്തിൽ നിന്ന് പൂർണമായ വേർപാട് പിന്നീട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.
വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ ഗവേഷണങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള നീണ്ട അവധികൾ പഠന വേഗതയിൽ 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടാക്കാൻ സാധ്യതയുണ്ടെന്നാണ് കണ്ടെത്തൽ. വിശ്രമത്തിനും മാനസിക സജീവതയ്ക്കുമിടയിൽ ആരോഗ്യകരമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കുടുംബങ്ങളെ അമിതമായ അക്കാദമിക് സമ്മർദ്ദത്തിലാഴ്ത്താതിരിക്കാനായി സ്കൂളുകൾ അവധിക്കാല ഹോംവർക്കുകൾ ഒഴിവാക്കുന്നുവെങ്കിലും, പകരം കുട്ടികളെ സജീവമായി നിലനിർത്തുന്ന പ്രവർത്തനങ്ങൾ നിർദേശിക്കുന്നതായി അധികൃതർ അറിയിച്ചു. ദിവസേന കുറഞ്ഞത് 15 മിനിറ്റ് വായന, അടുക്കളയിലും വീട്ടിലുമുള്ള സാധനങ്ങൾ ഉപയോഗിച്ച് ലളിതമായ ഗണിത കണക്കുകൾ പരിശീലിക്കുക, ദിനപതിപ്പ് എഴുതി പതിവാക്കുക തുടങ്ങിയ ചെറിയ പ്രവർത്തനങ്ങൾ അവധിക്കാലത്തും തുടരാൻ അധ്യാപകർ നിർദേശിക്കുന്നു. മാതാപിതാക്കളുടെ പിന്തുണയോടെ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ കുട്ടികളെ മാനസികമായും ബൗദ്ധികമായും സജീവമായി നിലനിർത്താൻ കഴിയുമെന്ന് വിദ്യാഭ്യാസ വിദഗ്ധർ വ്യക്തമാക്കി. നീണ്ട അവധികൾ ഗണിതം, വായന, സമഗ്ര അക്കാദമിക് നേട്ടങ്ങൾ എന്നിവയിൽ ഇടിവുണ്ടാക്കാൻ ഇടയുണ്ടെന്നും, അതിനാൽ രക്ഷിതാക്കൾ ഈ സമയത്ത് കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധ്യാപകർ അഭ്യർത്ഥിച്ചു.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Leave a Reply