യുഎഇയുടെ 54-ാം ദേശീയ ദിനാഘോഷങ്ങൾ രാജ്യവ്യാപകമായി നിറപ്പകിട്ടോടെ ആരംഭിച്ചു. ദേശീയ ഐക്യം, കൂട്ടായ്മയുടെ ശക്തി, ഐക്യത്തിന്റെ ചൈതന്യം എന്നിവ പ്രതിഫലിപ്പിക്കുന്ന മനോഹരമായ പ്രകാശ അലങ്കാരങ്ങളോടെയാണ് നാടും നഗരവും അണിഞ്ഞൊരുങ്ങിയത്. ത്രീഡി ഇൻസ്റ്റലേഷനുകളും യുഎഇ പതാകയുടെ നിറങ്ങളെ ആധാരമാക്കി ഒരുക്കിയ ലൈറ്റ് യൂണിറ്റുകളും ഇത്തവണത്തെ പ്രധാന ആകർഷണങ്ങളാണ്. 54 വർഷത്തെ അഭിമാനയാത്രയെ പ്രതിനിധീകരിക്കുന്ന ‘54’ രൂപങ്ങൾ അബുദാബി കോർണിഷ്, അൽ മഖ്ത പാലം തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്നു. പ്രധാന റോഡുകൾ, സർക്കാർ ഓഫിസുകൾ, മന്ത്രാലയങ്ങൾ, ഷോപ്പിംഗ് മാളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വീടുകൾ എന്നിവയെല്ലാം ലക്ഷക്കണക്കിന് വർണദീപങ്ങളാൽ മിനുക്കപ്പെട്ടിരിക്കുന്നു. അബുദാബി നഗരത്തിൽ മാത്രം 6,500 ജ്യാമിതീയ പ്രകാശ രൂപങ്ങൾ സ്ഥാപിച്ചിട്ടുണ്.
വാരാന്ത്യങ്ങളുമായി കൂട്ടിയ നാല് ദിവസത്തെ അവധി ലഭിച്ചതോടെ ഇത്തവണ ആഘോഷങ്ങൾ കൂടുതൽ വൻതോതിലാണ്. അബുദാബി കോർണിഷ് സ്ട്രീറ്റ്, അൽ ഖലീജ് അൽ അറബി സ്ട്രീറ്റ്, ഷെയ്ഖ് സായിദ് സ്ട്രീറ്റ്, കിങ് അബ്ദുല്ല സ്ട്രീറ്റ് എന്നിവയ്ക്കുപുറമേ ദുബായ് ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ഷാർജ ഇത്തിഹാദ് റോഡ് തുടങ്ങി വിവിധ എമിറേറ്റുകളിലെ പ്രധാന ഹൈവേകളും നഗര കേന്ദ്രങ്ങളും വിളക്കുകളാൽ അലങ്കരിച്ചിരിക്കുന്നു. “യുണൈറ്റഡ് അറബ് എമിറേറ്റ്സ് – എന്റെ രാജ്യം”, “ഐക്യമാണ് നമ്മുടെ കരുത്ത്”, “സുരക്ഷിത നാട്” തുടങ്ങിയ സന്ദേശങ്ങൾ അറബിയിലും ഇംഗ്ലീഷിലും വർണവിളക്കുകളിൽ തെളിയുന്നു. ദേശീയ പതാക, രാഷ്ട്ര ചിഹ്നം, ചരിത്ര സ്മാരകങ്ങൾ, കോട്ടകൾ, ഇമാറാത്തി പൈതൃകം എന്നിവയെ ആസ്പദമാക്കിയ പ്രകാശ രൂപങ്ങളും ആഘോഷങ്ങൾക്ക് മിന്നുചേരുന്നുണ്ട്.

Leave a Reply