യുഎഇയുടെ പ്രിയപുത്രൻ യാത്രയായി; അപ്രതീക്ഷിത വേർപാടിൽ നടുക്കം മാറാതെ കായികലോകം; നെഞ്ചുലച്ച് വിട

യുഎഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി) മുൻ അംഗവും യുഎഇ, ഏഷ്യൻ സൈക്ലിങ് ഫെഡറേഷനുകളുടെ മുൻ പ്രസിഡന്റുമായിരുന്ന ഉസാമ അൽ ഷാഫർ (51) ഉസ്‌ബെക്കിസ്ഥാനിൽ നടന്ന വാഹനാപകടത്തിൽ മരിച്ചതോടെ യുഎഇയിലെ കായികലോകം ദുഃഖത്തിൽ മുങ്ങി. ബുധനാഴ്ച ഉണ്ടായ അപകടമാണ് മരണകാരണം. മരണവാർത്ത പുറത്തുവന്നതോടെ, ഉസാമയുമായി അഭിപ്രായം പങ്കുവെച്ചിരുന്ന നിരവധി കായികതാരങ്ങളും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു. എപ്പോഴും പുഞ്ചിരിയോടെ എല്ലാവരോടും സൗമ്യമായി പെരുമാറിയ വ്യക്തിത്വമായി അദ്ദേഹം ഓർമിക്കപ്പെടുന്നു. സുഹൃത്ത് എന്നതിലുപരി ‘സഹോദരതുല്യൻ’ ആയിരുന്നു ഉസാമയെന്ന് പരിചയക്കാർ അനുസ്മരിച്ചു. ഷാർജ സ്പോർട്‌സും ദുബായ് സ്പോർട്‌സും എഫ്എൻസിയും ഉൾപ്പെടെ വിവിധ സ്ഥാപങ്ങളും കുടുംബത്തോട് അനുശോചനം അറിയിച്ചു.

രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കായികജീവിതത്തിൽ നിരവധി പ്രധാന പദവികൾ ഉസാമ അലങ്കരിച്ചിട്ടുണ്ട്. എട്ട് വർഷം യുഎഇ സൈക്ലിങ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന സമയത്ത് രാജ്യം സൈക്ലിങ് രംഗത്ത് അന്താരാഷ്ട്ര നിലവാരത്തിൽ ഉയർന്നു, നിരവധി ഇവന്റുകൾക്ക് വേദിയായും മാറി. പിന്നീട് അദ്ദേഹം ഏഷ്യൻ സൈക്ലിങ് കോൺഫെഡറേഷൻ പ്രസിഡന്റായും ഇന്റർനാഷനൽ സൈക്ലിങ് യൂണിയൻ (യുസിഐ) വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. യുഎഇ ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്‌നസ് ഫെഡറേഷന്റെ പ്രസിഡന്റും ആയിരുന്നു.

2019ൽ ദുബായിൽ നിന്ന് എഫ്എൻസിയിലേക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2018ൽ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ക്രിയേറ്റീവ് സ്‌പോർട്സ് അവാർഡും 2009ൽ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങിന്റെ ഗോൾഡ് മെഡൽ ഓഫ് ഓണറും അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഉസ്‌ബെക്കിസ്ഥാനിലെ സ്പോർട്‌സ് സയൻസസ് ഫാക്കൽറ്റിയിൽ നിന്ന് ഓണററി ഡോക്ടറേറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ഉസാമ അൽ ഷാഫറിന്റെ മൃതദേഹം വ്യാഴാഴ്ച (20) അൽ ഖൂസ് കബറിസ്ഥാനിൽ സംസ്കരിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

യു.എ.ഇ പൗരൻമാർക്ക് ഇന്ത്യയിൽ ഓൺ അറൈവൽ വിസ; കേരളത്തിലെ ഈ എയർപോർട്ടുകളിലും സൗകര്യം

ദുബൈ: യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ ലളിതമാകും. മുൻകൂർ വിസയില്ലാതെ ഇന്ത്യയിലെത്താൻ സൗകര്യം ഒരുക്കിക്കൊണ്ട് ഒമ്പത് പ്രമുഖ വിമാനത്താവളങ്ങളിൽ ‘ഓൺ അറൈവൽ വിസ’ (Visa on Arrival – VoA) സംവിധാനം ഏർപ്പെടുത്തി.

നേരത്തെ ഇ-വിസയോ, പേപ്പർ വിസയോ കൈവശമുണ്ടെങ്കിൽ മാത്രമാണ് യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. ഈ തീരുമാനത്തോടെ ആ നിയന്ത്രണത്തിനാണ് മാറ്റം വന്നിരിക്കുന്നത്.

പ്രധാന യാത്രാ വിവരങ്ങൾ
അനുവദനീയമായ തങ്ങൽ കാലാവധി: പരമാവധി 60 ദിവസം വരെ യു.എ.ഇ പൗരന്മാർക്ക് ഇന്ത്യയിൽ തങ്ങാൻ അനുമതി ലഭിക്കും.

യാത്രാ ലക്ഷ്യങ്ങൾ: വിനോദസഞ്ചാരം, സമ്മേളനം, ചികിത്സ, ബിസിനസ് തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ സൗകര്യം ഉപയോഗിക്കാം.

വിസ ഫീസ്: 2000 രൂപയാണ് വിസാ ഫീസ്.

പാസ്‌പോർട്ട് കാലാവധി: അപേക്ഷകരുടെ പാസ്‌പോർട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കാലാവധി ഉണ്ടായിരിക്കണം.

‘ഓൺ അറൈവൽ വിസ’ ലഭ്യമാകുന്ന വിമാനത്താവളങ്ങൾ
കേരളത്തിലെ രണ്ട് വിമാനത്താവളങ്ങൾ ഉൾപ്പെടെ മൊത്തം ഒമ്പത് വിമാനത്താവളങ്ങളിലാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്:

കൊച്ചി (Kochi)

കോഴിക്കോട് (Kozhikode)

ന്യൂഡൽഹി (New Delhi)

മുംബൈ (Mumbai)

കൊൽക്കത്ത (Kolkata)

ചെന്നൈ (Chennai)

ബംഗളൂരു (Bengaluru)

ഹൈദരാബാദ് (Hyderabad)

അഹമ്മദാബാദ് (Ahmedabad)

അപേക്ഷാ നടപടികൾ

ഇന്ത്യയിൽ വിമാനമിറങ്ങിയ ശേഷം യാത്രക്കാർ വിസ നടപടികൾ പൂർത്തിയാക്കണം:

മൊബൈൽ ആപ്പ്: ‘Indian Visa Su-Swagatam’ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി.

വെബ്സൈറ്റ്: https://indianvisaonline.gov.in/earrival/ എന്ന വെബ്സൈറ്റ് വഴിയോ ഫോം പൂരിപ്പിച്ച് നൽകാം.

പ്രത്യേക ശ്രദ്ധയ്ക്ക്

ഒഴിവാക്കപ്പെട്ടവർ: യു.എ.ഇ സ്വദേശിയുടെ മുത്തച്ഛനോ, മുത്തശ്ശിയോ പാകിസ്താൻ പൗരന്മാരോ, സ്ഥിരതാമസക്കാരോ ആണെങ്കിൽ ‘ഓൺ അറൈവൽ വിസ’ ലഭിക്കില്ല. ഇത്തരക്കാർ അബൂദബിയിലെ ഇന്ത്യൻ എംബസി വഴിയോ ദുബൈ ഇന്ത്യൻ കോൺസുലേറ്റ് വഴിയോ പേപ്പർ വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ.

ആദ്യ യാത്രക്കാർ: ഇന്ത്യയിലേക്ക് ആദ്യമായി യാത്രചെയ്യുന്ന യു.എ.ഇ പൗരൻമാർ ‘ഓൺ അറൈവൽ വിസ’ക്ക് പകരം ഇ-വിസക്ക് അപേക്ഷിക്കുന്നതാണ് അഭികാമ്യമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പിന്നീടുള്ള യാത്രകൾക്ക് ‘ഓൺ അറൈവൽ’ സൗകര്യം ഉപയോഗിക്കാവുന്നതാണ്.

മൂടൽ മഞ്ഞ് വില്ലനായി; യുഎഇയിൽ വ്യോമ​ഗതാ​ഗതം താറുമാറായി; നിരവധി വിമാനങ്ങൾ തിരിച്ചുവിട്ടു; മുന്നറിയിപ്പുമായി അധികൃതർ

ദുബായ്: കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ (DXB) പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. കാഴ്ചാപരിധി ഗണ്യമായി കുറഞ്ഞതോടെ വ്യാഴാഴ്ച രാവിലെ 9 മണിവരെ 19 ഇൻബൗണ്ട് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി അധികൃതർ അറിയിച്ചു.

ദുബായ് എയർപോർട്ട്‌സ് വക്താവ് ഈ വിവരം സ്ഥിരീകരിച്ചു. “വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് പ്രവർത്തന തടസ്സം നേരിടുന്നുണ്ട്. നിലവിൽ 19 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്,” വക്താവ് പറഞ്ഞു.

പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ട് കുറയ്ക്കാനുമായി എയർലൈനുകളുമായും എയർ ട്രാഫിക് കൺട്രോൾ അധികൃതരുമായും വിമാനത്താവള അധികൃതർ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.

വിമാനത്താവളത്തിലെ തടസ്സങ്ങൾ കാരണം യാത്രക്കാർക്ക് വിമാനങ്ങളിലും വിമാനത്താവളങ്ങളിലും കാലതാമസം നേരിട്ടു. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശം നൽകി. വർഷത്തിലെ ഈ സമയങ്ങളിൽ യുഎഇയിൽ മൂടൽമഞ്ഞ് കാരണം വിമാന സർവീസുകൾ തടസ്സപ്പെടുന്നത് പതിവാണ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കിയാണ് എല്ലാ നടപടികളും സ്വീകരിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/DfsJVtpVohVHb4aFdLbW46?mode=wwt

Comments

Leave a Reply

Your email address will not be published. Required fields are marked *