ഒറിജിനൽ റീൽസുകൾ ഇനി സുരക്ഷിതം! ആരും അടിച്ചുമാറ്റി വ്യൂ ഉണ്ടാക്കില്ല; വരുന്നു പുതിയ ടൂൾ

ഇൻസ്‌റ്റാഗ്രാം, ഫെയ്‌സ്‌ബുക്ക് ഉപയോക്താക്കൾക്ക്, പ്രത്യേകിച്ച് ഉള്ളടക്കം സൃഷ്ടിച്ച് പോസ്റ്റ് ചെയ്യുന്നവർക്ക്, സന്തോഷവാർത്തയുമായി മെറ്റാ (Meta) രംഗത്ത്. തങ്ങളുടെ ഒറിജിനൽ റീൽസുകൾ (Reels) മറ്റൊരാൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നത് തടയാനായി ഒരു പുതിയ കണ്ടന്റ് പ്രൊട്ടക്ഷൻ ടൂൾ കമ്പനി അവതരിപ്പിച്ചു. ഇന്റർനെറ്റിൽ ഉള്ളടക്കം സൃഷ്ടിച്ച് പോസ്‌റ്റ് ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ‘കോപ്പിറൈറ്റ് വയലേഷൻസ്’. ഒരുപാട് പ്രയത്‌നിച്ച് നിർമ്മിക്കുന്ന റീൽസുകൾ ഒറ്റ നിമിഷം കൊണ്ട് മറ്റൊരാൾ സ്വന്തം പേരിൽ പോസ്‌റ്റ് ചെയ്യുമ്പോൾ, യഥാർത്ഥ സ്രഷ്‌ടാവിന് അത് വലിയ നഷ്ടമാണ് ഉണ്ടാക്കുക. ഈ ഗുരുതരമായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം നൽകാനാണ് പുതിയ ടൂൾ ലക്ഷ്യമിടുന്നത്. ഈ സംവിധാനം ഉപയോഗിച്ച് ഒറിജിനൽ റീൽസുകൾക്ക് ഓട്ടോമാറ്റിക് സംരക്ഷണം നൽകാനും, ഫെയ്‌സ്‌ബുക്കിലും ഇൻസ്‌റ്റാഗ്രാമിലും അതിന്റെ കോപ്പികൾ കണ്ടെത്തി ആവശ്യമായ നടപടിയെടുക്കാനും സ്രഷ്ടാക്കൾക്ക് സാധിക്കും.

മെറ്റയുടെ പുതിയ റീൽസ് പ്രൊട്ടക്ഷൻ സംവിധാനത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്, കോപ്പിറൈറ്റ് സംരക്ഷണത്തിനായി ഉപയോഗിക്കുന്ന ‘റൈറ്റ്സ് മാനേജർ’ (Rights Manager) എന്ന സാങ്കേതികവിദ്യ തന്നെയാണ്. എന്നിരുന്നാലും, ഇത് റീൽസ് സ്രഷ്ടാക്കൾക്ക് മൊബൈൽ ആപ്ലിക്കേഷനിലൂടെ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്‌തതാണ്. നിലവിൽ, ഫെയ്‌സ്‌ബുക്ക് മൊബൈൽ ആപ്ലിക്കേഷനിലെ പ്രൊഫഷണൽ ഡാഷ്‌ബോർഡ് (Professional Dashboard) വഴിയാണ് ഈ ടൂളിലേക്കുള്ള പ്രവേശനം ലഭിക്കുക. ഈ ടൂളിൽ അംഗമാകാൻ (Enroll ചെയ്യാൻ) ഉപയോക്താവ് തങ്ങളുടെ പ്രൊഫൈൽ പേജിലെ പ്രൊഫഷണൽ ഡാഷ്‌ബോർഡ് തുറന്ന്, അവിടെ കാണുന്ന ‘കണ്ടന്റ് പ്രൊട്ടക്ഷൻ’ (റോൾ ഔട്ട് ആയി വരുന്നതേ ഉള്ളൂ) എന്ന വിഭാഗം തിരഞ്ഞെടുത്ത് നിർദ്ദേശങ്ങൾ പാലിച്ച് എൻറോൾ ചെയ്യണം. കണ്ടെന്റ് മോനെറ്റിസഷൻ പ്രോഗ്രാമിൽ ഉൾപ്പെട്ടതും, ഉള്ളടക്കത്തിൽ ‘ഒറിജിനാലിറ്റി’ മാനദണ്ഡങ്ങൾ പാലിക്കുന്നതുമായ സ്രഷ്‌ടാക്കൾക്ക് നിലവിൽ ഈ ഫീച്ചറിന് ഓട്ടോമാറ്റിക് പ്രവേശനം ലഭിക്കുന്നതാണ്.

പുതിയ ടൂളിൽ എൻറോൾ ചെയ്‌തുകഴിഞ്ഞാൽ, തുടർന്ന് പോസ്‌റ്റ് ചെയ്യുന്ന എല്ലാ ഒറിജിനൽ റീൽസുകൾക്കും സംരക്ഷണം ലഭിക്കും. റീൽസ് കോപ്പിയടിച്ച് മറ്റൊരാൾ പോസ്‌റ്റ് ചെയ്‌താൽ ഉടൻതന്നെ സ്രഷ്‌ടാവിന് അറിയിപ്പ് ലഭിക്കുന്നതാണ്. കോപ്പി കണ്ടെത്തിയാൽ, പ്രൊഫഷണൽ ഡാഷ്‌ബോർഡ് വഴി മൂന്ന് പ്രധാന കാര്യങ്ങൾ ചെയ്യാൻ സ്രഷ്ടാക്കൾക്ക് അവസരമുണ്ട്. ഒന്നാമതായി, കോപ്പിയടിച്ച റീൽസ് പ്ലാറ്റ്‌ഫോമിൽ തുടരാൻ അനുവദിക്കുകയും അതിന്റെ പ്രകടനം (കാഴ്‌ചകൾ, ലൈക്കുകൾ) ഡാഷ്‌ബോർഡിൽ ട്രാക്ക് ചെയ്യുകയുമാകാം. ചില പോസ്റ്റുകൾക്ക് ഒറിജിനൽ ലിങ്ക് ചേർക്കാൻ (Original by Attribution) ഇതിലൂടെ സാധിക്കും. രണ്ടാമത്തെ ഓപ്ഷൻ, കോപ്പിയടിച്ച റീൽസ് ഫെയ്‌സ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും കാണാതാക്കാൻ സഹായിക്കുന്ന ബ്ലോക്ക് ചെയ്യുക എന്നതാണ്. ഇത് കോപ്പിയിട്ട അക്കൗണ്ടിന് നേരെ നടപടിയെടുക്കുന്നില്ലെങ്കിലും, റീലിന്റെ പ്രചാരം കുറയ്ക്കും. മൂന്നാമതായി, ക്ലെയിം പിൻവലിച്ച് റീൽസ് പ്ലാറ്റ്‌ഫോമിൽ തുടരാൻ അനുവദിക്കുന്ന റിലീസ് ചെയ്യുക എന്ന ഓപ്ഷനും ഉണ്ട്. എന്നാൽ, ഉടമസ്ഥാവകാശമില്ലാത്ത ഉള്ളടക്കത്തിൽ തുടർച്ചയായി ക്ലെയിം ഉന്നയിക്കുന്നത് ടൂളിലേക്കുള്ള പ്രവേശനം നഷ്ടപ്പെടാൻ കാരണമായേക്കാം. റിയാക്ഷൻ വീഡിയോകളും, പല ക്ലിപ്പുകൾ ചേർത്തുള്ള കംപൈലേഷനുകളും സാധാരണയായി സംരക്ഷണത്തിന് യോഗ്യമാകില്ല.

Comments

Leave a Reply

Your email address will not be published. Required fields are marked *