താക്കോലോ പേഴ്സോ കളഞ്ഞുപോയോ? ടെൻഷൻ വേണ്ട; നഷ്ടപ്പെട്ടതെല്ലാം കണ്ടെത്തിത്തരും ഈ ആപ്പ്

നിങ്ങൾക്ക് താക്കോലോ പേഴ്സോ കളഞ്ഞുപോയാൽ വിഷമിക്കേണ്ട, അല്ലെങ്കിൽ നിങ്ങളുടെ വാഹനം പൊതുവഴിയിൽ മാർഗ്ഗതടസ്സമായി കിടക്കുകയാണെങ്കിൽ ഉടമയെ ഇനി നിമിഷങ്ങൾക്കകം കണ്ടെത്താം. ഇത്തരം സന്ദർഭങ്ങളിൽ സഹായിക്കുന്ന ‘റിംഗ്‌മീ എ.ഐ’ (RingMe AI) എന്ന നൂതന മൊബൈൽ ആപ്പും ക്യൂആർ സംവിധാനവും ശ്രദ്ധേയമാകുന്നു.

മലപ്പുറം ഇടപ്പാൾ സ്വദേശിയായ ദിലീപാണ് ‘വെക്സോലിക്സ്’ എന്ന സ്റ്റാർട്ടപ്പിലൂടെ ഈ സംവിധാനം വികസിപ്പിച്ചത്. സ്വന്തം മറവിശീലത്തിന് ഒരു പരിഹാരം തേടിയാണ് അദ്ദേഹം ഈ ആശയവുമായി മുന്നോട്ട് വന്നത്. നിലവിൽ 700-ഓളം ഉപയോക്താക്കൾ ഇതിനോടകം ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നുണ്ട്.

ആപ്പ് പ്രവർത്തിക്കുന്നത് ഇങ്ങനെ
പ്ലേസ്റ്റോറിൽ നിന്ന് ‘റിംഗ്‌മീ’ ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം, ഫോൺ നമ്പർ നൽകി അക്കൗണ്ട് സൃഷ്ടിക്കണം. ഈ അക്കൗണ്ടുമായി ബന്ധിപ്പിച്ച ക്യൂആർ കോഡ് ഡൗൺലോഡ് ചെയ്ത് വാഹനങ്ങളിലും, താക്കോൽ കൂട്ടങ്ങളിലും, പേഴ്സുകളിലും, വളർത്തുമൃഗങ്ങളുടെ കോളറുകളിലും ഒട്ടിക്കാം.

വാഹനം കണ്ടെത്താൻ: പൊതുനിരത്തിൽ വാഹനം മാർഗ്ഗതടസ്സമായി കിടക്കുമ്പോൾ, ആർക്കുവേണമെങ്കിലും ക്യൂആർ സ്കാൻ ചെയ്ത് ഉടമയുടെ മൊബൈലിലേക്ക് വിളിക്കാം.

നഷ്ടപ്പെട്ട വസ്തുക്കൾ: കളഞ്ഞുപോയ താക്കോൽ കൂട്ടമോ പേഴ്സോ ലഭിക്കുന്നയാൾക്ക് ക്യൂആർ സ്കാൻ ചെയ്ത് ഉടമയുമായി ബന്ധപ്പെടാം.

സ്വകാര്യത: വിളിക്കുന്നയാൾക്ക് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ട ആവശ്യമില്ല. ഉടമയുടെ ഫോൺ നമ്പർ നേരിട്ട് പങ്കുവെക്കേണ്ട കാര്യമില്ലാത്തതിനാൽ സ്വകാര്യതയും സംരക്ഷിക്കപ്പെടും.

ഭാവിയിൽ ഈ ആപ്പിൽ നിർമ്മിത ബുദ്ധിയുടെ (AI) സേവനങ്ങളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. മൊബൈൽ ഫോൺ ഒഴികെയുള്ള വസ്തുക്കളുടെ കാര്യത്തിൽ മാത്രമേ ഈ സൗകര്യം ഉപയോഗിക്കാനാവൂ.

കൂടുതൽ സവിശേഷതകൾ

ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ ആപ്പിലേക്ക് വോയിസ് കോളും വീഡിയോ കാളും ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. ആപ്പ് സൗജന്യമായി ഉപയോഗിക്കാം. ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വെക്സോലിക്സ് എന്ന സ്റ്റാർട്ടപ്പിന് സീഡ് ഫണ്ട് നൽകിയത് ആമസോൺ ഏറ്റെടുത്ത വാട്ട് എ സെയിൽ എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒ സുഭാഷ് ശശിധരക്കുറുപ്പാണ്. മെക്കാനിക്കൽ എൻജിനീയറായ ദിലീപിന് ഐ.ടി മേഖലയിൽ 12 വർഷത്തെ പ്രവർത്തിപരിചയമുണ്ട്.

DOWNLOAD NOW
ANDROID https://play.google.com/store/apps/details?id=com.ringmeonline.user&hl=en_IN
IPHONE https://apps.apple.com/in/app/ringme-ai/id6504397343

Comments

Leave a Reply

Your email address will not be published. Required fields are marked *